ദോഹ: ഉപ്പുമുതൽ കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും സ്വയംപര്യാപ്തത നേടുകയാണ് ഖത്തറിന്റെ ലക്ഷ്യം. പാലിന് ക്ഷാമം നേരിടുമെന്ന് തോന്നിയ ഘട്ടത്തിൽ വിമാനത്തിൽ പശുക്കളെ കൊണ്ടുവന്ന ‘സാഹസം’ ലോകം അഭിനന്ദിച്ചതാണ്. 100 കോടി റിയാൽ ചെലവിൽ ഖത്തർ പുതിയ ഉപ്പുനിർമാണ കേന്ദ്രം നിർമിക്കാൻ ഒരുങ്ങുന്നതാണ് പുതിയ വാർത്ത.
ഖത്തർ എനർജിയുടെ തൗതീൻ തദ്ദേശവത്കരണ പരിപാടിയുടെ ഭാഗമായി നിർമിക്കുന്ന പ്ലാൻറ് പ്രാദേശിക വിപണിയിലെ ആവശ്യത്തിന് പുറമെ കയറ്റുമതി കൂടിയാണ് ലക്ഷ്യമിടുന്നത്. മെസായിദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനി, ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനി, മറ്റ് തന്ത്രപ്രധാന പങ്കാളികൾ എന്നിവരുമായി ചേർന്ന് ഖത്തറിലെ ഉമ്മു അൽഹൂൽ പ്രദേശത്താണ് ഖത്തർ എനർജി പ്ലാൻറ് നിർമിക്കാൻ ഒരുങ്ങുന്നത്.
പ്രതിവർഷം പെട്രോകെമിക്കൽ വ്യവസായത്തിന് ആവശ്യമായ വ്യാവസായിക ലവണങ്ങളും ബ്രോമിൻ, പൊട്ടാസ്യം ക്ലോറൈഡുകൾ, ധാതുരഹിത ജലം എന്നിവയും പ്ലാൻറിൽ ഉൽപാദിപ്പിക്കും. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്കും സഹായകമാണ് പദ്ധതി. പത്തുലക്ഷം ടൺ ആണ് ഉൽപാദന ശേഷി. ഖത്തറിെൻറ ‘വിഷൻ 2030’ സമഗ്ര വികസന പദ്ധതിയിലെ നിർണായക നാഴികക്കല്ലാണ് പ്ലാൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.