പ്രഭ സജി
കുട്ടികളെ കുഴക്കുന്ന കണക്കിനെ മെരുക്കിയെടുത്ത് അവ മധുരപ്പായസമാക്കിമാറ്റുന്ന അനായാസതയോടെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ പ്രഭ സജി ശിഷ്യരുടെ മനസ്സിൽ ഇടം പിടിക്കുന്നത്. കേരളത്തിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായി മാറിയ അധ്യാപനത്തിനു ശേഷം, 2001ലായിരുന്നു ഖത്തറിലേക്കുള്ള വരവ്. ബിരുദവും അധ്യാപന പരിശീലനവും പൂർത്തിയാക്കിയ ശേഷം 1985ൽ ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയസ് പബ്ലിക് സ്കൂളിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. തുടർന്ന് വെണ്ണികുളം ബഥനി അകാദമിയിലെത്തി. ശേഷം, കോട്ടയം ജില്ലയിലെ പ്രശസ്തമായ കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗണിതശാസ്ത്ര അധ്യാപികയായി. ഇതിനിടയിലാണ്, ഖത്തറിൽ ജോലിസാധ്യത അറിയുന്നതും ശാന്തിനികേതൻ സ്കൂളിലെത്തുന്നതും. ഖത്തറിലെ മൂന്നാമത്തെ ഇന്ത്യൻ സ്കൂൾ എന്നനിലയിൽ ആരംഭദശയിൽ മാത്രമായിരുന്നു വിദ്യാലയം. ഏഴാം തരമായിരുന്നു മുതിർന്ന ക്ലാസ്. ശേഷം, മൂന്നു വർഷംകൊണ്ട് ആദ്യ ബാച്ചിനെ സി.ബി.എസ്.ഇ ബോർഡ് എക്സാം എഴുതിച്ചുകൊണ്ട് ചരിത്രം കുറിച്ചപ്പോൾ, പ്രഭ സജിയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കഠിനാധ്വാനത്തിന്റെ തിളക്കമുണ്ടായിരുന്നു. ഓരോ ക്ലാസ് കയറ്റത്തിലും പ്രഭയും കുട്ടികൾക്കൊപ്പം സീനിയർ ക്ലാസുകളിലേക്ക് കയറി. അങ്ങനെ, 2005-06 അധ്യയനവർഷത്തിൽ ശാന്തിനികേതനിൽ നിന്നും ആദ്യ ബാച്ച് സി.ബി.എസ്.ഇ പത്താംതരം പരീക്ഷയെഴുതി മികച്ച വിജയത്തോടെ പുറത്തിറങ്ങി. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളുടെ മുൻനിരയിലേക്ക് ശാന്തിനികേതൻ സ്കൂളിന്റെ കടന്നുവരവ് കൂടിയായിരുന്നു അത്. അധ്യാപകനായ പിതാവ് കെ.എം. വർഗീസിന്റെ വഴി തന്നെയായിരുന്നു പഠനകാലത്ത് പ്രഭയും സ്വപ്നം കണ്ടത്. യു.പി സ്കൂൾ വിദ്യാർഥിനിയായിരിക്കെ വിവിധ പ്രസിദ്ധീകരണങ്ങളുടെ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് തിരിച്ചറിഞ്ഞ ഗണിതശാസ്ത്ര അഭിരുചി തന്നെ അധ്യാപനത്തിലും വഴിയായി.
