ദോഹ: രണ്ടുനാൾ കഴിഞ്ഞ് ഖത്തറിെൻറ മണ്ണിന് ആവേശം പകർന്ന് അരങ്ങേറുന്ന 'ഖത്തർ റൺ 2021'ന് ആശംസയുമായി കടലിനക്കരെ മലയളമണ്ണിൽനിന്ന് ഇന്ത്യയുടെ പ്രിയ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.ആർ. ശ്രീജേഷ്. 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന രണ്ടാമത് ഖത്തർ റണ്ണിൽ 46 രാജ്യക്കാരായ 450ഓളം പേർ പങ്കാളികളാവുന്നത് സന്തോഷം നൽകുന്ന വാർത്തയാണെന്ന് ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് അഭിമാനമായി ഹോക്കിയിൽ വെങ്കലം സമ്മാനിച്ച ടീമിെൻറ കാവൽഭടൻ പറഞ്ഞു. 'ഏറ്റവും മികച്ച സന്ദേശമാണ് 'ഖത്തർ റണ്ണി'ലൂടെ നൽകുന്നത്്. സ്പോർട്സ് വിനോദം എന്നതിനേക്കാൾ, എല്ലാവരുടെയും ജീവിതത്തിൽ നിർബന്ധമായും പിന്തുടരേണ്ട ഒന്നാണെന്ന് സന്ദേശമാണ് ഖത്തർ റൺ പകരുന്നത്. ജോലിതേടി ഗൾഫ് നാടുകളിലെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പങ്കാളികളാവുന്നു എന്നറിഞ്ഞതിൽ സന്തോഷം. കളിയും വ്യായാമവും ഏറ്റവും പ്രധാനഘടകമായി ജീവിതത്തോടൊപ്പം നിലനിർത്തുന്ന യൂറോപ്യൻസിനെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്. അവരുടെയും സജീവ പങ്കാളിത്തവും ഖത്തർ റണ്ണിലുണ്ടെന്നറിഞ്ഞു'.
'കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സ്പോർട്സിനോട് ഇഷ്ടമുണ്ടാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കായിക സംസ്കാരം ഒരു വിനോദം മാത്രമല്ല, ആരോഗ്യകരമായ ഭാവി ജീവിതത്തിനും പഠനത്തിലും ഉദ്യോഗതലത്തിലും ഉന്മേഷം നിലനിർത്താനും ഗുണം ചെയ്യും. വീട്ടിലും നാട്ടിലുമെല്ലാം കായിക സംസ്കാരം വളർത്താൻ ഇത്തരത്തിലുള്ള മത്സരങ്ങൾ ഉപയോഗപ്പെടും. ഒക്ടോബർ 15ന് ആസ്പയർ പാർക്കിൽ നടക്കുന്ന ഖത്തർ റണ്ണിന് എല്ലാ ആശംസകളും. ആൾ ദി ബെസ്റ്റ്' -ഒളിമ്പിക്സ് മെഡലണിഞ്ഞ് നാട്ടിലെത്തിയ പി.ആർ. ശ്രീജേഷ് പറഞ്ഞു. 2004 മുതൽ ഇന്ത്യൻ ടീമിലെ അംഗമാണ് പി.ആർ. ശ്രീജേഷ്. ഇടക്കാലത്ത് ക്യാപ്റ്റെൻറ റോളിലും അരങ്ങേറി. ഏഷ്യൻ ഗെയിംസ് സ്വർണം, വെങ്കലം, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നു തവണ സ്വർണം, കോമൺവെൽത്ത് ഗെയിംസ് വെള്ളി, ഏഷ്യാകപ്പിൽ വെള്ളി തുടങ്ങി നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായി. കേരള വിദ്യാഭ്യാസ വകുപ്പിൽ ജോയൻറ് ഡയറക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.