വേനൽക്കാല ചർമസംരക്ഷണം; അറിയേണ്ടതെല്ലാം

ചൂടേറിയ മാസങ്ങളിലൂടെയാണ് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കടന്നുപോകുന്നത്. എന്നാൽ, പകൽ സമയങ്ങളിലെ കഠിനമായ ചൂടും സൂര്യപ്രകാശവും നിരവധി ചർമ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അമിതമായ വിയർപ്പ്, നിർജലീകരണം, കൊഴുപ്പുള്ള ചർമം എന്നിവയാണ് ഈ മാസങ്ങളിൽ കൂടുതലായി കണ്ടുവരാറുള്ള രോഗങ്ങൾ. എന്നാൽ, ഇത് കടലിലെ മഞ്ഞുമലയുടെ പുറത്ത് കാണുന്ന അഗ്രം പോലെ മാത്രമേയുള്ളൂ. ചുട്ടുപൊള്ളുന്ന സൂര്യപ്രകാശവും ചൂടേറിയ കാലാവസ്ഥയും ഇവ കൂടാതെ അനവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. സൂര്യാതപം (Sunburn), മുഖക്കുരു (acne), തടിപ്പ് (rashes), വരട്ടുചൊറി (eczema flare ups), വളംകടി (athlete's foot), മുടിയുടെയും രോമങ്ങളുടെയും വേരുകളിൽ കാണുന്ന ചുവന്ന തടിപ്പുകൾ (folliculitis), വരണ്ട/എണ്ണമയമുള്ള ചർമം എന്നിവയെല്ലാം വേനൽക്കാലങ്ങളിൽ ആളുകളെ അലട്ടുന്ന ചർമരോഗങ്ങളാണ്. വേനൽക്കാലത്ത് നിങ്ങളുടെ ചർമം സംരക്ഷിക്കാനും സൗന്ദര്യം നിലനിർത്താനും നിലനിർത്താനും ഡെർമറ്റോളജിസ്റ്റുകൾ എന്താണ് നിർദേശിക്കുന്നത്?

1) ധാരാളം വെള്ളം കുടിക്കൂ

നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇത് എപ്പോഴും ശരീരത്തിൽ തണുപ്പ് നിലനിർത്തുന്നതിനും ശരീരത്തിനകത്തുള്ള മാലിന്യം പുറന്തള്ളുന്നതിനും സഹായിക്കും. ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയിൽ ഏറ്റവും കുറഞ്ഞത് നാലുലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ കരിക്കുവെള്ളം, ഫ്രഷ് ജ്യൂസുകൾ, നാരങ്ങവെള്ളം എന്നിവ കുടിക്കുന്നത് ചർമസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ്.

2) എസ്.പി.എഫ് 30 അടങ്ങിയിട്ടുള്ള സൺക്രീമുകൾ

ഇപ്പോഴത്തെ കാലാവസ്ഥയിൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപത്തിനും വിവിധ ചർമരോഗങ്ങൾക്കും കാരണമായേക്കാം. ഇത് പ്രതിരോധിക്കുന്നതിനായി പുറത്തുപോകുന്നതിന് മുമ്പ് എസ്.പി.എഫ് 30 അടങ്ങിയ സൺ പ്രൊട്ടക്ഷൻ ക്രീമുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ നേരിട്ട് ഒരുപാട് സമയം സൂര്യപ്രകാശം ഏൽക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക. ഒപ്പം ഈ കനത്തചൂടിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി യു.വി സംരക്ഷണമുള്ള കണ്ണടകൾ ഉപയോഗിക്കുന്നതും ശീലമാക്കുക. ദിവസേന ഒരുപാട് സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യമാണെങ്കിൽ രണ്ടുമുതൽ മൂന്നുമണിക്കൂർ കൂടുമ്പോൾ സൺക്രീമുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

3) ആവശ്യാനുസരണം ചർമം മോയിസ്‌ട്രെസ്‌ ചെയ്യുക

വരണ്ട ചർമം പരിഹരിക്കാനും സ്വാഭാവിക മൃദുത്വം വീണ്ടെടുക്കാനും മോയിസ്‌ട്രെസ്‌ ചെയ്യുന്നത് വളരെ നല്ലതാണ്. ചർമത്തിന് ചുറ്റും സംരക്ഷണ കവചം സൃഷ്ടിക്കുകയും ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും. എന്നാൽ, അമിതമായാൽ അമൃതും വിഷം എന്നുപറയുന്നപോലെ അമിതമായി മോയിസ്‌ട്രെസ്‌ ചെയ്യുന്നത് കൂടുതൽ വിയർക്കുന്നതിനും അതുവഴി ചർമം കൂടുതൽ എണ്ണമയമാകുന്നതിനും മുഖക്കുരു, മറ്റു പാടുകൾ എന്നിവ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ ചർമത്തിന് യോജിച്ച മോയിസ്‌ട്രെസറുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെള്ളം അടങ്ങിയിട്ടുള്ള, ലൈറ്റ് മോയിസ്‌ട്രെസറുകൾ ഒരുവിധം എല്ലാതരത്തിലുള്ള ചർമമുള്ളവർക്കും ഉപയോഗിക്കാം. ഇതുതന്നെയാണ് ലോകത്തിൽ ഏറ്റവും കൂടുതലായി ആളുകൾ ഉപയോഗിക്കുന്നതും.

