ദോഹ: സംസ്കൃതി ഖത്തർ കേന്ദ്രസമ്മേളനം ദോഹയിൽ സമാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും മാനവികതയുടെ ശബ്ദങ്ങൾ കൂടുതൽ ഉയർന്നു കേൾക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും, മാനവികതയുടെ ആശയ പ്രചാരണങ്ങളെ ഫലപ്രദമായി ഉയർത്തിക്കൊണ്ട് വർഗീയതയെ നാം ചെറുക്കണമെന്നും പറഞ്ഞു. ഖത്തറിലെ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ കാൽ നൂറ്റാണ്ടുകൾ പിന്നിടുന്ന സംസ്കൃതിയുടെ സജീവ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സ്വരാജ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഹ്മദ് കുട്ടി ആറളയിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഒരു വർഷം നീളുന്ന സംസ്കൃതി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ എം. സ്വരാജ് പ്രകാശനം ചെയ്തു.
ഖത്തറിലെ വിവിധ 11 യൂനിറ്റുകളിൽനിന്നുള്ള 400ഓളം അംഗങ്ങൾ സമ്മേളനത്തിൽ പ്രതിനിധികളായിരുന്നു. പിറന്ന മണ്ണിനായി പൊരുതുന്ന ഫലസ്തീൻ ജനതക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഖത്തർ ചാരിറ്റി മൽഖാ റൂഹി ചികിത്സാ ധനസമാഹരണത്തിനായുള്ള സജീവമായ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജനറൽ സെക്രട്ടറി ജലീൽ കാവിൽ അഭ്യർഥിച്ചു. ജലീൽ കാവിൽ റിപ്പോർട്ടും, ട്രഷറർ ശിവാനന്ദൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പുതുതായി 80 അംഗ കേന്ദ്രകമ്മിറ്റിയും സംസ്കൃതി സ്ഥാപക നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായും സമ്മേളനം തിരഞ്ഞെടുത്തു.
ഭാരവാഹികൾ: സാബിത്ത് സഹീർ (പ്രസി.), ഷംസീർ അരികുളം (ജന. സെക്ര.), അപ്പു കവിണിശ്ശേരിൽ (ട്രഷ.). വൈസ് പ്രസിഡന്റുമാർ: ശിഹാബ് തൂണേരി, നിധിൻ എസ്.ജി, സുനീതി സുനിൽ. സെക്രട്ടറിമാർ: ബിജു പി. മംഗലം, അബ്ദുൽ അസീസ്, അർച്ചന ഓമനക്കുട്ടൻ. നിതിൻ അനുശോചന പ്രമേയവും, സാൾട്സ് സാമുവൽ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.