ദോഹ: ലോകകപ്പ് വേളയിൽ കളിയെയും താരങ്ങളെയും സംഘാടനത്തെയും പോലെ ലോകം ആഘോഷിച്ച ഒന്നായിരുന്നു ഖത്തറിലെ സ്റ്റേഡിയങ്ങളുടെ നിർമിതി. അവയിൽ ഏറ്റവും ശ്രദ്ധേയമായത് റാസ് അബൂഅബുദിലെ കണ്ടെയ്നർ സ്റ്റേഡിയവും. 974 ഷിപ്പിങ് കണ്ടെയ്നറുകളെ അടുക്കുകളാക്കി നിർമിച്ച ആ കളിമുറ്റം ഇന്ന് ലോകത്തിനു തന്നെ മാതൃകയായിമാറുകയാണ്.
ബ്രസീലും അർജന്റീനയും പോർചുഗലും ഉൾപ്പെടെ വമ്പന്മാരുടെ പോരാട്ടങ്ങൾക്ക് വേദിയായ കണ്ടെയ്നർ സ്റ്റേഡിയത്തിന്റെ ആശയം കടമെടുത്ത് വിദേശ രാജ്യങ്ങളിലും പുതിയ പദ്ധതികൾ ആലോചനയിലാണ്. അവയിൽ ഏറ്റവും പുതിയ വാർത്തയെത്തുന്നത് ബെൽജിയത്തിൽനിന്നാണ്. 974 സ്റ്റേഡിയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ബെൽജിയത്തിലും കണ്ടെയ്നർ സ്റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ദിനപത്രമായ ലാ ഡെർന്യർ ഹ്യൂറെ റിപ്പോർട്ട് ചെയ്തു.
ബെൽജിയം ഫുട്ബാളിന്റെ ഒരുപാട് കഥകൾ അവശേഷിക്കുന്ന ബ്രസൽസിലാണ് 1895 അറീന എന്ന പേരിൽ 974 സ്റ്റേഡിയത്തിന്റെ മാതൃകയിൽ കണ്ടെയ്നർ കൊണ്ട് മറ്റൊരു വിസ്മയം തീർക്കാൻ ഒരുങ്ങുന്നത്. ആന്റ് വെർപ്പിൽനിന്നും സീബ്രഗിൽനിന്നും റീസൈക്കിൾ ചെയ്ത ഡീകമീഷൻ ചെയ്ത കണ്ടെയ്നറുകൾ ഉപയോഗിക്കാനാണ് പദ്ധതി. 974 ആശയത്തിന് സമാനമായി കൃത്യം 1985 കണ്ടെയ്നറുകൾ സ്ഥാപിക്കാനാണ് തീരുമാനമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ബെൽജിയം ഫുട്ബാൾ യൂനിയന്റെയും അതിന്റെ ഔദ്യോഗിക ക്ലബിന്റെയും സ്ഥാപക വർഷമായ 1895നെ അനുസ്മരിപ്പിക്കും വിധത്തിൽ പേര് നൽകുന്ന 1895 അറീനയിൽ 65000 സീറ്റുകൾ ഉണ്ടാകുമെന്നതിനാൽ 974 സ്റ്റേഡിയത്തിനേക്കാൾ ഏറെ വലുതായിരിക്കും.
974 ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഐതിഹാസിക വേദി, ഖത്തർ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായതിന് ശേഷം പൊളിച്ച് നീക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലോകകപ്പിൽ ബ്രസീൽ-ദക്ഷിണ കൊറിയ പ്രീ ക്വാർട്ടർ മത്സരമാണ് സ്റ്റേഡിയത്തിലെ അവസാന മത്സരം. തുടർന്ന് ആറ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 50 രാജ്യങ്ങളിൽനിന്നുമായെത്തിയ 150 ഡിസൈനർമാരെ ഒരുമിച്ച് കൊണ്ടുവന്ന സി.ആർ റൺവേയുടെ ഫാഷൻ യുനൈറ്റഡിനും സ്റ്റേഡിയം വേദിയായിരുന്നു.
ചെലവ് കുറഞ്ഞ സുസ്ഥിരതക്കുള്ള ഖത്തറിന്റെ സമർപ്പണത്തിനുള്ള ആദരസൂചകമായി ടൂർണമെന്റിന് ശേഷമുള്ള ഉപയോഗം ഉറപ്പാക്കാൻ എല്ലാ സ്റ്റേഡിയങ്ങളും സുസ്ഥിര മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ലോകകപ്പ് സംഘാടക സമിതി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി വ്യക്തമാക്കിയിരുന്നു.
സാധ്യമാകുന്നിടങ്ങളിലെല്ലാം ഞങ്ങൾ റീസൈക്കിൾ ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും കൂടാതെ വിപുലമായ ഊർജ, ജല കാര്യക്ഷമത പരിഹാര മാർഗങ്ങൾ നടപ്പാക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേഡിയത്തിനു പുറമെ, ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ട് താമസ സ്ഥലങ്ങൾ ഒരുക്കിയും ഖത്തർ സുസ്ഥിരതയുടെ പുതുമയാർന്ന ആശയം അവതരിപ്പിച്ചിരുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ ലോകശ്രദ്ധ നേടിയ ആശയം ലോകകപ്പിനു പിന്നാലെ വിവിധ രാജ്യങ്ങളിലും ഉപയോഗിക്കപ്പെട്ടു. തുർക്കിയ, സിറിയ ഭുകമ്പ ദുരിത ബാധിതർക്ക് വീടൊരുക്കാൻ 10,000ത്തോളം കണ്ടെയ്നറുകളാണ് ഖത്തർ സംഭാവന ചെയ്തത്. ഇവയിൽ 4000 കണ്ടെയ്നർ വീടുകൾ കഴിഞ്ഞ മാസം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.