4) ഒരുപാട് മേക്കപ് ഇടരുത്

മേക്കപ് എല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നടക്കാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാൽ, നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കളെല്ലാം തന്നെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമാകണമെന്നില്ല. വേനൽക്കാലത്ത് ഉപയോഗിക്കുന്നവ നോൺ കോമഡോജെനിക് (ചർമത്തിലെ സുഷിരങ്ങൾ അടക്കാത്തവ) ആണെന്ന് ഉറപ്പുവരുത്തുക. പുറത്തിറങ്ങുമ്പോൾ എപ്പോഴും ലൈറ്റ് മേക്കപ്പും ഫൗണ്ടേഷനുകളും മാത്രം ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞ ഉടൻ അവ നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

5) ശുചിത്വം പാലിക്കുക

ദിവസേന കൃത്യമായി നിങ്ങളുടെ ചർമം ശുചീകരിക്കുക വഴി ഭൂരിഭാഗം ചർമരോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അതിനർഥം ദിവസവും ഒരുപാട് സമയമെടുത്ത് കുളിക്കണം എന്നല്ല മറിച്ച് ശരിയായി ചർമം വൃത്തിയാക്കുക, ഒപ്പം ആവശ്യത്തിന് മോയിസ്‌ട്രെസ്‌ ചെയ്യുകയും ചർമം വൃത്തിയായി പരിപാലിക്കുകയും ചെയ്യുക. ദിവസവും നിങ്ങളുടെ മുഖം നല്ല ഫേസ്‌വാഷ് ഉപയോഗിച്ച് കുറഞ്ഞത് രണ്ടുതവണയെങ്കിലും വൃത്തിയായി കഴുകുക. ചർമത്തിലെ മൃതകോശങ്ങളും അടഞ്ഞുപോയ അഴുക്കും നീക്കം ചെയ്യുന്നതിനായി ആഴ്‌ചയിൽ നാലുമുതൽ അഞ്ചുതവണ സ്‌ക്രബിങ്ങും ക്ലീനിങ്ങും നടത്താമെന്നും ഡെർമറ്റോളജിസ്റ്റുകൾ നിർദേശിക്കുന്നു. അതിനുശേഷം വൈറ്റമിൻ സി സെറവും മോയിസ്‌ട്രെസറുകളും ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ആദ്യം ചർമത്തിലെ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുകയും തുടർന്ന് ശരീരഭാഗങ്ങളിൽ കറുത്തപാടുകൾ വരുന്നത് തടയുകയും ചെയ്യും.

6) നല്ല ഭക്ഷണക്രമം അഭികാമ്യം

ചർമത്തിന്റെ പരിരക്ഷണത്തിനായി എല്ലായ്‌പ്പോഴും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണക്രമം പാലിക്കണം. വേനൽക്കാലത്ത് തിളക്കമുള്ളതും മൃദുലവുമായി ചർമം കാത്തുസൂക്ഷിക്കുന്നതിന് ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്, ഓയിൽ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം ആവശ്യമാണ്. ഒപ്പം കൊഴുപ്പുള്ളതും എണ്ണമയമുള്ളതും അനാരോഗ്യകരവുമായ ജങ്ക് ഫുഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും വേണം.

വേനൽക്കാല ചർമസംരക്ഷണം; അറിയേണ്ടതെല്ലാം

സൂര്യാതപം: സൂര്യാതപം അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് സൂര്യപ്രകാശത്തിൽനിന്ന് മാറിനിൽക്കുകയും ഹൈഡ്രോകോർട്ടിസോൺ ഓയിൻമെന്റ് അല്ലെങ്കിൽ ആൽക്കഹോൾ ഇല്ലാത്ത മോയ്സ്ചറൈസർ, ബാധിച്ച ശരീരഭാഗത്ത് പുരട്ടുകയും ചെയ്യുക.

മുഖക്കുരു: സാലിസിലിക് ആസിഡ് അടങ്ങിയിട്ടുള്ള ക്ലെൻസർ ഉപയോഗിച്ച് മുഖക്കുരു പരിഹരിക്കാം.

തടിപ്പ്: കറ്റാർ വാഴ ജെൽ ഉപയോഗിച്ച് ചൂടുകാരണമുള്ള തടിപ്പ് ഒരു പരിധിവരെ തടയാം.

മുടിയുടെയും രോമങ്ങളുടെയും വേരുകളിൽ കാണുന്ന ചുവന്നനിറത്തിലുള്ള കുരു: ഇവ ശരീരത്തിൽ അസഹ്യമായ ചൊറിച്ചിലിന് കാരണമായേക്കാം. ആൻറി ബാക്ടീരിയൽ ലോഷൻ ഉപയോഗിച്ച് ചികിത്സിക്കാം.

വളംകടി: കാലുകളിലും ഷൂസിനുള്ളിലും ആന്റിഫംഗൽ പൗഡർ പുരട്ടുന്നതിലൂടെ ഈ അസുഖം നിയന്ത്രിക്കാം. കറ്റാർ വാഴ ജെൽ, നാരങ്ങ, തക്കാളി തുടങ്ങിയ വീട്ടുവൈദ്യം ഉപയോഗിച്ച് വേനൽക്കാലത്ത് നിങ്ങളുടെ ചർമത്തെ ബാധിക്കുന്ന ചില അസുഖങ്ങൾ സുഖപ്പെടുത്താൻ സാധിക്കും.എന്നിരുന്നാലും, ചർമരോഗങ്ങൾ ഒരുപാട് ദിവസം നീണ്ടുനിൽക്കുകയോ അസാധ്യമാവുകയോ ചെയ്‌താൽ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. അവർക്ക് യഥാർഥ കാരണം എളുപ്പത്തിൽ കണ്ടെത്താനും കൃത്യമായ ചികിത്സ നിർദേശിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യകരവും മനോഹരവുമായ ചർമം വീണ്ടെടുക്കാൻ സഹായിക്കാനും സാധിക്കും. ഏവർക്കും ചർമരോഗങ്ങളില്ലാത്ത ഒരുനല്ല വേനൽക്കാലം ആശംസിക്കുന്നു.

Tags:    
News Summary - Summer skin care; Everything you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.