തിരുവല്ല മാർത്തോമ കോളജിൽ നിന്നും ബിരുദവും, ഒഡിഷയിൽ നിന്ന് ബി.എഡും പൂർത്തിയാക്കിയ ശേഷമായിരുന്നു ടീച്ചറുടെ വേഷമണിയുന്നത്.നാട്ടിൽ വിദ്യാർഥികൾക്ക് കടുപ്പമേറിയ ഗണിതശാസ്ത്രത്തെ ലളിത സമവാക്യങ്ങളിലൂടെ മധുരമൂറുന്ന വിഭവമാക്കിമാറ്റി അവർ വിദ്യാർഥികളുടെ പ്രിയങ്കരിയായി മാറി. ആസ്വാദ്യകരമായ അധ്യാപനത്തിലൂടെ നീങ്ങുന്നതിനിടെയാണ് ഒരു പരീക്ഷണമെന്ന നിലയിൽ ഖത്തറിലെത്തുന്നത്. ഇടക്ക് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും സ്കൂൾ മാനേജ്മെന്റ് വിട്ടില്ല. കുടുംബത്തെ തന്നെ ഖത്തറിലെത്തിച്ച് വിദ്യാർഥികളുടെ പ്രഭ മിസ്സിനെ ഖത്തറിന്റെ മണ്ണിൽതന്നെ നിലനിർത്തി. ഇന്ന് 36 വർഷത്തെ അധ്യാപനം പൂർത്തിയാക്കുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ശിഷ്യസമ്പത്തുള്ള അനുഗൃഹീത അധ്യാപികയെന്ന നിലയിൽ സംതൃപ്തയാണ് ഇവർ. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന സജിത് മാത്യുവാണ് ഭർത്താവ്. സൗമ്യ സജി മാത്യു, കോട്ടയത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന പവിൻ സജി മാത്യു എന്നിവർ മക്കളാണ്. ശാന്തിനികേതനിൽ മുൻ പ്രിൻസിപ്പൽ ഡോ. സുഭാഷ് നായരും മാനേജ്മെന്റും സഹപ്രവർത്തകരും വിദ്യാർഥികളും നൽകിയ പിന്തുണയാണ് നല്ലൊരു അധ്യാപികയാകാൻ തന്നെ സഹായിച്ചതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ജസീന ഫൈസൽ
പഠനവും അധ്യാപനവുംകൊണ്ട് രാജ്യാന്തരതലത്തിൽ പടർന്നുപന്തലിച്ച കരിയറിനുടമയാണ് തൃശൂർ മാള സ്വദേശിനി ജസീന ഫൈസൽ. കേരളത്തിലും ലണ്ടനിലുമായി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഇന്ത്യയിലും ഖത്തറിലുമായി അധ്യാപനം. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് തുടങ്ങിയ അധ്യാപനം, 1997ൽ ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലേക്കാണ് ആദ്യം പറിച്ചുനടപ്പെട്ടത്. ശേഷം, ഖത്തറിലെ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ, ഐ.ബി കരിക്കുലത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിൽ ജോലി ചെയ്തശേഷം അഞ്ചുവർഷമായി ഖത്തർ ഫൗണ്ടേഷനുകീഴിൽ സിദ്ര അക്കാദമിയിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്യുന്നു. 23ാം വയസ്സിൽ ആരംഭിച്ച അധ്യാപന കരിയറിൽ 28 വർഷത്തെ പരിചയസമ്പത്തിന് ഉടമ കൂടിയാണിവർ. വിവിധ ദേശക്കാരും ഭാഷക്കാരും ഉൾപ്പെടെയുള്ള വിശാലമായ ശിഷ്യസമ്പത്തുതന്നെ കൈമുതൽ. പലവിധ സംസ്കാരങ്ങളിൽനിന്ന് വന്ന്, ഭാഷകൾ സംസാരിച്ച്, വിവിധ രാജ്യക്കാരായ പതിനായിരങ്ങൾ നീണ്ട അധ്യാപന ജീവിതത്തിലെ സമ്പത്തായി മാറി. ഖത്തർ ഫൗണ്ടേഷനു കീഴിൽ ആദ്യ മലയാളി അധ്യാപികയായാണ് സിദ്ര അക്കാദമിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. സിലബസിനകത്തെ പഠനത്തിനപ്പുറത്തേക്കുള്ള കാൻവാസിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുനടത്തിയാണ് ജസീന ഫൈസൽ തലമുറകളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നത്.
