ദോഹ: സ്മാർട്ട് ജലസേചന മാർഗം രാജ്യത്ത് പാർക്കുകളും ഹരിത പ്രദേശങ്ങളും വർധിപ്പിക്കുന്നതിന് സഹായകമായതായി അധികൃതർ. ജലസേചനത്തിനുള്ള വെള്ളത്തിന്റെ വെല്ലുവിളി മറികടക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് പാർക്സ് വിഭാഗം സ്വീകരിച്ച നടപടികൾ വരും വർഷങ്ങളിൽ രാജ്യത്ത് പൊതു പാർക്കുകളുടെയും ഹരിത പ്രദേശങ്ങളുടെയും എണ്ണം വർധിപ്പിക്കുമെന്ന് പബ്ലിക് പാർക് ഡിപാർട്ട്മെൻറ് മേധാവി എൻജി. മുഹമ്മദ് അലി അൽഖൂരി പറഞ്ഞു.
ജല ഉപഭോഗം കുറക്കുന്നതിന് കേന്ദ്രീകൃത ജലസേചന നിയന്ത്രണ സംവിധാനം വിന്യസിച്ചതിലൂടെ ഒരൊറ്റ സ്ഥലത്തുനിന്ന് ജലസേചനത്തിന്റെ ഷെഡ്യൂളിങ്ങും മാനേജ്മെൻറും സാധിക്കും. ചെടികളും മരങ്ങളും നനക്കുന്നതിനുള്ള കാര്യക്ഷമമായ ‘തുള്ളിനന സംവിധാന’വും നടപ്പാക്കിയിട്ടുണ്ട്. ജലസേചന സംവിധാനത്തെ കൂടുതൽ ശക്തമാക്കുന്നതിന് ശുദ്ധീകരിച്ച വെള്ളത്തിന്റെ പൈപ്പ് ലൈനുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചതായും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിനിടയിൽ മുഹമ്മദ് അലി അൽഖൂരി പറഞ്ഞു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പദ്ധതികൾക്കനുസൃതമായാണ് രാജ്യത്തുടനീളം പൊതു പാർക്കുകൾ വികസിപ്പിക്കുന്നത്. ഭാവിയിൽ പുതിയ പാർക്കുകൾ നിർമിക്കുന്നതിനുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് മന്ത്രാലയം നടപടികൾ സ്വീകരിക്കും. വരും വർഷങ്ങളിൽ നിലവിലുള്ള 148 പാർക്കുകളിൽ നിന്നും പാർക്കുകളുടെ എണ്ണം രണ്ടോ മൂന്നോ മടങ്ങ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. എങ്കിലും രാജ്യത്തിന്റെ വേഗത്തിലുള്ള നഗരവികസനത്തിനൊപ്പം ഖത്തറിലെ പച്ചപ്പ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030മായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്ലാന്റേഷൻ ഡ്രൈവ് തുടരും. പാർക്കുകളുടെ വിപുലീകരണം കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ)യുമായി സഹകരിച്ച് റോഡുകളിൽ ശുദ്ധജല പൈപ് ലൈനുകൾ സ്ഥാപിക്കുന്നുണ്ട്. പദ്ധതി പൂർത്തിയായാലുടൻ ആ പ്രദേശങ്ങളിൽ പാതയോര തോട്ടങ്ങൾ നിർമിക്കും. ഖത്തറിലെ പൊതുപാർക്കുകളുടെ എണ്ണം 2010ൽ 56 എന്നുള്ളത് 2022ഓടെ 148 ആയി വർധിച്ചു. 2010ൽ 2.5 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടായിരുന്ന രാജ്യത്തെ ഹരിത ഇടങ്ങൾ 2022ഓടെ 43 ദശലക്ഷം ചതുരശ്രമീറ്ററായി ഉയർന്നു.
ഹരിത പ്രദേശങ്ങളുടെ പ്രതിശീർഷ വിഹിതം 2010ൽ ഒരു ചതുരശ്രമീറ്ററിൽ താഴെയായിരുന്നത് 16 മടങ്ങ് വർധിച്ച് 16 ചതുരശ്രമീറ്ററായി. ഖത്തർ പോലെ മരുഭൂ കാലാവസ്ഥയുള്ള രാജ്യത്ത് തോട്ടങ്ങളും ഹരിത ഇടങ്ങളും ഉയർന്ന താപനില, ജലക്ഷാമം, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതായും അൽഖൂരി ചൂണ്ടിക്കാട്ടി.
വേനലിൽ താപനില കൂടിയ സാഹചര്യങ്ങളിൽ ചെടികളുടെ പരിപാലനച്ചെലവ് വളരെ കൂടുതലാണ്. റസിഡൻഷ്യൽ മേഖലകളിലെ പൊതുപാർക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരെ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പാർക്കുകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പാർക്കുകളിലേക്കുള്ള ആളുകളുടെ പ്രവേശനവും ഗണ്യമായി ഉയർന്നു.
2030ഓടെ ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. 2010ൽ ആരംഭിച്ച പ്ലാൻറ് മില്യൻ ട്രീ പദ്ധതിയുടെ ഭാഗമായി 2022 ഡിസംബർ 18ന് ദശലക്ഷം വൃക്ഷം നടീൽ പദ്ധതി പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.