ദോഹ: മാപ്പിളപ്പാട്ടെന്ന് കേൾക്കുമ്പോൾ മലയാളിയുടെ ഓർമയിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നായിരിക്കും ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ എന്ന ഒ.എം കരുവാരക്കുണ്ട്. മാപ്പിളപ്പാട്ട് ആസ്വാദകർ മൂളിനടക്കുന്ന വരികളിൽ പലതും ഈ കൈകൊണ്ട് കുറിച്ച്, ആസ്വാദക ലോകത്ത് ഹിറ്റായതാണ്. ആയിരത്തോളം മാപ്പിളപ്പാട്ടുകൾക്കും നൂറു കണക്കിന് ഒപ്പനപ്പാട്ടുകൾക്കും ജീവൻ നൽകിയ പ്രതിഭയുടെ മാപ്പിളസാഹിത്യ രചനക്കിത് അരനൂറ്റാണ്ടിന്റെ തിളക്കം. കേരളത്തിലെ സംഗീത ലോകവും ആസ്വാദക ഹൃദയങ്ങളും മറന്നപ്പോൾ, പ്രിയപ്പെട്ട കവിയെ ആദരംകൊണ്ട് നെഞ്ചേറ്റിയിരിക്കുകയാണ് ഖത്തറിലെ പ്രവാസി ലോകം. കഴിഞ്ഞ ഒരാഴ്ചയായി ഒ.എം. കരുവാരക്കുണ്ട് ഖത്തറിലുണ്ട്. മാപ്പിളപ്പാട്ടിനെ ചന്തമുള്ള വരികൾകൊണ്ട് അനശ്വരനാക്കിയ കവിയെ വിവിധ വേദികളിൽ ആദരിക്കുന്ന തിരക്കിലാണ് പ്രവാസ ലോകം. ആ തിരക്കിനിടയിൽ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുന്നു.
ഒരു പാട്ടെന്നത് ഒരുപാടുപേരുടെ അധ്വാനമാണ്. എന്നാൽ, ഇന്ന് പാട്ടിന്റെ പ്രധാന ശിൽപിയായ രചയിതാവിനെ പാട്ടുകാരും സംഗീതാസ്വാദകരും മറക്കുന്നതാണ് കാഴ്ച. മുൻകാലങ്ങളിൽ ഗായകരും മറ്റും രചയിതാവിനെയും സംഗീതം നൽകിയവരെയും പരാമർശിച്ചായിരുന്നു അവസാനിപ്പിക്കാറ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ സജീവമായ കാലമാണ്. ഒരുപാട് ഗായകരും വരുന്നുണ്ട്. എന്നാൽ, നേരത്തെ എഴുതപ്പെട്ട പല പാട്ടുകളും രചയിതാവോ സംഗീതം നൽകിയതോ ആരെന്ന് വെളിപ്പെടുത്താതെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആസ്വാദകരിലേക്ക് പാട്ടിന്റെ ശിൽപികളെ വെളിപ്പെടുത്താതെ എത്തുന്നത് സങ്കടകരമാണ്. ‘അജ്മീർ ജാനേ വാലെ... അജ്മീറിൽ വാഴും രാജ...’ എന്ന് തുടങ്ങുന്ന പാട്ടുതന്നെ ഒരു ഉദാഹരണം. മുമ്പ് എഴുതിനൽകിയതിന് പ്രതിഫലം ലഭിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം, പത്തോളം മുൻനിര പാട്ടുകാർ റെക്കോഡ് ചെയ്ത് യൂ ട്യൂബിലും പ്രമുഖ ചാനലുകളിലും എത്തിച്ചു. അവരിൽ പലരും രചയിതാവിന്റെ പേരുപോലും പരാമർശിക്കാതെയായിരുന്ന ഇത് പാടിയതും പോസ്റ്റ് ചെയ്തതും. രചയിതാക്കളെ ഇതിനേക്കാൾ വേദനിപ്പിക്കുന്ന ഒന്നുമില്ല. ഒരു സൃഷ്ടി ഉപയോഗിക്കുമ്പോൾ, ആ സൃഷ്ടികർത്താവിനെ പരാമർശിക്കുകയെന്നത് ലളിതമായ മര്യാദയാണ്. പല ഗായകരും മനഃപൂർവം രചയിതാക്കളെയും സംഗീതജ്ഞരെയും മറക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്റെ ഗാനരചന യാത്ര 50 പിന്നിട്ടുവെന്നത് ഖത്തറിൽനിന്നുള്ള സുഹൃത്തുക്കൾ ഓർമപ്പെടുത്തിയപ്പോഴാണ് ഓർത്തത്. പലപ്പോഴും ഗാനരചയിതാക്കൾ അർഹതപ്പെട്ട അംഗീകാരവും സ്നേഹവും ലഭിക്കാതെ പോവുകയാണ് ചെയ്യുന്നത്. മോയിൻകുട്ടി വൈദ്യരും ടി. ഉബൈദും പുലിക്കോട്ടിൽ ഹൈദറും ഉൾപ്പെടെ മഹാന്മാർക്കൊന്നും ജീവിച്ച കാലത്ത് വേണ്ടത്ര ആദരവും അംഗീകാരവും ലഭിച്ചിട്ടില്ല.
എന്നാൽ, ഞങ്ങൾക്കൊക്കെ ജീവിച്ചിരിക്കുമ്പോൾ ഈ ആദരവ് ലഭിക്കുന്നത് സന്തോഷം നൽകുന്നതാണ്. ഖത്തറിലെ മാപ്പിളകലാ അക്കാദമി പ്രവർത്തകരായ മുഹ്സിൻ തളിക്കുളം ഉൾപ്പെടെയുള്ളവർ അതിൽ വലിയ പങ്കുവഹിച്ചു. അവരാണ് ഇപ്പോൾ പാട്ടുയാത്രയുടെ 50 വർഷം ആഘോഷിക്കുന്നത്.
