രാജ്യത്തെത്തുന്ന കോവിഡ്-19 വാക്സിൻ തുടക്കം മുതൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നടപടികളും പാലിച്ചാണ് സൂക്ഷിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഡ്രഗ് സപ്ലൈ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. നൂറ അൽ ഉബൈദാൻ പറഞ്ഞു.ഫൈസർ-ബയോൻടെക്, മൊഡേണ വാക്സിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഖത്തറിലുണ്ടെന്നും എച്ച്.എം.സി വാർത്താക്കുറിപ്പിൽ വ്യക്തത വരുത്തി.
പുറത്തുനിന്നും വാക്സിനുകൾ സ്വീകരിക്കുന്നത് മുതൽ സംഭരണ കേന്ദ്രത്തിലേക്കുള്ള ഗതാഗതം, ഹെൽത്ത് സെൻററുകളിലേക്കുള്ള വിതരണം എന്നീ നടപടികളിലും തുടർന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. വാക്സിൻ പൊതുജനങ്ങളിലേക്ക് എത്തുന്നതുവരെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും ഡോ. നൂറ അൽ ഉബൈദാൻ വ്യക്തമാക്കി.
വാക്സിൻ സ്വീകരിക്കുന്നതിലും പിന്നീട് വിതരണം ചെയ്യുന്നതിലും നിരവധി സുരക്ഷാ മുൻകരുതലുകളാണ് നടപ്പാക്കുന്നത്. ഈ മേഖലയിൽ ഏറെ പരിചയ സമ്പത്തുള്ളവരെയും വൈദഗ്ധ്യം നേടിയവരെയുമാണ് ഇതിെൻറ ചുമതലയും ഉത്തരവാദിത്തവും ഏൽപിച്ചിരിക്കുന്നത്. രണ്ട് വാക്സിനുകൾക്കും വ്യത്യസ്തമായ സംഭരണ വ്യവസ്ഥകളാണുള്ളത്.
ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രിയിലാണ് സൂക്ഷിച്ചുവെക്കുന്നത്. എന്നാൽ, മൊഡേണ വാക്സിൻ മൈനസ് 20 ഡിഗ്രിയിലാണ് സൂക്ഷിക്കുന്നത്. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത വാക്സിനുകളിൽ ഏറ്റവും മികച്ചവയാണിവ. ഇവ തമ്മിൽ വ്യത്യാസമില്ല. ആദ്യ ഡോസ് എടുത്തതിനുശേഷം ആരോഗ്യ വിദഗ്ധർ നൽകുന്ന സമയത്തുതന്നെ രണ്ടാം ഡോസ് എടുക്കുന്നതിലൂടെ മാത്രമേ പൂർണഫലം ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.