എ.എഫ്.സി ഏഷ്യൻ കപ്പിൽ ഗ്രൂപ് എഫിൽ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തായ്ലൻഡ് കിർഗിസ്താനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടു ഗോളുകളും നേടിയത് സൂപ്പർതാരം സൂപചായ് ആയിരുന്നു.
വടക്ക് കിഴക്കനേഷ്യൻ രാജ്യമായ തായ്ലൻഡിന്റെ സ്ട്രൈക്കറായി തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഈ 25കാരൻ. 2018 മുതൽ സീനിയർ ടീമിൽ ഇടം നേടിയ താരം 32 മത്സരങ്ങളിൽനിന്നായി ഏഴ് ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.
1998ൽ ജനിച്ച സൂപചായ്, 2014-2016 വർഷങ്ങളിൽ പടുംകോംഗ സ്കൂളിനായി പന്തുതട്ടിക്കൊണ്ടാണ് ഫുട്ബാളിൽ തുടങ്ങുന്നത്. 2016ൽ സീനിയർ പ്രഫഷനൽ ഫുട്ബാളിൽ ബൂട്ട് കെട്ടിയ താരം 20 മത്സരങ്ങളിൽനിന്ന് ഒരു ഗോളാണ് നേടിയത്. 2007 മുതൽ തായ്ലൻഡ് ഫസ്റ്റ് ഡിവിഷൻ ടീമായ ബുറിറാം യുനൈറ്റഡിനായി കളിക്കുന്ന സൂപചായ്, 175 മത്സരങ്ങളിൽനിന്ന് 51 ഗോളുകളാണ് നേടിയത്. തായ്ലൻഡ് അണ്ടർ 19, അണ്ടർ 23 ടീമുകളിലൂടെയാണ് സൂപചായ് ദേശീയ ടീമിലിടം നേടുന്നത്. ബുറിറാം യുനൈറ്റഡിനെ 2017, 2018, 2021-2022, 2022-2023 സീസണുകളിൽ ദേശീയ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും സൂപചായ് നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സീസണിൽ തായ് ലീഗിലെ ടോപ്സ്കോററായിരുന്നു.
2019ൽ യു.എ.ഇ ആതിഥേയത്വം വഹിച്ച എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ തായ്ലൻഡ് ടീമിലിടം നേടുകയും ചൈനക്കെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. അന്ന് ഗ്രൂപ്പിൽ ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളോടെല്ലാം സൂപചായിന്റെ ടീം പരാജയപ്പെടുകയും പുറത്ത് പോകുകയും ചെയ്തു.താരതമ്യേന മികച്ച കളി പുറത്തെടുക്കുന്ന ഒമാനെതിരെയാണ് തായ്ലൻഡിന്റെ അടുത്ത മത്സരം. സ്ട്രൈക്കറായി തിളങ്ങുന്ന സൂപചായിൽതന്നെയാണ് ടീമിന്റെ പ്രതീക്ഷ.
ഇന്നത്തെ കളികൾ
ഇറാഖ് x ജപ്പാൻ 2.30pm (എജുക്കേഷൻ സിറ്റി സ്റ്റേഡിയം)
വിയറ്റ്നാം x ഇന്തോനേഷ്യ 5.30pm (അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം)
ഹോങ്കോങ്ങ് x ഇറാൻ 8.30pm (ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയം)
ഇന്ത്യ-ഉസ്ബെസ്ക്കിസ്ഥാൻ മത്സരത്തിനിടെ ഗ്യാലറിയിലെ കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.