ദോഹ: ഈ അതിജീവന പോരാട്ടത്തിൽ ഷാഫിക്കും കൂട്ടുകാർക്കും നാട്ടുകാർക്കും തോറ്റുകൂടാ... ആശുപത്രികിടക്കയിൽ വെറുമൊരു ശരീരമായി കിടന്ന യുവാവിനെയും വഹിച്ച് ഖത്തർ എയർവേസ് വിമാനം തിങ്കളാഴ്ച രാത്രി ദോഹയിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയരുേമ്പാൾ പ്രതീക്ഷയോടെ ഒരു കുടുംബവും നാടും ഒരുപറ്റം മനുഷ്യ സ്നേഹികളുമുണ്ട്.
ഖത്തറിലെ ഹമദ് ആശുപത്രിയിൽ എട്ടുമാസമായി ചികിത്സയിലായിരുന്ന കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി മുഹമ്മദ് ഷാഫിയെന്ന 38കാരൻ അതിജീവനത്തിനായി പോരാട്ടത്തിലായിരുന്നു. വെൻറിലേറ്ററുകളും മരുന്നുകളുമായി തുടരുന്ന അദ്ദേഹത്തിൻെറ ചെറുത്തു നിൽപിനൊടുവിലാണ് നാട്ടുകാരും സുഹൃത്തുക്കളും ഒന്നിച്ചപ്പോൾ ഈ അവസ്ഥയിലും നാട്ടിലേക്കുള്ള യാത്ര യാഥാർത്ഥ്യമാവുന്നത്.
ഖത്തറിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാഫിയെ കഴിഞ്ഞ മാർച്ചിലാണ് വിധി വീഴ്ത്തുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളിലേക്ക് ജീവിതം പതുക്കെ കരപിടിപ്പിക്കുന്നതിനിടയിൽ കോവിഡ് മഹാമാരി ഷാഫിയെയും പിടികൂടി. ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കോവിഡ് രൂക്ഷമായി െവൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ രണ്ടു തവണ ഹൃദയാഘാതമെത്തിയതോടെ നില വഷളായി. ആരോഗ്യ നില അതീവ ഗുതുരതാവസ്ഥയിലായി. സംസാര ശേഷിയും ഓർമയും നഷ്ടമായി.
ഈ ഘട്ടത്തിലാണ് ഷാഫിയെ നാട്ടിലെത്തിച്ച് കുടുംബാംഗങ്ങളുടെ കൂടി സാമീപ്യത്തിൽ വിദഗ്ധ ചികിത്സ നൽകാൻ സുഹൃത്തുക്കൾ തീരുമാനിക്കുന്നത്. പക്ഷേ, വെൻറിലേറ്റർ സഹായത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരൻെറ യാത്ര വെല്ലുവിളിയായി. വിദഗ്ധ ഡോക്ടർമാരുടെയും, പാരാമെഡിക്കൽ ടീമിൻെറയും സംഘത്തിനൊപ്പമേ യാത്ര സാധ്യമാവൂ. വിമാനത്തിനുള്ളിൽ ചെറു ആശുപത്രി സംവിധാനവും ഒരുക്കണം. വിമാനടിക്കറ്റും, മരുന്നുകളും വെൻറിലേറ്റർ സംവിധാനങ്ങളും ഉൾപ്പെടെ ഭീമമായ സംഖ്യയായിരുന്നു നിർദേശിച്ചത്. ഇതുകാരണം നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതമായി വൈകി.
പിന്നീടായിരുന്നു ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകരുടെയും ഹമദ് ആശുപത്രി അധികൃതരുടെയും കെ.എം.സി.സി പ്രവർത്തകരുടെയും ഇടപെടലുണ്ടാവുന്നത്. ഒടുവിൽ ചിലവ് 20,000 റിയാലിലെത്തി. പക്ഷേ, അതും സമാഹരിക്കൽ വെല്ലുവിളിയായിരുന്നു. അപ്പോഴാണ് ഷാഫി കൂടി അംഗമായ ഖത്തറിലെ കുമരനല്ലൂർ മഹല്ല് കമ്മിറ്റി പ്രവർത്തകർ സ്പോൺസറെ ബന്ധപ്പെടുന്നത്. അദ്ദേഹം 5000റിയാൽ വാഗ്ദാനം ചെയ്തു. ബാക്കിയുള്ള തുക മഹല്ല് കമ്മിറ്റിയിലെ അംഗങ്ങളും ഖത്തറിലെ മനുഷ്യ സ്നേഹികളും ഒന്നിച്ചപ്പോൾ സാധ്യമായി. ഒടുവിൽ ഷാഫി തിങ്കളാഴ്ച നാട്ടിലേക്ക് വിമാനം കയറുകയാണ്.
കുടുംബത്തിനായി കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ഒന്നുമറിയാതെയാണ് ഈ യുവാവിൻെറ മടക്കം. പ്രിയതമൻെറ ദുരിതവാർത്തകൾ അറിഞ്ഞ് നെഞ്ചുതകർന്നിരിക്കുന്ന ഭാര്യ ഷമീറക്കും, ബാപ്പയെ കാത്തിരിക്കുന്ന 15ഉം, ഏഴും വയസ്സുള്ള പെൺകുട്ടികൾക്കും, പ്രിയപ്പെട്ട മകൻെറ വിധിയോർത്ത് കണ്ണീർവാർക്കുന്ന മാതാപിതാക്കൾക്കും ഒരേയെരു പ്രാർഥനയേ ഉള്ളൂ, അദ്ദേഹം ആരോഗ്യത്തോടെ തങ്ങൾക്കൊപ്പം ചേരണം.
എട്ടുമാസമായി ഹമദിലെ ചികിത്സ മുഴുവൻ സൗജന്യമായിരുന്നു. പക്ഷേ, നാട്ടിൽ ഇനി വിദഗ്ധ ചികിത്സക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വരും. അതിന് എവിടെ നിന്ന് പണംകണ്ടെത്തും എന്ന ആശങ്കയിലാണ് ഇതുവരെ സഹായിച്ച ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ. എന്ത് വിലകൊടുത്തും നാട്ടുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ.
ചൊവ്വാഴ്ച പുലർച്ചെയോടെ കൊച്ചിയിലെത്തുന്ന മുഹമ്മദ് ഷാഫിയെ നേരിട്ട് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഏറ്റവും മികച്ച ചികത്സ നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഖത്തറിലെയും നാട്ടിലേയും സുമനസ്സുകളുടെ സഹായം വിദഗ്ധ ചികിത്സക്കായി ജനറൽ സെക്രട്ടറി ടി.പി മുഹമ്മദലിയും പ്രസിഡൻറ് ടി. അബ്ദുറഹ്മാനും ആവശ്യപ്പെടുന്നു. ASHARAF PEEDIKA, Account Number : 4770-515718-001 IBAN : QA87CBQA000000004770515718001 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങൾ ആവശ്യപ്പെടുകയാണ് കുമരനല്ലൂർ മഹല്ല് കമ്മിറ്റി പ്രവർത്തകർ. വിവരങ്ങൾക്ക് 7020 7065 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.