ദോഹ: ഇന്നുകാണുന്ന ബഹളങ്ങളും തിരക്കുമില്ലാതെ നിശ്ശബ്ദമായൊരു ദോഹ നഗരത്തിലേക്കായിരുന്നു തിരുവല്ലക്കാരൻ വർഗീസ് വർഗീസ് എന്ന 23കാരൻ 1980 നവംബർ ഒന്നിന് വിമാനമിറങ്ങിയത്. തിരുവല്ല മാർത്തോമ്മാ കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കഴിഞ്ഞ് സ്വപ്നങ്ങളുടെ പറുദീസയിലേക്ക് പറന്നിറങ്ങിയവൻ ഇന്ന് 40 വർഷത്തിനുശേഷം മടക്കയാത്രക്കുള്ള ഒരുക്കത്തിലാണ്. ജീവിതത്തിൽ ഓർക്കാൻ ഇമ്പമുള്ള സൗഹൃദങ്ങളും സ്നേഹങ്ങളും ജീവതമാർഗവും തന്നുവളർത്തിയ ഖത്തർ എന്ന രാജ്യത്തോട് വിടപറഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങുേമ്പാൾ, കൂടെ 30 വർഷത്തെ ഖത്തർ പ്രവാസം മതിയാക്കി മടങ്ങുന്ന പ്രിയപത്നി വത്സമ്മ വർഗീസുമുണ്ട്.
ദോഹ ഇൻറർനാഷനൽ എയർപോർട്ടിൽ ഖത്തർ നാഷനൽ ട്രാവൽസിന് കീഴിൽ ഫ്രൈറ്റ് ഓഫിസറായിട്ടായിരുന്നു തുടക്കം.ഖത്തർ എയർവേസിൽ സേഫ്റ്റി ഓഫിസറായി റിട്ടയർ ചെയ്താണ് 40 വർഷത്തെ ഖത്തർ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടക്കം. 1991ലായിരുന്നു വത്സമ്മ വർഗീസിൻെറ പ്രവാസത്തിൻെറ തുടക്കം. നഴ്സായിരുന്ന വത്സമ്മ, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നീണ്ടകാല സേവനത്തിനുശേഷമാണ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നത്. ഇക്കാലയളവിൽ ഇരുവരും ദോഹയിലെ മലയാളി സമൂഹത്തിൻെറ സാമൂഹിക-സാംസ്കാരിക-ആത്മീയ രംഗത്തെ നിറസാന്നിധ്യമായി മാറി.
1992ല്‍ രൂപംകൊണ്ട തിരുവല്ല മാര്‍ത്തോമ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു വർഗീസ്. പിന്നീട്, സംഘടനയുടെ വിവിധ പദവികൾ വഹിച്ച് ഈ കൂട്ടായ്മയെ മലയാളിസമൂഹത്തിനിടയിലെ ശ്രദ്ധേയ സംഘമാക്കി മാറി. ഖത്തറിൽ ആദ്യമായി ഓണാഘോഷം സംഘടിപ്പിച്ചും അലുമ്നി അസോസിയേഷൻ രൂപവത്കരണത്തിൻെറ സില്‍വർ ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും സ്കൂൾ വിദ്യാർഥികൾക്കുമായി ടോസ്റ്റ്മാസ്റ്റേഴ്സ് സ്പീച്ച് ക്രാഫ്റ്റ് പ്രോഗ്രാമും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് നേതൃപരമായ പങ്കുവഹിച്ചു.
കൂടുതൽ സംഘടനകളുടെ നേതൃത്വത്തിലെത്തുന്നതിന് പകരം, ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുകയായിരുന്നു വർഗീസിൻെറ തത്ത്വം. അതുകൊണ്ടുതന്നെ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ട) നേതൃപദവി തേടിയെത്തിയെങ്കിലും ഏറ്റെടുക്കാൻ തയാറായില്ല. എങ്കിലും ഫോട്ടയുടെ രൂപവത്കരണം മുതൽ സജീവ സാന്നിധ്യമായി കൂട്ടായ്മക്കൊപ്പമുണ്ടായിരുന്നു. ദോഹ മാര്‍ത്തോമ ഇടവകയിലെ വിവിധ മേഖലയിൽ നേതൃപരമായ പങ്കും നിർവഹിച്ചു.
ഖത്തരികളും പല ദേശക്കാരായ സുഹൃത്തുക്കളും ഉൾപ്പെടുന്ന വിശാല സൗഹൃദത്തിനിടയിൽനിന്നാണ് തെൻറ മടക്കമെന്ന് വർഗീസ് 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു. 'ഈ മണ്ണിൽ ഒരു വിവേചനവും ഞാൻ ഇന്നുവരെ നേരിട്ടിട്ടില്ല. ഖത്തരികൾ ഏറ്റവും സഹോദരതുല്യമായാണ് എന്നും പെരുമാറിയത്. ക്രിസ്തീയ ആത്മീയമേഖലയിൽ പ്രവർത്തിക്കാനും ഈ രാജ്യം സമ്പൂർണ സ്വാതന്ത്ര്യം നൽകി' - ജീവിതത്തിൻെറ ഏറിയ പങ്കും ചെലവഴിച്ച നാടിനോട് അദ്ദേഹം നന്ദിപറയുന്നു. അമേരിക്കയിലുള്ള വിവിന വർഗീസ് ഐസക്കും ബംഗളൂരുവിൽ ജോലിചെയ്യുന്ന വിനീത ആൻ വർഗീസുമാണ് മക്കൾ.
ഭാര്യ വത്സമ്മ വര്‍ഗീസും മലയാളി കൂട്ടായ്മയിലെ നിത്യസാന്നിധ്യമായിരുന്നു. ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ വനിതാവിഭാഗം വൈസ് പ്രസിഡൻറായി പ്രവര്‍ത്തിച്ചു. തിരുവല്ല മാര്‍ത്തോമ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയിലും ഭാരവാഹിയായി.
ദീർഘകാല ഖത്തർ വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇരുവർക്കും 'ഫോട്ട' നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകി. പ്രസിഡൻറ് ജോൺ അധ്യഷത വഹിച്ചു. ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജ്, ഫോട്ട ജനറൽ സെക്രട്ടറി റജി കെ. ബേബി, തോമസ് കുര്യൻ, അനീഷ്ജോര്‍ജ് മാത്യു, ബേബി കുര്യന്‍, ആലിസ് റജി, ഗീത ജിജി, എന്നിവര്‍ ആശംസ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.