സസ്റ്റയ്നബിലിറ്റി ഓഫീസർ എന്ന നിലയിൽ വിദ്യാർഥികൾക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ ഏറെ ശ്രദ്ധേയമായി. ഓർഗാനിക് ഫാമിങ്ങിലേക്ക് വിദ്യാർഥികൾക്ക് വഴിതുറന്നതായിരുന്നു പ്രധാനം. കോവിഡ് കാലത്ത് സ്കൂളിലെ കിൻഡർഗാർട്ടൻ വിദ്യാർഥികളെക്കൂടി പങ്കാളികളാക്കി നടത്തിയ കൃഷിരീതികളും വിളവെടുത്ത ഉൽപന്നങ്ങൾ വിൽപന നടത്തി സമാഹരിച്ച തുക ഖത്തർ ഫൗണ്ടേഷന്റെ 'എജുക്കേറ്റ് എ ചൈൽഡ്' പദ്ധതിയിലേക്ക് കൈമാറിയും നടത്തിയ ഇടപെടൽ അധികൃതരുടെയും രാജ്യാന്തര തലത്തിലും ശ്രദ്ധി പിടിച്ചുപറ്റുകയും പുരസ്കാരങ്ങൾ തേടിയെത്തുകയും ചെയ്തു. പിന്നീട്, ഇത് കൂടുതൽ വിശാലമായിത്തന്നെ നടപ്പാക്കപ്പെടുകയും ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളുടെ കരിക്കുലത്തിൽ ജോലിചെയ്ത അധ്യാപിക എന്നനിലയിൽ ഇന്ത്യൻ കരിക്കുലം പുതുമകൾ കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇവർക്ക് കാഴ്ചപ്പാടുണ്ട്. പരമ്പരാഗത പരീക്ഷാധിഷ്ടിത വിദ്യാഭ്യാസത്തിൽനിന്ന് മാറി, സ്കിൽ ബേസ്ഡ് എജുക്കേഷൻ സിസ്റ്റത്തിലേക്കുള്ള മാറ്റമാണ് കാലം ആവശ്യപ്പെടുന്നതെന്നാണ് ഇവരുടെ പക്ഷം. പഠിപ്പിക്കുക എന്നതിനൊപ്പം, പരിചയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിന് രാജ്യാന്തര കാഴ്ചപ്പാടുകൂടി മുന്നോട്ട് വെക്കുന്നു. ഖത്തറിൽ ബിസിനസുകാരനായ ഫൈസൽ അലിയാർ ആണ് ഭർത്താവ്. ബ്രിട്ടനിൽനിന്ന് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പൂർത്തിയാക്കിയ മുഹമ്മദലി, വെസ്റ്റ് മിനിസ്റ്റർ സർവകലാശാലയിൽനിന്ന് ആർകിടെക്ചർ ബിരുദം നേടിയ സുഹ, നെതർലാൻഡ്സിൽ എൻജിനീയറിങ് വിദ്യാർഥിയായ മുഹ്സിൻ എന്നിവർ മക്കളാണ്.
'വിദ്യാർഥികളെ ഹൃദയംകൊണ്ട് കേൾക്കുകയും അകക്കണ്ണുകൊണ്ട് കാണുകയും ചെയ്യുന്ന ഗുരുനാഥ' -ഖത്തറിന്റെ പ്രിയപ്പെട്ട അധ്യാപിക ഹമീദ ഖാദറിനെ ലക്ഷത്തോളംവരുന്ന ശിഷ്യഗണങ്ങളുടെ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഖത്തറിലെ പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 31 വർഷമായി അധ്യാപിക. കഴിഞ്ഞ അഞ്ചുവർഷമായി പ്രിൻസിപ്പലിന്റെ കസേരയിൽ. ലോകത്തിന്റെ വിവിധ മേഖലകളിൽ, ഉന്നതങ്ങളായ പദവികൾ അലങ്കരിക്കുന്ന ശിഷ്യരുടെ പ്രിയപ്പെട്ട ഗുരുനാഥ. പല തലമുറകൾക്ക് അക്ഷരങ്ങളും അറിവും പകർന്നുനൽകി, അധ്യാപന വഴിയിൽ മൂന്നരപ്പതിറ്റാണ്ടു പിന്നിട്ട ജൈത്രയാത്രയിലാണ് ഹമീദ ഖാദർ. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത മക്കരപ്പറമ്പിലെ സാധാരണ ഗ്രാമീണ ബാലികയിൽനിന്നും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കി പഠിച്ചുകയറിയാണ് ഖത്തറിലെ ഏറ്റവും സമുന്നതമായ കലാലയത്തിന്റെ ഉന്നത പദവിയിൽ ഹമീദ ഖാദർ എത്തിപ്പെടുന്നത്. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് കുഞ്ഞിമുഹമ്മദും മാതാവ് സൈനബ കുഞ്ഞിമുഹമ്മദുമായിരുന്നു എന്നും റോൾ മോഡൽ. പിതാവിന്റെ പട്ടാളച്ചിട്ട മക്കളുടെയും സ്വഭാവരൂപവത്കരണത്തിൽ നിർണായകമായി. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നും പഠനം പൂർത്തിയാക്കി അധ്യാപന പരിശീലനവും കഴിഞ്ഞ് അൽഅമീൻ പബ്ലിക് സ്കൂളിലും പിന്നീട് ഫോർട്ട്കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലും ഇംഗ്ലീഷ് അധ്യാപികയായി പ്രവർത്തിച്ച ശേഷമായിരുന്നു ഖത്തറിലേക്ക് വിമാനം കയറുന്നത്.
