ഗൾഫ് മാധ്യമം’ ദോഹ ലൈവിലേക്ക് ഉൾപ്പെടെ സൃഷ്ടികൾ ക്ഷണിക്കുന്നു.
qatar@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
അറബികൾക്ക് ഫാൽക്കൺ പക്ഷിയോടും കുതിരയോടുമെല്ലാമുള്ള പ്രിയം ഏറെ പ്രശസ്തമാണ്. പ്രിയപ്പെട്ടവരെപ്പോലെ വളർത്തുന്ന ഫാൽക്കൺ പക്ഷികൾക്കും മുന്തിയ ഇനം കുതിരകൾക്കുമായി കോടികൾ എറിയുന്നത് പതിവുമാണ്. അതേപോലെ അവരുടെ ജീവിതത്തിലെ മറ്റൊരു ഇഷ്ടമാണ് മരുഭൂമിയിലെ മിന്നൽവേഗക്കാരനായ സലൂഖി വേട്ടനായ്ക്കൾ. ഫാൽക്കൺ പക്ഷിക്കൊപ്പം മരുഭൂമിയിലേക്ക് വേട്ടക്കിറങ്ങുമ്പോൾ പൂണ്ടിറങ്ങുന്ന മണലിൽ ഇരക്കു പിന്നാലെ കുതിച്ചുപായാൻ ശേഷിയുള്ള സലൂഖി വേട്ടനായ്ക്കളുടെ ഒരു വേറിട്ട മത്സരത്തിനായിരുന്നു കഴിഞ്ഞയാഴ്ച ഖത്തർ വേദിയായത്. ഖത്തരി അൽ ഖന്നാസ് സൊസൈറ്റി സംഘടിപ്പിച്ച സലൂഖി ചാമ്പ്യൻഷിപ്.
രാജകീയമായി പോറ്റിവളർത്തുന്ന സലൂഖി നായ്ക്കളുടെ കരുത്തും വേഗവും മാറ്റുരക്കുന്ന ഈ പോരാട്ടം എല്ലാ വർഷങ്ങളിലുമായി നടക്കുന്ന ഒരു കലണ്ടർ ചാമ്പ്യൻഷിപ്പുകൂടിയാണ്. മാർച്ച് രണ്ടു മുതൽ ഒമ്പതു വരെ സീലൈനിലെ സബ്ഖത് മർമിയിലായിരുന്നു മത്സരം നടന്നത്. 14ാമത് ചാമ്പ്യൻഷിപ്പിൽ ഖത്തറിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും സലൂഖി നായ്ക്കളുമായി നിരവധി പേരാണ് എത്തിയത്.
അറബ് ജീവിതത്തിൽ നൂറ്റാണ്ടുകളോളംതന്നെ പഴക്കമുണ്ട് സലൂഖി നായ്ക്കളുമായി അവരുടെ ബന്ധത്തിന്. പണ്ടുകാലങ്ങളിൽ നാടോടികളായി മരുഭൂമികളിലൂടെ നീങ്ങുന്ന സംഘങ്ങൾക്ക് വഴികാട്ടിയും അനന്തമായ യാത്രയിലെ സഹചാരിയുമെല്ലാം ഇത്തരത്തിലുള്ള വേട്ടനായ്ക്കളായിരുന്നു.
ആഴത്തിലുള്ള നെഞ്ചും നീണ്ട കാലുകളുമായി മരുഭൂമിയിലൂടെ കുതിക്കുമ്പോൾ അവന് മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കുമാകില്ലെന്നാണ് പറയുന്നത്. ഫാൽക്കൺ പക്ഷികളുമായി പുറപ്പെടുന്ന അറബികളുടെ വേട്ടസംഘത്തിൽ സലൂഖി നായ്ക്കൾക്കും കാര്യമായ ഇടമുണ്ട്.
രാജകീയ വേട്ടനായ എന്നും സലൂഖിയെ വിശേഷിപ്പിക്കുന്നു. മികച്ച പരിശീലനത്തിലൂടെയാണ് ഇവയെ വേട്ടകളിലെ കൂട്ടുകാരനാക്കി മെരുക്കിയെടുക്കുന്നത്.
ഇങ്ങനെ സജ്ജമാക്കിയെടുക്കുന്നവയുടെ കരുത്തും വേഗവും അളക്കാനുള്ള പോരാട്ടമായാണ് അൽ ഖന്നാസ് സൊസൈറ്റി എല്ലാ വർഷങ്ങളിലുമായി സംഘടിപ്പിക്കുന്ന സലൂഖി ചാമ്പ്യൻഷിപ്.
വിവിധ റൗണ്ടുകളിലായി നടക്കുന്ന പോരാട്ടത്തിനൊടുവിലാണ് മത്സരം ഫൈനൽ റൗണ്ടിലെത്തുന്നത്. ഓരോ റൗണ്ടിൽനിന്നും യോഗ്യത നേടുന്ന അഞ്ചു പേർ വീതമായിരുന്നു ഫൈനലിൽ മാറ്റുരക്കാനിറങ്ങിയത്. അങ്ങനെ 15 പേർ അണിനിരന്ന് കുതിച്ചു പാഞ്ഞപ്പോൾ ഒളിമ്പിക്സ് ട്രാക്കിലെ ഉസൈൻ ബോൾട്ടും യൊഹാൻ േബ്ലക്കുമെല്ലാം കുതിക്കുന്നപോലെയായി. അൽപം ദൂരെയായി മുന്നിലായി നീങ്ങിയ കാറിനെ പിന്തുടർന്ന്, മണൽ ട്രാക്കിലായിരുന്നു വേട്ടനായ്ക്കളുടെ കുതിപ്പ്. രണ്ടു കിലോമീറ്റർ ദൂരം ഒരു സ്പ്രിന്റ് റൺ പോലെ അവർ ഓടിയപ്പോൾ ഇരു വശങ്ങളിലുമായി കാറുകളിൽ ഉടമകളും പരിശീലകരും ഒപ്പമോടി. കുമ്മായവരയിട്ട സ്റ്റാർട്ടിങ് പോയന്റും ഇരു വശങ്ങളിലുമായി വേലിയിട്ട ട്രാക്കുമെല്ലാമായി സജ്ജമാക്കിയ വേദിയിലാണ് മത്സരം നടന്നത്. ഒടുവിൽ ആദ്യ അഞ്ചു സ്ഥാനക്കാർ വിജയികളായി. വിജയികൾക്ക് കാറുകളും വൻ തുകയുമാണ് സമ്മാനമായി നൽകുന്നത്. ഇത്തവണ ആദ്യ നാലു സ്ഥാനവും നാസർ ഉബൈദ് അൽ കത്ബിയുടെ സലൂഖികൾ സ്വന്തമാക്കി.
സ്വർണം, വെള്ളി, വെങ്കലം നിറങ്ങളിലെ സലൂഖി നായ്ക്കളുടെ മാതൃകയിലുള്ള ട്രോഫികൾ സമ്മാനിച്ചാണ് വിജയികളായ നായ്ക്കളെയും അവരുടെ ഉടമസ്ഥരെയും വരവേൽക്കുന്നത്.
സലൂഖി വേട്ടനായ്ക്കളുടെ ഓട്ടമത്സരം
വിജയികളും അവരുടെ ഉടമസ്ഥരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.