ദോഹ: വെറുമൊരു ഹ്രസ്വചിത്രമല്ല ഇത്, പ്രതികൂലസാഹചര്യത്തിലും സഹജീവികൾക്കായി ഓടിനടന്ന് ഒടുവിൽ സ്വയം ഉരുകി ഇല്ലാതാകുന്ന എല്ലാ നന്മമനസ്സുകൾക്കുമുള്ള സ്മരണാഞ്ജലിയാണിത്. ഖത്തർ ഇൻകാസ് പേരാമ്പ്ര മണ്ഡലം തയാറാക്കിയ 'വൺസ് അപ്പോൺ എ ടൈം ഇൻ ദോഹ' എന്ന ഷോർട്ട് ഫിലിമാണ് വ്യത്യസ്തമാകുന്നത്. കോവിഡ് രോഗികളെ സഹായിക്കാനായി ഓടിനടന്ന് ഒടുവിൽ കോവിഡ് ബാധിച്ച് മരിച്ച ഖത്തർ പ്രവാസിയായിരുന്ന റഹീം റയാൻ, ദുബൈ പ്രവാസിയും ജീവകാരുണ്യമേഖലയിലെ സജീവസാന്നിധ്യവുമായിരുന്ന ഹൃദയാഘാതത്താൽ മരിച്ച നിതിൻ ചന്ദ്രൻ എന്നിവരെ ഓർക്കുകയാണ് സഹപ്രവർത്തകർ ഷോർട്ട്ഫിലിമിലൂടെ. അവരുടെ കാരുണ്യപ്രവർത്തനങ്ങൾക്കുള്ള നിത്യസ്മരണകൂടിയാവുകയാണ് എട്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം.
സജിത്ത് സഹൃദയ ആണ് സംവിധായകൻ. ഛായാഗ്രഹണം: എം.എച്ച് തയ്യിൽ. പശ്ചാത്തലസംഗീതം: കൃഷ്ണകുമാർ ബോംബെ. ഉറവ വറ്റാത്ത സഹജീവി സ്നേഹത്തെ പരിപോഷിപ്പിക്കാനും സേവന വഴികളിൽ ജീവൻ ബലിയർപ്പിച്ച സന്നദ്ധസേവകരെ ഓർമിക്കാനും അവരുടെ കുടുംബത്തിന് സാന്ത്വനമാവാനുമുള്ള ഉദ്യമമാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫിൽ കോവിഡ് സഹായപ്രവർത്തനങ്ങളിൽ ഇൻകാസ് മുന്നിലുണ്ടായിരുന്നു. പ്രവാസി കലാകാരനും ഇൻകാസ് കേന്ദ്രകമ്മിറ്റി അംഗവുമായ ബഷീർ നന്മണ്ടയാണ് മുഖ്യകഥാപാത്രമായ സലാംക്കയെ അവതരിപ്പിക്കുന്നത്. സ്വന്തം പ്രയാസങ്ങൾ മറന്ന് സഹപ്രവർത്തകർക്കൊപ്പം പ്രവാസികളുടെ വീട്ടുമുറ്റത്ത് വിവിധ സഹായങ്ങൾ എത്തിക്കുകയായിരുന്നു അദ്ദേഹം.
ഒടുവിൽ രോഗിയാവുന്നു, ആശുപത്രിക്കിടക്കയിലും ചിന്ത ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമാവുന്ന സേവനം ചെയ്യുക എന്നതായിരുന്നു. ഇതിനായി ഫോണിലൂടെ സഹപ്രവർത്തകർക്ക് നിർദേശം നൽകുന്നു. ഒടുവിൽ വീട്ടുകാരുമായും സംസാരിച്ച് അദ്ദേഹം മരണത്തിലേക്ക് വഴുതിവീഴുകയാണ്. https://youtu.be/QnhDMUbqo1M എന്ന യൂട്യൂബ് ലിങ്കിലൂടെ ചിത്രം കാണാം. ഇതിനകം നിരവധി പേരാണ് ചിത്രം കണ്ടിരിക്കുന്നത്.
ഖത്തറിൽ കോവിഡിെൻറ പ്രാരംഭ ഘട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു ഇൻകാസ് പ്രവർത്തകനായ റഹീം റയാൻ. പിന്നീട് കോവിഡ് ബാധിതനായി മരണപ്പെടുകയും ഖത്തറിൽതന്നെ സംസ്കാരം നടത്തുകയുമായിരുന്നു. ദുബൈ ഇൻകാസിെൻറ പ്രവർത്തകനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്നു നിതിൻ ചന്ദ്രൻ. കോവിഡ് സാഹചര്യത്തിൽ ഗൾഫിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിലെത്താനുള്ള സാഹചര്യമൊരുങ്ങിയത് അദ്ദേഹത്തിെൻറയും ഭാര്യയുടെയും നിയമപോരാട്ടത്തിെൻറ കൂടി ഫലമായായിരുന്നു. പിന്നീട് ഗൾഫിൽ വെച്ച് മരണപ്പെടുകയായിരുന്നു. റഹീം റയാെൻറ പേരിൽ ദോഹ ഹമദ് ഹോസ്പിറ്റലിൽ വെച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും രക്തദാന ക്യാമ്പ് നടത്തിവരുന്നുണ്ട്. ഐ.സി.സിയിൽ നടന്ന ചടങ്ങിലാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ ദോഹ' ഷോർട്ട് ഫിലിം പ്രകാശനം ചെയ്തത്.
വിമൽ വാസുദേവിെൻറ കവിതാലാപനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അൻവർ സാദത്ത് ഉദ് ഘാടനം ചെയ്തു. ലോകത്ത് വിശ്രമമില്ലാതെ കോവിഡ്മഹാമാരിയോട് പൊരുതുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കുമുള്ള സമർപ്പണം കൂടിയാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ആഷിഖ് അഹ്മദ്, അഷ്റഫ് വടകര, സുരേഷ് ബാബു നൊച്ചാട് എന്നിവർ സന്നിഹിതരായിരുന്നു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻറ് അമീർ കെ.ടി അധ്യക്ഷതവഹിച്ചു. ഹാഫിൽ ഓട്ടുവയൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.