ദോഹ: ഖത്തറിലെ ജനസംഖ്യയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റിയുടെ (പി.എസ്.എ) പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 2.75 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്നെങ്കിൽ ഈ വർഷം ഒക്ടോബറിൽ ജനസംഖ്യ 2.72ലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി.എസ്.എ പുറത്തിറക്കിയ മാസാന്ത റിപ്പോർട്ടിെൻറ 82ാം പതിപ്പിൽ രാജ്യത്ത് നിലവിൽ 1.960 ദശലക്ഷം പുരുഷന്മാരും 756,484 സ്ത്രീകളുമുണ്ടെന്നും വ്യക്തമാക്കി. ഒക്ടോബറിൽ 486 വിവാഹങ്ങളും 191 വിവാഹമോചനവും രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബറിൽ 1279 ആൺകുട്ടികളുടേതും 1130 പെൺകുട്ടികളുടേതുമടക്കം 2409 ജനനം രജിസ്റ്റർ ചെയ്തു. 226 മരണവും രജിസ്റ്റർ ചെയ്തു. രാജ്യത്ത് ൈഡ്രവിങ് ലൈസൻസുകൾ അനുവദിച്ചതിൽ മുൻ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 6913 ൈഡ്രവിങ് ലൈസൻസുകളാണ് ഒക്ടോബർ മാസം അനുവദിച്ചത്.
ഗതാഗത നിയമലംഘനങ്ങളിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ യഥാക്രമം 12.1, 16.3 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മാസം നടന്ന ഇ-ഗവൺമെൻറ് പോർട്ടൽ ഇടപാടുകളിൽ മുൻ മാസത്തേക്കാൾ 15.7 ശതമാനം ഉയർച്ചയുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇ-ഗവൺമെൻറ് ഇടപാടുകളിൽ 55.3 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
534 വാഹനാപകടങ്ങളാണ് ഒക്ടോബറിൽ ഗതാഗത വകുപ്പ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ മാസത്തേക്കാൾ 16.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. എന്നാൽ, മുൻ വർഷത്തേക്കാൾ 10.9 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും പി.എസ്.എ റിപ്പോർട്ട് വ്യക്തമാക്കുന്നു. 4153.7 ജിഗാവാട്ട് ഹവർ വൈദ്യുതി ഉപഭോഗമാണ് ഒക്ടോബർ മാസം രേഖപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 16.7 ശതമാനം കുറവാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.8 ശതമാനം കുറവുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.