ദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. 'ഒരേയൊരു ഭൂമി' എന്ന പ്രമേയത്തിലായിരുന്നു വിദ്യാർഥികൾക്ക് പ്രകൃതിയുടെ കരുതലിന്റെ സന്ദേശം പകർന്നുകൊണ്ട് വിവിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചത്. ശാന്തിനികേതൻ സ്കൂളിൽ ശുചിത്വമുള്ളതും ഹരിതാഭവുമായ ജീവിത ശൈലിയിലേക്ക് ഒരേയൊരു ഭൂമി എന്ന പ്രമേയത്തിൽ കുട്ടികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പമേല ഘോഷ് വിദ്യാർഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അധ്യാപികയായി നിനമോൾ, ഹെഡ് ഗേൾ സ്നേഹ ടോം എന്നിവർ സംസാരിച്ചു. വിവിധ പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കലാപ്രവർത്തനങ്ങൾ എന്നിവയും നടന്നു.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ 'ഒരേയൊരു ഭൂമി' എന്ന പ്രമേയത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കി വിവിധ പരിപാടികൾ നടന്നു. കിൻഡർ ഗാർട്ടൻ, ജൂനിയർ സെക്ഷൻ വിദ്യാർഥികളും ഇക്കോ ക്ലബ് അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതിചിന്തകളും ബോധവത്കരണവും എല്ലാവരിലേക്ക് നൽകുന്നതിന്റെ ഭാഗമായി ഇക്കോക്ലബ് അംഗങ്ങൾ പരിസ്ഥിതിപ്രതിജ്ഞ എടുത്തു. ആക്ടിങ് പ്രിൻസിപ്പൽ ശൈഖ് ഷമിം വിദ്യാർഥികൾക്ക് സന്ദേശം നൽകി.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികൾതന്നെ കൂട്ടുകാർക്കായി പകർന്നുനൽകി. വിവിധ വിഷയങ്ങളിൽ പോസ്റ്റർ നിർമാണം, പ്ലാസ്റ്റിക്കിന് ബദൽ ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവ നടന്നു. അധ്യാപകരായ ജിൻസി ജോർജ്, സ്നേഹ രാമചന്ദ്രൻ, വിജയഷർമിള, ഷൈനി സുരേഷ്, ഷൈനി, ലിമി മോൾ, ബിറ്റി വർഗീസ്, സിബ്ബി ഷാജി ജോൺ, രേണു, അഷിത ഫസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
എം.ഇ.എസ് അബൂ ഹമൂറിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ പ്രസംഗങ്ങൾ, നാടകം, പാട്ടുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ
ഡോ. മുഹമ്മദ് ഹനീഫ് സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.