ദോഹ: രാജ്യത്തെ സ്കൂളുകൾ തുറക്കുന്നത് ഇനിയും നീളാം. ചിലപ്പോൾ നിലവിലുള്ള വിദൂരവിദ്യാഭ്യാസ സമ്പ്രദായംതന്നെ തുടരാനും സാധ്യത. വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങും മുമ്പ് സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അതിനു ശേഷം മാത്രമായിരിക്കും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു. കോവിഡ് രോഗികൾ കൂടാതിരിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഇതിനനുസരിച്ചായിരിക്കും സ്കൂൾ തുറക്കുന്നതുമായി ബന്ധെപ്പട്ട കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. സെപ്റ്റംബർ ഒന്നുമുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ അടക്കമുള്ളവ നിബന്ധനകൾ പാലിച്ച് തുറന്നുപ്രവർത്തിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
രക്ഷിതാക്കളുടെയും വിദ്യാർഥികളുമുൾപ്പെടെ എല്ലാവരുടെയും ആരോഗ്യത്തിന് മുൻഗണന നൽകും. എല്ലാ സാഹചര്യങ്ങളും പൊതുജനാരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്. നിർണായകമായ ചിലകാര്യങ്ങൾ കൂടിയുണ്ട്. അത് പൂർത്തിയായാൽ മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി വ്യക്തമാക്കി. പഠനം നീട്ടിവെക്കുന്നതിെൻറ സാധ്യതകൾ, വിദൂരവിദ്യാഭ്യാസം തുടരുക, ക്ലാസുകൾ പുനരാരംഭിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിശകലനം ചെയ്യും. സെപ്റ്റംബർ ആദ്യവാരത്തിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് കോവിഡ് –19 പോസിറ്റിവ് കേസുകളിൽ വർധനവുണ്ടാകാൻ പാടില്ലെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സാഹചര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് –19 പ്രതിരോധ രംഗത്ത് സ്കൂളുകൾ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ സൂക്ഷ്മമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവസാനനിമിഷം വരെ ഇതു സംബന്ധിച്ച പഠനവും പരിശോധനയും തുടരും. അന്തിമ തീരുമാനം സെപ്റ്റംബർ ഒന്നിന് മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.