ദോഹ: വേനൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമേകുന്ന മധ്യാഹ്ന വിശ്രമനിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പുറത്തിറക്കിയ 2021ലെ 17ാം നമ്പർ തീരുമാനപ്രകാരം ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 15വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കണം. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് വിശ്രമം അനുവദിക്കേണ്ടതെന്നും മന്ത്രാലയം നിർദേശം നൽകി. നിയമ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
മന്ത്രാലയം പുറത്തിറക്കിയ തീരുമാനങ്ങൾ പ്രകാരം തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്കണം. മന്ത്രാലയത്തിൽ നിന്നുള്ള പരിശോധകരെത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കും.
കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാനും വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾക്ക് കൂടുതൽ പിന്തുണയേകാനും തീരുമാനം പ്രയോജനപ്പെടുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഏതു സമയത്തായാലും അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യൂ.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ തൊഴിലിലേർപ്പെടുന്നത് ഉടനടി നിർത്തിവെക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചൂട് സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താനും പ്രശ്നങ്ങൾ കുറക്കാനും കമ്പനികളുമായും തൊഴിലാളികളുമായും ചേർന്ന് സംയുക്ത പദ്ധതി വികസിപ്പിക്കും
ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് എല്ലാ വർഷവും മേയ് മാസത്തിൽ തൊഴിലാളികൾക്ക് പരിശീലനം നൽകണം.
തൊഴിൽ സമയത്ത് എല്ലാ തൊഴിലാളികൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കണം.
തൊഴിലാളികൾക്ക് പെട്ടെന്ന് പ്രവേശനം സാധ്യമാകുന്ന രീതിയിൽ വിശ്രമസ്ഥലങ്ങൾ തൊഴിലിടങ്ങളിൽ നിർമിച്ച് നൽകണം.
ചൂടുള്ള കാലാവസ്ഥയിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ പോലെയുള്ള പേഴ്സനൽ െപ്രാട്ടക്ടിവ് സംവിധാനങ്ങൾ നൽകണം.
എല്ലാ തൊഴിലാളികൾക്കിടയിലും പ്രതിവർഷം മെഡിക്കൽ പരിശോധന നടത്തുകയും എല്ലാ പരിശോധനയുടെയും ഫലങ്ങൾ രേഖപ്പെടുത്തിവെക്കുകയും ചെയ്യണം.
തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ട്രെയിനിങ് പാരാമെഡിക്സ്, ഒക്യുപേഷനൽ സേഫ്റ്റി ഹെൽത്ത് സൂപ്പർവൈസർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തണം.
വെറ്റ് ബൾബ് ഗ്ലോബ് ഗേജ് സൂചിക എപ്പോഴും ശ്രദ്ധിക്കണം. അതിനനുസരിച്ച നടപടികൾ കൈക്കൊള്ളണം.
തൊഴിലിടങ്ങളിലെ കാലാവസ്ഥ സംബന്ധമായ സാഹചര്യങ്ങൾ കൃത്യമായി പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.