ദോഹ: പന്തിനെ ഡ്രിബ്ൾചെയ്ത് മുന്നേറുന്ന ഒരുപിടി താരങ്ങൾക്ക് കളിയുടെ കാൻവാസൊരുക്കുന്ന ആഗോള സംഘാടകനാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളിൽ ഓടിച്ചാടി നടക്കുന്ന ഇൻഫന്റിനോയെ തന്റെ കാൻവാസിൽ ഡ്രിബ്ൾ ചെയ്തു വീഴ്ത്തിയ ഒരു മലയാളിയുണ്ട് ദോഹയിൽ. തൃശൂർ തളിക്കുളം സ്വദേശി പി.എസ്. സുൽഫിക്കർ എന്ന കലാകാരന് ചാർക്കോളിൽ തീർത്ത ഇൻഫന്റിനോയുടെ ജീവൻ തുടിക്കുന്ന ചിത്രത്തിനു മുന്നിൽ അദ്ദേഹവും ആരാധകനായി.
പിന്നാലെ, സുൽഫിക്കറിനെ തേടി വിലപ്പെട്ട സമ്മാനവുമെത്തി. തന്റെ ചിത്രം അതിമനോഹരമായി വരച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരു അഭിനന്ദന കത്തും, നന്ദി ചൊല്ലി കൈയൊപ്പ് പതിച്ച ഒരു പന്തുമായിരുന്നു സമ്മാനം. ലോകഫുട്ബാളിനെ ഭരിക്കുന്ന സൂപ്പർ നായകന്റെ സമ്മാനം തേടിയെത്തിയതിന്റെ ത്രില്ലിലാണ് പി.എസ്. സുൽഫിക്കർ.
ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടര വർഷമായി ജോലി ചെയ്യുന്ന സുൽഫിക്കർ ജോലിത്തിരക്കിനിടയിലാണ് ഇൻഫന്റിനോയുടെ ചിത്രം വരക്കുന്നത്. രണ്ടു ദിവസം കൊണ്ട് വരച്ചു തീർത്ത ചിത്രം, പ്രോജക്ട് മാനേജർ മുഹന്നദ് ഖൗലിന്റെ ശ്രദ്ധയിൽപെട്ടപ്പോഴാണ് വഴിത്തിരിവായത്. അദ്ദേഹം, ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ലീഡ് എൻജിനീയർ തമീം അൽ ആബിദിന് കൈമാറി. ഇൻഫന്റിനോക്ക് സമ്മാനമായി നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു കൈമാറിയത്. ഇത്രയും സംഭവിക്കുന്നത് ഫിഫ അറബ് കപ്പ് മത്സരങ്ങൾക്കും മുമ്പ്.
കളിയാരവങ്ങളെല്ലാം അവസാനിച്ച്, മാസങ്ങൾക്കൊടുവിൽ ക്രിസ്മസിന് രണ്ടു ദിവസം മുമ്പ് സുപ്രീം കമ്മിറ്റിയിൽ നിന്നും ഒരു സമ്മാനപ്പൊതി സുൽഫിക്കറിനെ തേടിയെത്തി. സാക്ഷാൽ ഇൻഫന്റിനോയുടെ സ്നേഹവും നന്ദിവാക്കുകളുമായിരുന്നു അതിൽ. നിങ്ങളുടെ വരയും ചിത്രവും മനോഹരമായിരിക്കുന്നുവെന്നും, എന്റെ വ്യക്തിപരമായ സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്നുമായിരുന്നു കത്തിലെ വരികൾ. ലുസൈൽ സ്റ്റേഡിയ നിർമാണത്തിലെ പങ്കാളിത്തത്തിനും, ലോകകപ്പ് വിജയകരമായി സാക്ഷാത്കരിക്കുന്നതിനുള്ള സേവനത്തിനും കുറിപ്പിൽ അഭിനന്ദിക്കുന്നു.
500ലേറെ ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ടെങ്കിലും തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഇൻഫന്റിനോയുടെ കത്തിനെയും സമ്മാനത്തെയും സുൽഫിക്കർ വിശേഷിപ്പിക്കുന്നത്. ലുസൈൽ സ്റ്റേഡിയം നിർമാണത്തിൽ പങ്കാളിയായ ചൈനീസ് കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളറായാണ് ഈ എൻജിനീയർ ജോലി ചെയ്യുന്നത്. കുഞ്ഞുനാളിലെ ഒപ്പം കൂടിയ ചിത്രരചന ഏതാനും വർഷം മുമ്പ് മാത്രമാണ് ഗൗരവത്തിലെടുത്തതെന്ന് സുൽഫിക്കർ 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു. ഇടക്കാലത്ത് ജോലിയില്ലാതായപ്പോൾ, വരുമാനമായും ചിത്രരചന മാറി.
കരിയും ഗ്രാഫൈറ്റുമാണ് സുൽഫിക്കറുടെ വരകളിലെ മാധ്യമം. ഇതിൽ തീർത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിരവധിയാണ്. മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങി മലയാള ചലച്ചിത്ര താരങ്ങൾ, ഹോളിവുഡ് നടന്മാർ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി.. അങ്ങനെ നീളുന്നു പട്ടിക. എന്നാൽ, പ്രമുഖരുടെ ചിത്രങ്ങളൊന്നും അവർക്ക് ഇതുവരെ സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സുൽഫിക്കർ പറയുന്നു.
അതേസമയം, ഫേസ്ബുക്കിലെ (Katara Art) എന്ന പേജ് വഴി തന്റെ ചിത്രങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നുണ്ട് ഇദ്ദേഹം. ഖത്തറിലെ വിവിധ രാജ്യക്കാരായ വ്യക്തികൾ സമ്മാനമായി നൽകാനും മറ്റും സുൽഫിക്കറിന്റെ കലാമികവിനെ ആശ്രയിക്കുമ്പോൾ ഒരു മലയാളിയുടെ പ്രതിഭക്കുള്ള അംഗീകാരം കൂടിയാണ്. ഭാര്യ അമല താഹക്കും മൂന്നുവയസ്സുകാരൻ മകൻ ആദം മുഹമ്മദും പിന്തുണയുമായി ഖത്തറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.