ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച റെസ്യൂമെ ക്ലിനിക്കിൽ നൂറിലധികം പേർ പങ്കെടുത്തു. തൊഴിലന്വേഷകരെ അവരുടെ അക്കാദമിക് യോഗ്യതകളും പ്രഫഷനൽ വൈദഗ്ധ്യവും എല്ലാം നല്ല രീതിയിൽ ഏകോപിപ്പിച്ചുകൊണ്ട്, തൊഴിൽ ദാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലുള്ള ബയോഡാറ്റ എങ്ങനെ തയാറാക്കാം എന്നതായിരുന്നു രണ്ടു മണിക്കൂർ നീണ്ട ക്ലിനിക്കിന്റെ ഉദ്ദേശ്യം. എൻജിനീയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ് രംഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ടി. മുബാറക് മുഹമ്മദ് ക്ലാസ് നയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, നെറ്റ്വർക്കുകൾ വിപുലീകരിക്കുക, തൊഴിൽ വിപണിയിലെ മത്സരത്തിൽ മുന്നിലെത്തുക എന്നിവക്കുള്ള പ്രധാന ഉപകരണമായി മികച്ച നിലവാരമുള്ള ഒരു ബയോഡാറ്റാ എങ്ങനെ തയാറാക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗാർഥികൾക്കായി പങ്കുവെച്ചു. ഒരു ബയോഡാറ്റ വെറുമൊരു രേഖ എന്നതിനപ്പുറം, ഒരാളുടെ കഴിവുകളുടെയും പ്രഫഷനൽ വൈദഗ്ധ്യത്തിന്റെയും തികഞ്ഞ പ്രതിഫലനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ‘റെസ്യൂമെ ക്ലിനിക്ക്’ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്ററും ഐ.സി.ബി.എഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി സ്വാഗതവും എം.സി മെംബർ അബ്ദുൾ റൗഫ് നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ട്രഷറർ കുൽദീപ് കൗർ ബഹൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആധുനിക തൊഴിൽ വിപണിയിൽ വിജയിക്കാൻ ആവശ്യമായ അറിവും, വൈദഗ്ധ്യവും സമ്മേളിപ്പിച്ച്, തൊഴിലന്വേഷകരെ സജ്ജരാക്കുന്നതിലൂടെ, അംഗങ്ങളുടെ പ്രഫഷനൽ വളർച്ചക്കും വിജയത്തിനുമുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധതയുടെ കൂടി തെളിവായി ഈ റെസ്യൂമെ ക്ലിനിക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.