ദോഹ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്പ്രതിസന്ധിയും അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരുരാജ്യങ്ങളും എത്തിയതായി 'അൽജസീറ' റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡൻറിൻെറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ പ്രശ്നപരിഹാരം ഉണ്ടാവണമെന്നതിൻെറ അടിസ്ഥാനത്തിലാണിത്. ജാരദ് കുഷ്നർ ബുധനാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻസൽമാനുമായും കുഷ്നർ കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്.
സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പ്രധാനമായും നടന്നതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്.
നിലവിൽ പരിഗണിക്കുന്ന പരിഹാര കരാറിൽ യു.എ.ഇ, ബഹ്ൈറൻ, ഈജിപ്ത് രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്ച നൽകിയിരുന്നു. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അന്ന് പറഞ്ഞത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ള പ്രമുഖരും സമാനപ്രസ്താവനകൾ ഈയടുത്ത് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.