ദോഹ: പഠനത്തിരക്കുകൾക്ക് താൽക്കാലിക ഇടവേള നൽകി ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ മധ്യവേനലവധി ആരംഭിച്ചു. വ്യാഴാഴ്ച അവസാനത്തെ പ്രവൃത്തി ദിനം പൂർത്തിയാക്കിയതിനു പിന്നാലെ സ്കൂളുകളിൽ ഇനി രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുന്ന അവധിക്കാലം. ജൂൺ 16 മുതൽ ആഗസ്റ്റ് 26 വരെയാണ് മധ്യ വേനലവധി. രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 67 ദിവസം മധ്യവേനലവധി നൽകുന്നത്. സ്കൂൾ അധ്യാപകർ ജൂൺ 20 മുതൽ അവധിയിൽ പ്രവേശിക്കും.
ഏപ്രിലിൽതന്നെ പുതിയ അധ്യയന വർഷം ആരംഭിച്ച ഇന്ത്യൻ സ്കൂളുകൾക്ക് ഇത് പുതിയ ക്ലാസുകളിലെ പഠനത്തിരക്കിനിടയിലുള്ള അവധിയാണ്. ആദ്യ ടേം പരീക്ഷ പൂർത്തിയായതിനു പിന്നാലെയാണ് വിവിധ സ്കൂളുകളിൽ അവധി ആരംഭിച്ചത്. ആഗസ്റ്റ് 27 മുതല്‍ വിദ്യാർഥികള്‍ക്ക് പഠനം പുനരാരംഭിക്കും.
അധ്യയന വർഷത്തിനിടയിലെ അവധിയായതിനാൽ ഓൺലൈൻ വഴി കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ തുടരും.ചില ഇന്ത്യൻ സ്കൂളുകളിൽ അഡ്മിഷൻ നടപടികളുടെ കൂടി സമയമാണിത്. ഒഴിവുള്ള സീറ്റുകളിലേക്കും, കെ.ജി ക്ലാസുകളിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ അഡ്മിഷൻ നടപടികൾ തുടരുന്നു. അതേസമയം, രണ്ടു മാസത്തെ അവധിക്കാലം നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റ പണികളും പൂർത്തിയാക്കാനുള്ള കാലയളവ് കൂടിയാണ്.
രണ്ടു മാസത്തിലേറെ അവധിയും ഇതിനിടയിൽ പെരുന്നാളും എത്തുന്നതോടെ കുട്ടികൾക്ക് ഉത്സവ കാലമാണ്. കഴിഞ്ഞ വർഷം ലോകകപ്പിന്റെ ഒരുക്കങ്ങളായതിനാൽ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസി രക്ഷിതാക്കളെല്ലാം ഇത്തവണ നേരത്തെ പുറപ്പെട്ടുകഴിഞ്ഞു. അതേസമയം, വിമാനയാത്രാ നിരക്കിലെ വർധനയാണ് ഏറ്റവും വലിയ വെല്ലുവിളി. താങ്ങാനാവാത്ത ടിക്കറ്റ് വിലകാരണം പതിവ് യാത്രാ പദ്ധതികൾ മാറ്റിവെച്ച്, ദോഹയിൽ തുടരുന്നവരുമുണ്ട്. ഗള്‍ഫിന്റെ കനത്ത ചൂടില്‍നിന്ന് രണ്ട് മാസം മാറി നില്‍ക്കാമെന്നതാണ് അവധിക്കാലത്തിന്റെ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.