ദോഹ: വ്രതവും പ്രാർഥനകളുമായി കഴിയുന്ന റമദാനിൽ ആരോഗ്യകരമായ ജീവിതശൈലിയും ബോധ്യപ്പെടുത്തി ആസ്പയറിൽ കായികമേള. വൈകീട്ട് നോമ്പും തുറന്ന്, പ്രാർഥനകളും കഴിഞ്ഞ് വിശ്വാസികൾക്കും കായികപ്രേമികൾക്കുമെല്ലാം ആസ്വദിക്കാനും പങ്കെടുക്കാനുമുള്ള അവസരമായി പത്താമത് ആസ്പയർ റമദാൻ കായികമേളക്ക് തുടക്കംകുറിച്ചു. ആസ്പയർ സോൺ ഫൗണ്ടേഷനിൽ ചൊവ്വാഴ്ച ആരംഭിച്ച കായികമേള 12 ദിവസം നീണ്ടുനിൽക്കും. മാർച്ച് 28ന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കുന്ന റമദാൻ കായികമേള, എല്ലാ ദിവസവും രാത്രി ഒമ്പതു മുതൽ പുലർച്ച 12 വരെയാണ് നടക്കുക. ആവേശകരവും ആസ്വാദ്യകരവുമായ എട്ടു കായിക ഇനങ്ങളിലാണ് വിഭിന്ന വിഭാഗങ്ങളിൽനിന്നുള്ളവർ മാറ്റുരക്കുന്ന മത്സരങ്ങൾ അരങ്ങേറുന്നത്.
പുരുഷന്മാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ മൂന്നു വിഭാഗമാക്കിയാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ഫുട്ബാൾ, ബാസ്കറ്റ്ബാൾ മത്സരങ്ങൾ പുരുഷന്മാർക്കും വോളിബാൾ, ഫുട്സാൽ, ബാസ്കറ്റ്ബാൾ, പാഡൽ എന്നീ മത്സരങ്ങൾ സ്ത്രീകൾക്കുമായി നടത്തുമ്പോൾ ഖത്തർ പാരാലിമ്പിക്സ് കമ്മിറ്റിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി ടേബ്ൾ ടെന്നിസ് മത്സരമാണ് നടത്തുന്നത്.
പുരുഷ ഫുട്ബാൾ മത്സരങ്ങൾ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. ബാക്കി മത്സരങ്ങൾക്കെല്ലാം ആസ്പയർ സോൺ തന്നെയാണ് വേദിയാകുക. ആസ്പയർ സോൺ ഫൗണ്ടേഷൻ അംഗമായ അസ്പതാർ, റമദാൻ നോമ്പിനെയും വ്യായാമത്തെയുംകുറിച്ച ക്ലിനിക്കൽ മാർഗനിർദേശങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കായികമേഖലകളിൽ കഴിവുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും ആസ്പയറിന്റെ സൗകര്യങ്ങൾക്കുള്ളിൽ കായികപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് ആസ്പയർ റമദാൻ ടൂർണമെന്റുകളുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷൻ കമ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി നാസർ അബ്ദുല്ല അൽ ഹാജിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.