ദോഹ: യുദ്ധദുരന്തം പേറുന്ന റഷ്യൻ, യുക്രെയ്ൻ കുടുംബങ്ങൾക്ക് പുതുജീവിതത്തിലേക്ക് വെളിച്ചമേകാൻ ഖത്തറിന്റെ കരുതൽ. രണ്ടു വർഷത്തിലേറെയായ യുദ്ധത്തെ തുടർന്ന് മാനസിക, ശാരീരിക ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘമാണ് ചികിത്സക്കും ഉല്ലാസത്തിനുമായി ഖത്തറിലെത്തിയത്. 20 കുടുംബങ്ങളിലായി 37 കുട്ടികളും സംഘത്തിലുണ്ട്. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ‘ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമി’ന്റെ ഭാഗമായാണ് യുക്രെയ്ൻ, റഷ്യൻ കുടുംബങ്ങളെ ഖത്തറിലെത്തിച്ചത്.
യുദ്ധത്തെ തുടർന്ന് റഷ്യയിൽ കുടുങ്ങിയ നിരവധി യുക്രെയ്ൻ കുട്ടികളുടെ മോചനത്തിനും, അവരുടെ കുടുംബത്തിലേക്കുള്ള തിരിച്ചുവരവിനും മാധ്യസ്ഥ ദൗത്യം വഹിച്ചതിന്റെ തുടർച്ചയായാണ് ഈ പദ്ധതിയും. യുദ്ധത്തെ തുടർന്ന്, മാനസികവും, ശാരീരികവുമായി പ്രയാസമനുഭവിക്കുന്നവർക്ക് ചികിത്സയും സാമൂഹിക പിന്തുണയും പകരുകയാണ് ഈ പദ്ധതി. ഏപ്രിൽ 18ന് ദോഹയിലെത്തിയ കുടുംബങ്ങൾ 27 വരെ തുടരും. ഇതിനിടെ അധികൃതരുടെ നേതൃത്വത്തിൽ വിവിധ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട്, ഭയചകിതരായി ദുരിതം പേറുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഖത്തറിലേക്കുള്ള യാത്രയൊരുക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുക എന്നതിനൊപ്പം , ആരോഗ്യകരമായ തിരിച്ചുവരവിനുള്ള പിന്തുണ നൽകുകയുമാണ് ലക്ഷ്യം. റഷ്യയുടെയും യുക്രെയ്ന്റെയും പിന്തുണയോടെയാണ് പദ്ധതിക്ക് ഖത്തർ തുടക്കം കുറിക്കുന്നത്. ഹമദ് വിമാനത്താവളത്തിലെത്തിയ സംഘത്തിന് അധികൃതരുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.