ദോഹ: കളിയും കാര്യവും തമാശയുമെല്ലാം നിറഞ്ഞൊരു ഫുട്ബാൾ മത്സരം. സമൂഹമാധ്യമ താരം ചങ്ക്സ് നയിച്ച സംഘത്തിൽ പന്തുതട്ടിയത് സ്പെയിനിനും വലൻസിയക്കും ബാഴ്സലോണക്കുമായി ഗോളുകളടിച്ചുകൂട്ടിയ ഡേവിഡ് വിയ്യ. വിങ്ങിലൂടെ പന്തെത്തിക്കാൻ ചെൽസിയുടെ ബെൽജിയം സൂപ്പർതാരമായി ആരാധകരുടെ ഇഷ്ടമായ എഡൻ ഹസാഡും, ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസുമെല്ലാം.
ഒപ്പം, സമൂഹമാധ്യമങ്ങളിലെ താരങ്ങളും ഫ്രീ സ്റ്റൈൽ മിടുക്കരും. കളി പറഞ്ഞുകൊണ്ട് ടച്ച് ലൈനിനു പുറത്ത് ആഴ്സൻ വെങ്ങറുടെ തന്ത്രങ്ങൾ. ടീം അബൂഫ്ലാഹ് എന്ന പേരിൽ അണിനിരന്ന മറുപകുതിയെ നയിച്ചത് ഐവറി കോസ്റ്റിന്റെ സൂപ്പർ താരം ദിദിയർ ദ്രോഗ്ബ, ബ്രസീലിന്റെ േപ്ല മേക്കർ കിങ് കക്കാ, ഒപ്പം ക്ലോഡ് മക് ലേലെ, ഖത്തരി മുൻ താരം ആദിൽ ഖാമിസും മറ്റുമെല്ലാം.
കളിതന്ത്രം മെനയാൻ സൂപ്പർ കോച്ച് അന്റോണിയോ കോന്റെ കൂടിയായതോടെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിറഞ്ഞ 34,000 ത്തോളം ആരാധകർക്ക് വേറിട്ടൊരു ഫുട്ബാൾ വിരുന്നായി വെള്ളിയാഴ്ച രാത്രി ഒരുങ്ങിയത്.
ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനു വേണ്ടിയായിരുന്നു ലോകകപ്പ് വേദിയിൽ വേറിട്ടൊരു പ്രദർശന മത്സരമൊരുക്കിയത്. കളികളുടെ പങ്കാളിത്തവും താരസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ മത്സരം, സാമ്പത്തിക നേട്ടത്തിലും പ്രതീക്ഷകൾ തെറ്റിച്ചു.
ടിക്കറ്റ് വിൽപനയും, സംഭാവനയും സ്പോൺസർഷിപ്പും വഴി 10 ലക്ഷം ഡോളർ ലക്ഷ്യമിട്ടായിരുന്നു ‘മാച്ച് ഫോർ ഹോപ്’ പ്രദർശന മത്സരം സംഘടിപ്പിച്ചതെങ്കിൽ കണ്ടെത്തിയത് പതിന്മടങ്ങ് തുകയായിരുന്നു. 88.49 ലക്ഷം ഡോളർ (3.23 കോടി റിയാൽ) ഇ.എ.എയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കായി ഒരു മത്സരത്തിലൂടെ കണ്ടെത്തി.
ഖത്തർ ഇന്റർനാഷനൽ മീഡിയ ഓഫിസ് സാംസ്കാരിക വിഭാഗമായി ക്യൂ ലൈഫ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇ.എ.എ മാച്ച് ഫോർ ഹോപ് സംഘടിപ്പിച്ചത്. മത്സരത്തിൽ ടീം ചങ്ക്സ് 7-5ന് ടീം അബൂ ഫ്ലാഹിനെ തോൽപിച്ചു.
ഇ.എ.എയുടെ മാലി, പാകിസ്താൻ, ഫലസ്തീൻ, റുവാണ്ട, സുഡാൻ, താൻസനിയ എന്നീ രാജ്യങ്ങളിലെ ഇ.എ.എയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് തുക ചെലവഴിക്കുന്നത്. അൽകാസ്, ബീൻ സ്പോർട്സ് ചാനലുകളും യൂട്യൂബും വഴി സംപ്രേഷണം ചെയ്ത മത്സരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരാധക ശ്രദ്ധയും നേടി.
ഫുട്ബാളിനൊപ്പം കാണികൾക്ക് ആസ്വദിക്കാനായി ഡി.ജെ, കലാകാരന്മാരുടെ പ്രകടനം തുടങ്ങിയവയും ഒരുക്കിയിരുന്നു. മിഡിലീസ്റ്റ്, അറബ് ലോകത്ത് ഏറെ പിന്തുണയുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരായി ചങ്ക്സ്, അബുഫ്ലാഹ് എന്നിവരാണ് ഇരു ടീമുകളെയും നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.