തൊഴിൽ വിസക്കാരുടെ മടക്കം; ഡി.ജി.സി.എ സർക്കുലർ ഇറങ്ങാത്തത് പ്രവാസികളെ കുഴക്കുന്നു

കുവൈത്ത് സിറ്റി: ആറുമാസത്തിൽ കൂടുതൽ കുവൈത്തിനുപുറത്തു കഴിയുന്ന വിസനിലവിലുള്ള പതിനെട്ടാം നമ്പർ ഇഖാമയിലുള്ളവർക്ക് തിരിച്ചെത്താൻ ഒക്ടോബർ 31വരെ സമയം നൽകിയിട്ടുണ്ടെങ്കിലും ഡി.ജി.സി.എ സർക്കുലർ കിട്ടാത്തത് എയർലൈൻസ് കമ്പനികളെ കുഴക്കുന്നു. ഇതോടെ ഇത്തരം ചില യാത്രക്കാരെ വിമാനത്താവളത്തിൽനിന്ന് എയർലൈൻസ് കമ്പനികൾ മടക്കിയയക്കുകയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ഇത്തരത്തിൽ മടക്കിയയച്ചു. എന്നാൽ, ഇരുവരും ഈ വിഷയത്തിൽ കുവൈത്ത് വരുത്തിയ ഭേദഗതി ചൂണ്ടിക്കാണിക്കുകയും യാത്രക്ക് അനുവദിക്കാത്തത് ചോദ്യം ചെയ്യുകയും പരാതി നൽകുകയും ചെയ്തു. ഇതോടെ ഇരുവർക്കും ദിവസങ്ങൾക്ക് ശേഷമുള്ള യാത്രക്ക് വീണ്ടും ടിക്കറ്റ് നൽകിയിരിക്കുകയാണ്.

അതേസമയം, ഇത്തരത്തിൽ നിരവധിപേരെ എയർലൈൻസ് കമ്പനികൾ മടക്കിയയക്കുന്നതായി പ്രവാസികൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഡി.ജി.സി.എ സർക്കുലർ കിട്ടാത്തതാണ് പ്രശ്നത്തിന് കാരണമെന്നും എല്ലാവരുടെയും യാത്രാരേഖകൾ പ്രത്യേകം പരിശോധിച്ചാണ് കയറ്റിവിടുന്നതെന്നും ആറുമാസം കഴിഞ്ഞവരുടെ പെർമിറ്റ് റദ്ദാകുന്നതിനാലാണ് യാത്രക്ക് അനുവദിക്കാത്തതെന്നുമാണ് എയർലൈൻസുകളുടെ വാദം. ഇത്തരക്കാർ നേരത്തെയെത്തി അക്കാര്യം പരിശോധിക്കണമെന്നും എയർലൈൻസുകാർ ആവശ്യപ്പെടുന്നു.

എന്നാൽ, പതിനെട്ടാം നമ്പർ ഇഖാമയിലുള്ള വിദേശികൾക്ക് ഒക്ടോബർ 31 വരെ കുവൈത്തിലേക്ക് തിരിച്ചുവരാം എന്ന കാര്യത്തിൽ എയർലൈൻസുകാരുടെ അജ്ഞതയാണ് പ്രശ്നങ്ങൾക്കു കാരണമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇന്ത്യൻ എംബസി അടക്കം ഇടപെട്ട് വ്യക്തത വരുത്തണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

കുവൈത്ത് റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനുപുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ, കോവിഡ് കാരണം പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. തുടർന്നു ആറുമാസത്തിൽ കൂടുതൽ കുവൈത്തിനുപുറത്തു കഴിയുന്ന വിദേശികൾക്ക് ഒക്ടോബർ 31 വരെ മടങ്ങിയെത്തണമെന്ന് താമസകാര്യ വകുപ്പ് ഉത്തരവിറക്കി. 2022 മേയ് ഒന്നുമുതലാണ് ആറുമാസം കണക്കാക്കിയത്. മേയ് ഒന്നിനുമുമ്പ് കുവൈത്തിൽനിന്ന് പോയവർക്കും ഇതേ കാലയളവ് തന്നെയാണ് ബാധകം. ഇഖാമ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31നുള്ളിൽ ഇവർക്കും തിരികെ വരാം.

കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമായിരുന്നു ബാധകമാക്കിയത്. തൊഴിൽ വിസക്കാർക്ക് മടങ്ങിയെത്താൻ ഒക്ടോബർ 31 വരെ സമയമുണ്ട്. അതേസമയം, ഇത്തരക്കാർ ഒക്ടോബർ 31നുള്ളിൽ കുവൈത്തിൽ എൻട്രി ആയില്ലെങ്കിൽ താമസകാര്യ വിഭാഗത്തിന്റെ സിസ്റ്റത്തിൽനിന്ന് റെസിഡൻസി പെർമിറ്റ് സ്വമേധയ കാൻസലാകും.

Tags:    
News Summary - return of work visas; Non release of DCGA circular confuses expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.