ദോഹ: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായ ആരോഗ്യ രീതികളിലൂടെ പ്രതിരോധിക്കാൻ പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ച് ഖത്തർ ഫൗണ്ടേഷനു കീഴിലെ ‘വിഷ്’ ആഗോള ആരോഗ്യ ഉച്ചകോടി. രണ്ടു ദിവസങ്ങളിൽ ദോഹയിൽ നടന്ന ‘വേൾഡ് ഇന്നൊവേഷൻ ഹെൽത്ത് സമ്മിറ്റ് -വിഷ്’ ആണ് ജീവിതശൈലി രോഗ പ്രതിരോധത്തിന് പദ്ധതികൾ പ്രഖ്യാപിച്ചത്.
അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാനുള്ള രണ്ട് പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഹൃദ്രോഗം നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി നൊവാര്ട്ടിഷ് ഫൗണ്ടേഷന് രൂപം നല്കിയ ‘കാര്‍ഡിയോ ഫോര്‍ സിറ്റീസ്’ പ്രോഗ്രാം രാജ്യത്ത് നടപ്പാക്കുമെന്ന് ‘വിഷ്’ പ്രഖ്യാപിച്ചു.
ബ്രസീലിലെ സാവോ പോളോ, സെനഗാളിലെ ഡാകർ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയാണ് ‘കാർഡിയോ ഫോർ സിറ്റീസ്’. ഖത്തർ ഉൾപ്പെടെ ലോകത്ത് പ്രധാന മരണകാരണമായി എണ്ണപ്പെടുന്ന ഒന്നാണ് ഹൃദ്രോഗം. 21 ദശലക്ഷം പേർ ഹൃദ്രോഗത്തെത്തുടർന്ന് മരണപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇവയിൽ വലിയൊരു ശതമാനവും തടയാൻ കഴിയുന്നതായിരുന്നെന്നും ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജീവിതശൈലി രോഗ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാൻ ‘വിഷ്’ അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങള്‍ മൂലമുള്ള മരണം 2030 ഓടെ 36 ശതമാനം കുറക്കുകയാണ് ലക്ഷ്യം. ഇത്തരം രോഗങ്ങളുടെ ചികിത്സക്കായി പ്രതിവര്‍ഷം ഖത്തര്‍ 18.1 ബില്യണ്‍ റിയാല്‍ ചെലവഴിക്കുന്നുണ്ട്. ഇതില്‍ 73 ശതമാനവും ഹൃദ്രോഗ ചികിത്സക്കാണെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽഥാനി പറഞ്ഞു.
‘ഹൃദ്രോഗം ഉൾപ്പെടെ പ്രതിരോധിക്കാവുന്ന രോഗങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുന്നത് ലക്ഷ്യമിട്ടുള്ള ഇടപെടൽ ഖത്തറിന് നടപ്പാക്കേണ്ട സമയമാണിത്. അഞ്ചു വർഷത്തിനുള്ളിൽ, ഹൃദ്രോഗബാധിതരായ വ്യക്തികളുടെ പരിചരണത്തിലും അനുഭവങ്ങളിലും കാര്യമായ പുരോഗതി കാണുമെന്ന് പ്രതീക്ഷിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആക്ഷന്‍ പ്ലാന്‍ 58 പ്രോജക്ടുകള്‍ വഴിയാണ് നടപ്പാക്കുക. സാംക്രമികേതര രോഗങ്ങൾ മൂലമുള്ള മരണനിരക്ക് 2030ഓടെ 36 ശതമാനമായി കുറക്കുകയാണ് പുതിയ കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. സാലിഹ് അലി അൽ മർറി പറഞ്ഞു.
രണ്ട് ദിവസമായി നടന്ന വിഷ് ഉച്ചകോടിയില്‍ 3000 പ്രതിനിധികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200ലേറെ ആരോഗ്യവിദഗ്ധര്‍ വിഷിന്റെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.