മറ്റൊരു കലക്കുമില്ലാത്ത സ്വീകാര്യതയാണ് മാപ്പിളപ്പാട്ടിന് ലഭിച്ചതെന്ന് ഒ.എം കരുവാരക്കുണ്ട് പറഞ്ഞു. എല്ലാ വിഭാഗം മതങ്ങളും മാപ്പിളപ്പാട്ടിനെ സ്വീകരിച്ചിട്ടുണ്ട്. പ്രവാചക മദ്ഹ് ഗാനങ്ങളും ഇസ്ലാമിക ഭക്തിഗാനങ്ങളും മാത്രമല്ല. ഓണവും സാമൂഹിക പരിഷ്കരണവും മറ്റു ആഘോഷങ്ങളും രാഷ്ട്രീയവുമെല്ലാം മാപ്പിളപ്പാട്ട് രചനയിൽ വിഷയങ്ങളാവുന്നു. ഇവയെല്ലാം ആസ്വാദകരും ഏറ്റെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്.
വിവിധ രചയിതാക്കളുടേതായി ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾ ഉണ്ടെങ്കിലും ഏതാനും കുറച്ച് പാട്ടുകൾ മാത്രമാണ് സ്റ്റേജ് ഷോകളിലും മറ്റുമായി ഗായകർ ആലപിക്കുന്നത്.
എന്തുകൊണ്ട് എഴുതപ്പെട്ട മറ്റു പാട്ടുകൾ നിങ്ങൾ പാടുന്നില്ലെന്ന് ചോദിച്ചാൽ ജനങ്ങൾ സ്വീകരിക്കില്ലെന്നാണ് മറുപടി. എന്നാൽ, ഇപ്പോൾ പാടുന്നതിലും മനോഹരമായ ഒരുപാട് ഗാനങ്ങളുണ്ട്. അവ തേടിപ്പിടിച്ച് പഠിച്ചെടുക്കാനുള്ള മടിയാവാം എന്നാണ് മനസ്സിലാക്കുന്നത്.
മാപ്പിളപ്പാട്ടിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് വാല്മീകി രാമായണം മാപ്പിളപ്പാട്ടായി എഴുതാൻ ശ്രമിക്കുന്നത്.
മാപ്പിളപ്പാട്ടിന്റെ 141 ഇശലുകളും കോർത്തിണക്കി രചനാ നിയമങ്ങളായ കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽ കമ്പി തുടങ്ങിയ രീതികൾ പാലിച്ചാണ് ‘ഇശൽ രാമായണം’ പൂർത്തിയാക്കിയത്. രാമായണത്തിലെ ആശയങ്ങളും കഥാസന്ദര്ഭങ്ങളും മൂലകൃതികളിലെ ആശയങ്ങളും ചോരാതെ തനത് മാപ്പിളപ്പാട്ട് രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
മഹാകവി അക്കിത്തവും ഈ കൃതിയെ വാഴ്ത്തുകയും കുറിപ്പ് എഴുതുകയും ചെയ്തു. എല്ലാ വിഭാഗങ്ങളിൽനിന്നും വലിയ പ്രോത്സാഹനവും പിന്തുണയും ഈ രചനക്ക് ലഭിച്ചിരുന്നു. മാപ്പിളപ്പാട്ടിന് ഒരു മതേതര മുഖം നൽകാനും തന്റെ ശ്രമത്തിന് കഴിഞ്ഞതായി ഒ.എം പറഞ്ഞു.
ദോഹ: മാപ്പിളപ്പാട്ട് ഗാനരചയിതാവ് ഒ.എം കരുവാരക്കുണ്ടിന്റെ 50 വർഷം പിന്നിട്ട സംഗീത യാത്രയെ മിനി സ്ക്രീനിലൂടെ അനശ്വരമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ഖത്തറിൽനിന്നുള്ള ഒരു സംഘം സംഗീതപ്രേമികൾ. ഖത്തർ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തിൽ മുഹ്സിൻ തളിക്കുളമാണ് ‘ഇശൽ വഴികളിലൂടെ ഒ.എം’ എന്ന പേരിൽ ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ആയിരത്തോളം മാപ്പിളപ്പാട്ടുകളും നൂറോളം ഒപ്പനപ്പാട്ടുകളും എഴുതിയ ഒ.എമ്മിന്റെ സൃഷ്ടികൾ ആത്മാവ് ചോരാതെ ഭാവി തലമുറകളിലേക്കു കൂടി എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഈ ഡോക്യുമെന്ററിയെന്ന് ഖത്തർ പ്രവാസികൂടിയായ മുഹ്സിൻ തളിക്കുളം പറയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ദോഹയിൽ ഒ.എം കരുവാരക്കുണ്ടിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത പാട്ടുകളുമായി സംഗീത പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഖത്തറിൽനിന്നുതന്നെയുള്ള ഗായകരാണ് പാട്ടുകൾ ആലപിച്ചത്.
ഒ.എം കരുവാരക്കുണ്ടിന്റെ ജീവതവും പാട്ട് രചനകളും അദ്ദേഹവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ കവികളും സംഗീതജ്ഞരും പാട്ടുകാരും അനുഭവങ്ങൾ പങ്കുവെക്കുന്നതുമെല്ലാം ചിത്രീകരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി തയാറാക്കുന്നത്. വിവിധ ഭാഗങ്ങൾ ഖത്തറിലും വരും ദിനങ്ങളിൽ ദുബൈ ഉൾപ്പെടെ മറ്റു ഗൾഫു നാടുകളിലും ചിത്രീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.