ദോഹ: ടോക്യോയിൽ ഖത്തറിനുവേണ്ടി നേടിയ വെങ്കലത്തിന് മാറ്റുകൂട്ടാൻ ഇറങ്ങിയ വോളിബാൾ സംഘത്തിന് വിജയത്തുടക്കം. ഒളിമ്പിക്സ് ബീച്ച് വോളിയിൽ ആതിഥേയർക്ക് ഏറെ പ്രതീക്ഷയുള്ള ഷെരിഫ് യൂനുസ്- അഹ്മദ് തിജാൻ സഖ്യം പൂൾ ‘എ’യിലെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ സഖ്യത്തെ വീഴ്ത്തി. ഈഫൽ ടവറിന് അരികിലെ വേദിയിൽ നടന്ന മത്സരത്തിൽ ഇറ്റലിയുടെ പൗലോ നികോളായ്- സാമുവേൽ കൊട്ടഫാവ സഖ്യത്തെ 21-19, 21-18 എന്ന സ്കോറിനാണ് ഖത്തർ സംഘം തോൽപിച്ചത്. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ പ്രമുഖർ ഗാലറിയിൽ പിന്തുണയുമായെത്തിയപ്പോൾ ഷെരിഫും അഹ്മദ് തിജാനും ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചു.
തിങ്കളാഴ്ച ലോകഒന്നാം നമ്പർ സഖ്യമായ സ്വീഡന്റെ ഡേവിഡ അഹമൻ- ജൊനാതൻ ഹെൽവിങ് കൂട്ടാണ് അടുത്ത എതിരാളി.
അതേസമയം, രണ്ടാം ദിനത്തിൽ നീന്തൽ മത്സരത്തിനിറങ്ങിയ ഖത്തറിന്റെ അബ്ദുൽ അസീസ് ഉബൈദലി ഹീറ്റ്സിൽ തന്നെ പുറത്തായി. 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിലായിരുന്നു ഇദ്ദേഹം മത്സരിച്ചത്. അതേസമയം, ലോകോത്തര താരങ്ങളുമായുള്ള മത്സരം മികച്ച അനുഭവമായി മാറിയെന്ന് ഉബൈദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.