ദോഹ: വലിയ താരപ്രഭയൊന്നുമില്ലാതെ കഴിഞ്ഞ നവംബർ രണ്ടാം വാരം ദോഹയിൽ വിമാനമിറങ്ങുകയും 30 നാളിനുശേഷം ഏറ്റവും വിലപ്പെട്ട പരിശീലകനായി മടങ്ങുകയും ചെയ്ത അർജന്റീനയുടെ സൂപ്പർകോച്ച് ലയണൽ സ്കലോണിയായിരുന്നു ഫിഫ കോച്ചസ് ഫോറത്തിലെ താരം. ലോകചാമ്പ്യൻ പരിശീലകന്റെ തലയെടുപ്പോടെ ലോകകപ്പിൽ ഒപ്പം പൊരുതിയ കോച്ചുമാരുടെ കൂട്ടത്തിലേക്ക് എത്തിയ സ്കലോണിയുടെ വാക്കുകൾക്കായി അവരെല്ലാം കാതോർത്തു. ലോകകപ്പിൽ ടീമിന്റെ വീഴ്ചയും തിരിച്ചുവരവും ഓരോ കളിക്കാരനെയും പ്രചോദിപ്പിച്ചതുമെല്ലാം അദ്ദേഹം പങ്കുവെച്ചു. ആദ്യമത്സരത്തിൽ സൗദിയോടേറ്റ തോൽവി ടീമിനെ ഉണർത്തിയതും പെനാൽറ്റി പരിശീലനത്തിന്റെ പ്രാധാന്യം ഓരോ കളിക്കാരനും ഉൾക്കൊണ്ടതും ലയണൽ മെസ്സിയുടെ മികച്ച പ്രകടനം ടീമിനായി ഉപയോഗിച്ചതും സ്കലോണി ലോകത്തെ സൂപ്പർപരിശീലകർക്കു മുമ്പാകെ പറഞ്ഞുതുടങ്ങി. കളിയുടെ ശൈലിയും മുന്നേറ്റവും മാറ്റം വരുത്തി നടത്തിയ നീക്കങ്ങളായിരുന്നു ടീമിന്റെ ഏറ്റവും പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു.
‘ഏറ്റവും പ്രധാനപ്പെട്ടത് എന്നതു മാത്രമല്ല, അത്യന്താപേക്ഷിതവുമായിരുന്നു ഈ മാറ്റം. ഏത് നിമിഷവും കളിയുടെ രീതി മാറ്റാൻ കഴിയുമെന്നും ഒന്നിൽ കേന്ദ്രീകരിച്ച മുന്നേറ്റമല്ലെന്നും കളിക്കാർക്ക് അറിയാം. അവസാനം ഒരു ചതുരംഗക്കളിപോലെ മാറുന്നു. എതിരാളിയെ ആക്രമിച്ച് മുറിപ്പെടുത്തിക്കൊണ്ട്, അവരുടെ പ്രത്യാക്രമണത്തെ ഫലപ്രദമായി തടയാനും ശ്രമിച്ചു. എല്ലാറ്റിനേക്കാൾ ഉപരി പരസ്പര പ്രചോദനവും ഡ്രസിങ് റൂമിലെ അന്തരീക്ഷവും ലോകകപ്പിൽ ഞങ്ങളുടെ വിജയത്തിൽ ഏറ്റവും പ്രധാന ഘടകമായി’-ലയണൽ സ്കലോണി പറഞ്ഞു.
‘കളിയിൽ തന്ത്രം ഒരു പ്രധാന ഘടകമാണ്. എന്നാൽ, കളിക്കാർ പരസ്പരം കളിച്ചുകൊണ്ട് മത്സര ഗതി നിയന്ത്രിക്കുന്നത് ഏറ്റവും നിർണായകമാണ്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ 2-0ത്തിന് ലീഡ് നേടിയശേഷം വീണുപോയ നിമിഷത്തിൽ അത് തെളിയിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ കളി തിരിച്ചുപിടിച്ചും ഫൈനലിൽ ഫ്രാൻസിനെതിരെ പെനാൽറ്റിയിലെ വിജയവുമെല്ലാം ടീമിന്റെ ഉജ്ജ്വല പോരാട്ടവീര്യമായിരുന്നു’-സ്കലോണി വിശദീകരിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആര് കിക്കെടുക്കും എന്നതിന് ടീമിന് പ്രശ്നമില്ലായിരുന്നു. അത്രയേറെ പരിശീലനം പൂർത്തിയാക്കിയപ്പോൾ കിക്കെടുക്കാനും ഒരുപാടുപേരുണ്ടായിരുന്നു. പലപ്പോഴും രണ്ടു പേരെങ്കിലും അധികമുണ്ടായി. 80,000ത്തോളം കാണികൾ ചുറ്റിലുമുണ്ടാവുമ്പോൾ പരിശീലനം പോലെ എളുപ്പമല്ല. പക്ഷേ, അതെല്ലാം അറിഞ്ഞായിരുന്നു ഓരോ കളിക്കാരനും പരിശീലിച്ചത് -ക്വാർട്ടറിലും ഫൈനലിലും വിജയമെത്തിച്ച പെനാൽറ്റിയെ കുറിച്ച് സ്കലോണി വിശദീകരിച്ചു.
