ദോഹ: ശൂറാകൗൺസിലിൻെറ 49ാമത് സാധാരണ സെഷൻെറ ഉദ്ഘാടനത്തിൽ അമീർ നടത്തിയ പ്രസംഗം വെല്ലുവിളികളെ അതിജയിക്കാൻ പ്രചോദനം നൽകുന്നതാണെന്ന് ശൂറാകൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ് പറഞ്ഞു. കൗൺസിൽ ഉദ്ഘാടനത്തിൽ പങ്കെടുത്ത അമീറിന് അദ്ദേഹം നന്ദി അറിയിച്ചു.അമീറിൻെറ വാക്കുകൾ കൗൺസിൽ പിന്തുടരും. രാജ്യത്തിൻെറ വികസനകാര്യത്തിലും അന്താരാഷ്ട്രതലത്തിലുള്ള പ്രശ്നങ്ങളിലും ഇത് ഏറെ പ്രയോജനം ചെയ്യും. രാജ്യത്തിൻെറ വിവിധമേഖലകളിലെ പുരോഗതി വരച്ചുകാണിക്കുന്ന അമീറിൻെറ വാക്കുകൾ വെല്ലുവിളികൾ നേരിടുന്നതിനുള്ള വഴികളും കൃത്യമായി പറയുന്നതാണ്.
രാജ്യനിവാസികൾക്ക് മികച്ച സേവനമാണ് നൽകുന്നത്. ഖത്തറിനെതിരെ തുടരുന്ന അന്യായ ഉപരോധം അതിജയിക്കാനുള്ള പോരാട്ടത്തിൽ അമീറിൻെറ വാക്കുകൾ നൽകുന്ന പ്രചോദനം ഏറെ വലുതാണ്. ഉപരോധത്തിൻെറ കാര്യത്തിൽ വിവേകത്തിൻെറ ഭാഷ നിരന്തരം നിരസിക്കപ്പെടുന്ന കാര്യവും അമീർ തൻെറ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അന്തരിച്ച മുൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻെറ വിവിധ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഗൾഫ്മേഖലയുടെ ഐക്യത്തിനും ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിലും കുവൈത്ത് മുൻഅമീർ അവസാനകാലം വരെ പ്രവർത്തിച്ചു.അദ്ദേഹം ഖത്തരികളുടെ മനസിൽ എന്നും ജീവിക്കും. ഉപരോധം നിലനിൽക്കുേമ്പാൾ തന്നെ വന്ന കോവിഡ് പ്രതിസന്ധിയും ഖത്തർ അതിജീവിച്ചിരിക്കുകയാണ്.
ഖത്തർ ദേശീയനയം 2030ൻെറ ലക്ഷ്യങ്ങളിലേക്ക് രാജ്യം കുതിക്കുകയാണെന്ന് ശൂറാകൗൺസിൽ സ്പീക്കർ പറഞ്ഞു. കോവിഡ് പ്രതിസന്ധി അതിജയിക്കാൻ അമീറിൻെറ നേതൃത്വമാണ് രാജ്യത്തെ പ്രാപ്തമാക്കിയത്. ഇതിനാൽ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമായി ഖത്തർ മാറി. ലോകാരോഗ്യസംഘടനയും ഇക്കാര്യം വ്യക്തമാക്കുന്നു. മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യമേഖലക്ക് വൻ സാമ്പത്തിക പാക്കേജാണ് നൽകുന്നത്. ഇതിനുപുറമേ മറ്റു രാജ്യങ്ങളിലേക്ക് ഈ സാഹചര്യത്തിലും വൻസഹായം ഖത്തർ എത്തിക്കുന്നുമുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ആഗോളകൂട്ടായ്മയിൽ ഖത്തറും പങ്കാളിയാണ്. ഇതിനായി സാമ്പത്തികസഹായവും ഖത്തർ നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്നും ശൂറാകൗൺസിൽ സ്പീക്കർ അനുസ്മരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് വിരുദ്ധപ്രവർത്തനങ്ങൾ നടന്നത്. രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശൂറാകൗൺസിൽ സ്പീക്കർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.