ദോഹ: ഖത്തറിന്റെ വടക്കേ അറ്റത്തെ റുവൈസ് തുറമുഖം വളർച്ചയുടെ പാതയിൽ. കഴിഞ്ഞ നാല് വർഷത്തിനിടെ തുറമുഖത്ത് കൈകാര്യം ചെയ്ത കാർഗോ അളവിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ തുറമുഖത്തെ കണ്ടെയ്നർ ഗതാഗതത്തിൽ 72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2018ൽ 25,002 കണ്ടെയ്നർ മാത്രമായിരുന്നു തുറമുഖത്ത് കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2021 ൽ കണ്ടെയ്നറുകളുടെ എണ്ണം 43228 ആയി വർധിച്ച് 72 ശതമാനം വർധന രേഖപ്പെടുത്തിയതായി മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജനറൽ കാർഗോക്കൊപ്പം ഭക്ഷ്യവസ്തുക്കൾ, മറ്റു ചരക്കുകൾ എന്നിവയും അധികമായി റുവൈസ് തുറമുഖത്തെത്തുന്നുണ്ട്. ജനറൽ കാർഗോ കപ്പലുകൾ, പായ്ക്കപ്പലുകൾ, ലാൻഡിങ് ക്രാഫ്റ്റുകൾ എന്നിവയുൾപ്പെടെ തുറമുഖത്തെത്തിയത് 1605 കപ്പലുകളാണ്. ഇതു കൂടാതെ 2,84,289 കന്നുകാലികളും തുറമുഖത്തെത്തി. 2020 വർഷത്തേക്കാൾ 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മവാനി ഖത്തറിന്റെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2021 അവസാനിക്കുമ്പോൾ ജനറൽ കാർഗോ വിഭാഗത്തിൽ ആ വർഷത്തിൽ 63,770 ടൺ ആണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുറമുഖത്തെത്തിയ നിർമാണ വസ്തുക്കളുടെ അളവിലും 51 ശതമാനം വർധന (538713 ടൺ) രേഖപ്പെടുത്തി. റുവൈസ് തുറമുഖത്ത് കണ്ടെയ്നർ ഗതാഗതം വർധിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലേക്ക് തുറമുഖത്ത് നിന്നുള്ള സംഭാവനയും വർധിച്ചതായും ഖത്തർ ജി.ഡി.പിയിൽ ഇത് നിർണായകമാകുമെന്നും മവാനി ഖത്തർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം റുവൈസ് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനപദ്ധതി ഈ വർഷം രണ്ടാം പകുതിയോടെ പൂർത്തിയാകും. ഗതാഗത മന്ത്രാലയത്തിന്റെയും മവാനി ഖത്തറിന്റെയും പിന്തുണയോടെയാണ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.Ruwais port to grow
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.