ദോഹ: ഖത്തറിന്റെ സാംസ്കാരിക നഗരിയായ കതാറ ഇനി ഫാൽക്കൺ പക്ഷികളുടെ ലോകം. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയുമെല്ലാം ഫാൽക്കൺ പ്രേമികൾ കാത്തിരുന്ന അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് കതാറ വില്ലേജിലെ വിശാലമായ കൂടാരത്തിൽ തുടക്കം കുറിച്ചു.
അഞ്ചു ദിവസം നീളുന്ന മേളയിൽ ഖത്തർ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നായി 190ഓളം കമ്പനികളും ഏജൻസികളുമാണ് പങ്കാളികളാകുന്നത്.
രാജപ്രൗഢിയോടെ കാത്തിരിക്കുന്ന ഫാൽക്കൺ പക്ഷികളും അവയെ ആരാധനയോടെ കാണാനെത്തുന്ന സന്ദർശകരുമായി അഞ്ചു നാളുകൾ അപൂർവമായ കാഴ്ചക്കാണ് ഇവിടം വേദിയാവുന്നത്. ദിവസവും രാവിലെ പത്തു മുതൽ രാത്രി 10 വരെയായി പ്രദർശന വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം.
ഫാൽക്കൺ പക്ഷികൾ മാത്രമല്ല, പക്ഷിവേട്ടയുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴിലൊരുക്കിയാണ് പ്രദർശനം നടക്കുന്നത്. ഫാൽക്കൺ പക്ഷി ഉടമകൾ, വേട്ടപ്രേമികൾ, ഔട്ട്ഡോർ സാഹസികപ്രിയർ എന്നിവരെല്ലാം ഇനിയുള്ള നാളുകൾ ദോഹയിലേക്ക് വെച്ചുപിടിക്കും. ലോകമെമ്പാടുമുള്ള ഫാൽക്കണറി ഉപകരണങ്ങളുടെയും വേട്ടയാടൽ ഉപകരണങ്ങളുടെയും നിർമാതാക്കളെയും കരകൗശല വിദഗ്ധരുടെയും സാന്നിധ്യമാണ് മറ്റൊരു ഘടകം. മികച്ച വേട്ട ഉപകരണങ്ങൾ, ആയുധങ്ങൾ, ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിലും വിൽപന നടത്തുന്നതിലും അന്താരാഷ്ട്ര വൈദഗ്ധ്യമുള്ള ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രമുഖരായ കമ്പനികളെ ഒരുമിപ്പിക്കുന്ന ആഗോള സാമ്പത്തിക, വിപണന പ്ലാറ്റ്ഫോം കൂടിയാണ് പ്രദർശനം.
ഖത്തറിലെ ഫാൽക്കൺ പ്രേമികൾക്ക് പുറമെ സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ അയൽ രാജ്യങ്ങളിൽനിന്നും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും സന്ദർശകരെത്തുന്നത്.
ഫാൽക്കൺ പക്ഷികളുടെ ലേലവും ഇവിടെ നടക്കും. കോടികൾ എറിഞ്ഞാണ് ഓരോ വർഷവും ഫാൽക്കൺ പക്ഷികളെ ഇവിടെനിന്ന് ഇഷ്ടക്കാർ സ്വന്തമാക്കുന്നത്. ഏറ്റവും മുന്തിയ ബ്രീഡ് വിഭാഗങ്ങളാണ് സ്ഹൈൽ ഫെസ്റ്റിന്റെ ആകർഷണം.
മുൻവർഷം 6.66 ലക്ഷം റിയാൽ വരെ (1.34 കോടി രൂപ) വിലക്കായിരുന്നു മംഗോളിയൻ ഫ്രീ ചിക് വിഭാഗത്തിലെ ഫാൽക്കണുകളെ ഇഷ്ടക്കാർ സ്വന്തമാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.