ഒരു വയസ്സുകാരിയായ മകൾ നൈമയെ വീട്ടിൽ തനിച്ചാക്കി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയായി എത്തുന്നത് 1991ൽ. കുഞ്ഞിനെ തനിച്ചാക്കി പ്രവാസം തിരഞ്ഞെടുത്തതിന്റെ പ്രയാസത്തിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പലതവണ ആലോചിച്ച നാളുകൾ. എന്നാൽ, പ്രിൻസിപ്പലായിരുന്ന ബി.കെ. മുഹമ്മദ് കുഞ്ഞി സാറിന്റെ ഉപദേശം തുടക്കക്കാരിയായ ഹമീദയെ ഖത്തറിൽ തന്നെ പിടിച്ചുനിർത്തി. പിന്നെ വളർച്ചയുടെ പടവുകൾ ഓരോന്നായി താണ്ടി. സിലബസിനപ്പുറം വിദ്യാർഥികൾക്ക് അറിവുകളും സ്നേഹവും പകർന്നും അവരുടെ മനസ്സുകളിൽ ഇടം പിടിച്ച അധ്യാപികയായി മാറി. പല കാരണങ്ങളാൽ പഠനം മുടങ്ങിയവരെയും ക്ലാസിൽ പിന്നാക്കം പോയവരെയും പരീക്ഷയിൽ തോറ്റവരെയുമെല്ലാം ചേർത്തുനിർത്തി അവരെ റൈറ്റ് ട്രാക്കിലാക്കി.
ഹമീദ ടീച്ചറുടെ കരുതലിൽ മികച്ച ഭാവി കെട്ടിപ്പടുത്ത വിദ്യാർഥികൾ ആയിരങ്ങൾ വരും. അവർക്ക് ഇന്നും മാതൃതുല്യയാണ് ഈ ഗുരുനാഥ. പല ഭാഗങ്ങളിൽനിന്നും ദിനേനെയെന്നോണം സുഖാന്വേഷണങ്ങളോടെയും സന്തോഷം പങ്കുവെച്ചും എത്തുന്ന ഫോൺ വിളികളും സന്ദേശങ്ങളും താൻ അവർക്കു നൽകിയ കരുതലിന്റെ നന്ദിപ്രകടനമെന്ന് ഓർക്കുകയാണ് ഇവർ.
2017 മുതൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പദവിയിലുണ്ട്. നിരവധി നൂതന പഠനമാർഗങ്ങൾ അവതരിപ്പിച്ചും 100 ശതമാനം വിജയം നൽകുന്ന റിസൽട്ട് സൃഷ്ടിച്ചും ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സി.ബി.എസ്.ഇ സ്കൂൾ എന്ന മതിപ്പ് നേടിയുമെല്ലാം ഈ കലാലയം വിജയയാത്ര തുടരുമ്പോൾ അതിന്റെ ചാലകശക്തി പ്രിൻസിപ്പൽ കസേരയിലെ ഈ മലയാളി വനിതയാണ്. കോവിഡ് കാലത്ത് അധ്യാപകരെയും അനധ്യാപകരെയും ചേർത്തുപിടിച്ചാണ് ഹമീദ ഖാദറിനു കീഴിൽ ഇവർ മനുഷ്യത്വത്തിന്റെ മാതൃക തീർത്തത്. മാനേജ്മെന്റിന്റെ നിറഞ്ഞ പിന്തുണ, വൈസ്പ്രിൻസിപ്പൽ, എച്ച്.എം മുതൽ അധ്യാപകരും അനധ്യാപക ജീവനക്കാരും രക്ഷിതാക്കളും നൽകുന്ന പിന്തുണ, സ്നേഹസമ്പന്നരായ വിദ്യാർഥികൾ... ഇവരുടെയെല്ലാം ആത്മാർഥമായ സഹകരണമാണ് 7000ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനെ വിജയകരമായി നയിക്കാൻ കരുത്താകുന്നതെന്ന് ഹമീദ ഖാദർ അടിവരയിടുന്നു.
2016 മുതൽ സി.ബി.എസ്.ഇ എക്സാം കൗൺസിലർ, മികച്ച പ്രിൻസിപ്പലിനുള്ള ഇന്റർനാഷനൽ എജുക്കേഷൻ അവാർഡ്, ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗം, ഏഷ്യനെറ്റ് ജ്വാല പുരസ്കാരം, എഫ്.സി.സി ബെസ്റ്റ് ടീച്ചർ അവാർഡ്, മികച്ച റിസൽട്ടിന് കേന്ദ്രമന്ത്രിയുടെ പ്രശംസ... അങ്ങനെ ഒരുപിടി അംഗീകാരങ്ങൾ. അക്കൗണ്ടിങ് മേഖലയിൽ ജോലിചെയ്യുന്ന അബ്ദുൽ ഖാദറാണ് ഭർത്താവ്. ഡോ. നൈമ, ബിരുദവിദ്യാർഥിനിയായ നിഹാൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.