ദോഹ: കണ്ണിമ ചിമ്മാതെ, നെഞ്ചുലക്കുന്ന ആകാംക്ഷയോടെ കണ്ടുതീർത്ത ലോകകപ്പ് ഫുട്ബാളിന്റെ സുവർണ നിമിഷങ്ങളിലൂടെ വീണ്ടുമൊരിക്കൽക്കൂടി ആരാധകർക്ക് സഞ്ചരിക്കാൻ വഴിയൊരുക്കി ലോകകപ്പ് സിനിമ ആരാധകരിലേക്ക്. ‘റിട്ടൺ ഇൻ ദ സ്റ്റാർസ്’ എന്ന പേരിൽ ഫീച്ചർ ഡോക്യുമെന്ററി ഇനിമുതൽ ഫിഫ പ്ലസിൽ ലഭ്യമാകും.
ഒരു മണിക്കൂറും 34 മിനിറ്റും ആറു സെക്കൻഡും ദൈർഘ്യമുള്ള ഡോക്യുമെന്ററി മിഡിലീസ്റ്റ് വേദിയായ ആദ്യ ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ തിരശ്ശീലയിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുമെന്ന് സിനിമക്ക് ശബ്ദം നൽകിയ വെൽഷ് നടനും ഫുട്ബാൾ ആരാധകനുമായ മൈക്കൽ ഷീൻ പറയുന്നു. ടൂർണമെന്റിൽ പിറന്ന 172 ഗോളുകൾ മുതൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി കാഴ്ചക്കാരായ 500 കോടി ജനങ്ങൾ വരെ നീണ്ടു നിൽക്കുന്ന കളിയാവേശം പകർത്തപ്പെട്ട ചലച്ചിത്ര നിമിഷങൾ.
സ്റ്റേഡിയങ്ങൾക്കുള്ളിൽ മാത്രം ലോകകപ്പ് ആസ്വദിച്ചത് 34 ലക്ഷം ആരാധകരാണ് (2018ൽ ഇത് കേവലം മൂന്നു ദശലക്ഷം മാത്രമായിരുന്നു). 1998ലും 2014ലും സ്ഥാപിച്ച 171 ഗോളുകളെന്ന റെക്കോഡും ഖത്തറിൽ 172 ഗോളുകൾ നേടിയതോടെ ഇല്ലാതായി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ലോകകപ്പ് എന്ന റെക്കോഡ് ഖത്തറിന് സ്വന്തമായി. കാഴ്ചക്കാരെ വിവിധ മത്സരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഡോക്യുമെന്ററിയിൽ മുമ്പ് കാണാത്ത വശങ്ങളിൽനിന്നുള്ള കാമറ ഷോട്ടുകളും കാണിക്കുന്നുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള ആരാധകരുടെ വീക്ഷണകോണുകളിലൂടെ ടൂർണമെന്റിന്റെ ആഗോള ആകർഷണവും ചിത്രത്തിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട അർജന്റീനയുടെ ലയണൽ മെസ്സി ഉൾപ്പെടെ 32 ടീമുകളുടെ താരങ്ങളെഴുതിയ കഥയാണ് റിട്ടൺ ഒൺ ദ സ്റ്റാർസ് എന്നും ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ലയണൽ മെസ്സിയും ഇടം നേടിയതായും ഫിഫ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.