ദോഹ: നൃത്തംവെച്ചും അഭിവാദ്യംചെയ്തും സന്തോഷം പകർന്നുകൊണ്ട് യാത്രക്കാരെയും സ്കൂൾ വിദ്യാർഥികളെയും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ സുരക്ഷാജീവനക്കാർക്ക് അധികൃതരുടെ ആദരം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിലെ ട്രാഫിക് ബോധവത്കരണ വിഭാഗമാണ് ദഫ്നയിലെ ലെയ്സീ ബോണപാർട് സ്കൂളിന് സമീപം ഗതാഗതം നിയന്ത്രിച്ച സെക്യൂരിറ്റി ജീവനക്കാരെ ആദരിച്ചത്.
അബൂബകർ സഈദ് ബുയി, അബൂബക്കർ അലി മുഹമ്മദ് എന്നിവരായിരുന്നു കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും സന്തോഷം പകർന്ന് റോഡിലെ ഗതാഗതം നിയന്ത്രിച്ചത്. സ്കൂൾ വിട്ട സമയത്ത് കൈയിൽ സ്റ്റോപ് ബോർഡുമേന്തി തിരക്കേറിയ റോഡിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ദൃശ്യമാണ് വൈറലായത്.
നൃത്തം ചെയ്തും അഭിവാദ്യമർപ്പിച്ചും ആശംസകൾ നേർന്നുമായിരുന്നു ഇരുവരും ഗതാഗതം നിയന്ത്രിച്ചത്. ദൃശ്യം പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സുരക്ഷാജീവനക്കാർ താരമായി. നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്. മനസ്സിന് സന്തോഷവും ഉന്മേഷവും പകരുന്നതാണ് സുരക്ഷാജീവനക്കാരുടെ സമീപനമെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ട്രാഫിക് വിഭാഗം ഇവരെ ആദരിച്ചത്.
ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് റാദി അൽ ഹജ്രി, അസിസ്റ്റൻറ് ഡയറക്ടർ ലഫ്റ്റനൻറ് കേണൽ ജാബിർ മുഹമ്മദ് ഉദൈബ എന്നിവർ ഇരുവർക്കും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. ട്രാഫിക് ബോധവത്കരണ പരിപാടികളിൽ സജീവമായ അൻമർ അബ്ദുൽ ലതീഫ് അബ്ദുല്ല അൽ സായ്ദയെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.