ദോഹ: ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നും ഫലസ്തീൻ ജനതക്ക് ഖത്തറിെൻറ അടിയുറച്ച പിന്തുണയുണ്ടെന്നും ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ്. അൽ ഖുദ്സും അൽ അഖ്സയും അറബ് ജനതക്കും ഇസ്ലാമികലോകത്തിനും തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറബ് ഇൻറർപാർലമെൻററി യൂനിയൻ സംഘടിപ്പിച്ച അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു. കിഴക്കൻ ജറൂസലം ആസ്ഥാനമാക്കി, 1967ലെ അതിർത്തികൾ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിെൻറ പുനഃസ്ഥാപനത്തിന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വെല്ലുവിളികളാണ് അറബ് സമൂഹം അഭിമുഖീകരിക്കുന്നത്. പട്ടാളം, പൊലീസ് എന്നിവരുടെ അതിക്രമങ്ങളിൽനിന്നും മനുഷ്യാവകാശലംഘനങ്ങളിൽനിന്നും അൽ ഖുദ്സ്, അൽ അഖ്സ പള്ളി, ഫലസ്തീൻ ജനത എന്നിവയുടെ സംരക്ഷണം ഗൗരവമേറിയ വെല്ലുവിളിയാണ്.
അറബികളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യൻ വിശ്വാസികളുടെയും വികാരങ്ങളെ മാനിക്കാതെ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങളും അതിക്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും പ്രത്യക്ഷമായ ലംഘനമാണ്. ഇസ്രായേലിെൻറ ബുള്ളറ്റുകളെ ധൈര്യമായി നേരിട്ട് ഗസ്സയിലും ശൈഖ് ജർറാഹ് അതിർത്തിയിലും ഡമസ്കസ് ഗേറ്റിലും അൽ അഖ്സ പള്ളിയിലും നിലകൊള്ളുന്ന ഫലസ്തീൻ ജനതക്ക് എല്ലാ അഭിവാദ്യങ്ങളും അർപ്പിക്കുകയാണ്.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും അനധികൃത കുടിയേറ്റം നിർത്തലാക്കുന്നതിനും അറബ് സമൂഹത്തിെൻറ ഐക്യം അനിവാര്യമാണെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.