സൗദിയോടേറ്റ ഗ്രൂപ് റൗണ്ടിലെ ആദ്യ തോൽവിയെ അനുഗ്രഹമായി മാറിയ ഫലമെന്നായിരുന്നു സ്കലോണി വിശേഷിപ്പിച്ചത്. ‘ആ തോൽവി ടീമിന് ഒരുപാട് പോസിറ്റിവായ മാറ്റം സൃഷ്ടിച്ചുവെന്ന് ഞാൻ പറയും. കളിക്കാർക്കും ടീമിനും ഉണർവും ദിശാബോധവും തോൽവി നൽകി. കളിയോടുള്ള സമീപനം മാറ്റാൻ നിമിത്തമായി. പിന്നെ എന്തിനും തയാറായ ടീമിനെയാണ് എനിക്ക് ലഭിച്ചത്’-സ്കലോണി പറഞ്ഞു.
കൈവിടുന്ന പന്ത് ആദ്യ മൂന്ന് അല്ലെങ്കിൽ അഞ്ചു സെക്കൻഡിനുള്ളിൽ വീണ്ടെടുക്കണം എന്നതായിരുന്നു ഓരോ കളിക്കാരനും പകർന്ന ചിന്ത. അഞ്ചു സെക്കൻഡിനുള്ളിൽ പന്ത് വീണ്ടെടുക്കാനായില്ലെങ്കിൽ മിഡ്ഫീൽഡിലേക്ക് നീങ്ങി കാത്തിരിക്കുക. ടീമിന്റെ പ്രതിരോധശൈലികാരണം എതിരാളിയുടെ കൗണ്ടർ അറ്റാക്കുകൾ അധികം നേരിടേണ്ടിവന്നില്ല. അതേസമയം, വിങ്ങുകളിലൂടെ എതിർപാളയത്തിലേക്ക് കുതിക്കാനും കഴിഞ്ഞു. ആക്രമിക്കുന്നതിനൊപ്പം എതിരാളികൾ എങ്ങനെ കൗണ്ടർ അറ്റാക്ക് നടത്തും എന്നതിനെ കുറിച്ചും ഞങ്ങൾ ഗൃഹപാഠം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിൽ വലിയ വീഴ്ചകളുണ്ടായില്ല’-സ്കലോണി തന്ത്രങ്ങളെ കുറിച്ച് പറഞ്ഞു.
ടീമിന്റെ വിന്നിങ് ഫാക്ടറായി മാറിയ നായകൻ ലയണൽ മെസ്സിയിലും തനിക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് സ്കലോണി പറഞ്ഞു. ‘മെസ്സിയെപോലൊരു കളിക്കാരന് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കലായിരുന്നു പ്രധാനം. ദേശീയ ടീമിൽ ആദ്യത്തെ ഏതാനും മാസം ഫാസ്റ്റ് ഗെയിമും ഡയറക്ട് ഫുട്ബാളും ശീലിച്ചു. പക്ഷേ, അദ്ദേഹവും ടീമും അതിൽ കംഫർട്ടായിരുന്നില്ല. മെസ്സിയെ കളിക്കാൻ അനുവദിക്കുന്ന കളിക്കാരെ ചുറ്റിലും നിർത്തി കളി മെനയുകയെന്നത് ടീമിനും കളിക്കാർക്കും ഗുണമായി’- സ്കലോണി പറഞ്ഞു.
ഫൈനലിൽ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച് കിരീടം നേടിയ നിമിഷവും സ്കലോണി പങ്കുവെച്ചു. ‘പെനാൽറ്റി ഷൂട്ടൗട്ടിനു പിന്നാലെ ഒരു 30 സെക്കൻഡുകൾ ഞാൻ അവിടെ തന്നെ നിന്നു. എന്റെ കളിക്കാരും ഗാലറിയിലെ മുഴുവൻ ജനങ്ങളും ആഘോഷിക്കുന്ന ആ നിമിഷം കണ്ടുനിന്നു. അൽപസമയം വികാരാധീനനായി. അതൊരു വല്ലാത്ത നിമിഷമായിരുന്നു. വിലമതിക്കാനാവാത്ത മുഹൂർത്തം. ഫുട്ബാൾ കളിക്കാരനും കോച്ചുമായ എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരമായ മുഹൂർത്തമായിരുന്നു അത്. ഇനിയുള്ള ജീവിതകാലം മുഴുവൻ ഞാൻ ആഹ്ലാദിക്കാനും അഭിമാനിക്കാനുമുള്ള 30 സെക്കൻഡായിരുന്നു അതെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.