ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാകുമെന്ന് സൗദി മന്ത്രി

ദോഹ: അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും മികച്ചതാകുമെന്ന് സൗദി വാർത്തവിനിമയ, ഐ.ടി മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ. ലോകകപ്പ് ഉദ്ഘാടന മത്സര വേദിയായ അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയം സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സൗകര്യങ്ങളും അൽ ബെയ്ത് പോലെയുള്ള സ്റ്റേഡിയങ്ങളും മനം കുളിർപ്പിക്കുന്നതാണെന്നും ഗൾഫ് മേഖലക്കും അറബ് ജനതക്കും അഭിമാനമാണ് ഖത്തർ ലോകകപ്പെന്നും അൽ സവാഹ പറഞ്ഞു.

ലോകകപ്പ് ഫുട്ബാളിന്റെ ഏറ്റവും മികച്ച പതിപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഖത്തർ ലോകകപ്പ് എല്ലാവർക്കും മികച്ച അനുഭവമായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും സൗദി വാർത്തവിനിമയ മന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ വാർത്തവിനിമയ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഈ, സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ എൻജി. യാസിർ അബ്ദുല്ല അൽ ജമാൽ, ഖത്തറിലെ സൗദി സ്ഥാനപതി മൻസൂർ ബിൻ ഖാലിദ് ഫർഹാൻ അൽ സഈദ് രാജകുമാരൻ എന്നിവരും സൗദി മന്ത്രിയെ അൽബെയ്ത് സ്റ്റേഡിയത്തിൽ അനുഗമിച്ചിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഗതാഗത ശൃംഖലയുടെ സുഗമമായ വിന്യാസത്തിനുമുൾപ്പെടെ ലോകകപ്പിന് ഉപയോഗിക്കുന്ന സ്റ്റേഡിയത്തിലെ നിരവധി സ്മാർട്ട് ഡിജിറ്റൽ സാങ്കേതികവിദ്യകളും സംവിധാനങ്ങളും സന്ദർശനത്തിനിടെ സൗദി മന്ത്രിക്ക് അധികൃതർ വിശദീകരിച്ചു നൽകി.

Tags:    
News Summary - Saudi minister says that Qatar World Cup will be the best

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.