പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി

ജനത്തിന്​ മാനസികാരോഗ്യ അവബോധം കൂടിയെന്ന്​ സർവേ

ദോഹ: ഖത്തറിലെ ജനങ്ങൾക്കിടയിൽ മാനസികാരോഗ്യം സംബന്ധിച്ച അവബോധം വർധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തുവിട്ട ഖത്തർ നാഷനൽ മെൻറൽ ഹെൽത്ത് ആറ്റിറ്റ്യൂഡ്സ്​ ആൻഡ് അവയർനസ്​ സർവേ 2020ലെ പ്രാഥമിക കണ്ടെത്തലുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ സംബന്ധനമായ ബോധവത്​കരണം വളർത്തുന്നതിൽ ഖത്തർ നാഷനൽ മെൻറൽ ഹെൽത്ത് ആറ്റിറ്റ്യൂഡ്സ്​ ആൻഡ് അവയർനസ്​ സർവേ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു.

ഖത്തറിൽ കൂടുതൽ ആളുകളുടെ പ്രാതിനിധ്യത്തോടെയും പങ്കാളിത്തത്തോടെയും നടക്കുന്ന സർവേകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഇത് മൂന്നാം തവണയാണ് സർവേ സംഘടിപ്പിക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടെ 16നും 64നും ഇടയിൽ പ്രായമുള്ള 1100ലധികം പേരിൽനിന്ന്​ ശേഖരിച്ച വിവരങ്ങളാണ് സർവേയിലുള്ളത്.

മാനസികാരോഗ്യം സംബന്ധിച്ച ബോധവത്​കരണം, വിവര കൈമാറ്റം, മാനസികാരോഗ്യം കൈവരിക്കുന്നതിനുള്ള പരിശീലനം എന്നിവയിലേക്ക് വെളിച്ചം വീശാനും സർവേക്ക് സാധിച്ചതായി ശൈഖ് ഡോ. മുഹമ്മദ് ആൽ ഥാനി വ്യക്തമാക്കി. സർവേ പ്രകാരമുള്ള കണ്ടെത്തലുകൾ ആരോഗ്യ സേവനം മെച്ചപ്പെടുത്താനും പൊതുസമൂഹവുമായുള്ള ആശയവിനിമയം വിശാലമാക്കാനും മന്ത്രാലയത്തെ സഹായിക്കുന്നതോടൊപ്പം ഖത്തർ ജനതയുടെ സന്തോഷത്തിലും മാനസികാരോഗ്യത്തിലും അതിലുപരി ആരോഗ്യകരമായ ജീവിതത്തിലും മന്ത്രാലയത്തിന് പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സർവേയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ സംബന്ധമായി കൂടുതൽ ബോധവത്​കരണം നടത്താൻ സാധിച്ചുവെന്ന സർവേയുടെ പ്രാഥമിക കണ്ടെത്തൽ ശുഭപ്രതീക്ഷ നൽകുന്നാണ്. 2018ൽ നടത്തിയ സർവേ പ്രകാരം 52 ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ മാനസികാരോഗ്യ കാര്യങ്ങളിൽ ബോധവാന്മാരെങ്കിൽ, ഈ വർഷം നടത്തിയ സർവേയിൽ പങ്കെടുത്ത 77 ശതമാനം (മൂന്നിലൊന്ന്) പേരും മാനസികാരോഗ്യ കാര്യങ്ങളിൽ ബോധവാന്മാരായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡി​​െൻറ പ്രത്യേക സാഹചര്യത്തിലടക്കം ജനങ്ങൾക്ക്​ മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിൽ രാജ്യത്തി​െൻറ ആരോഗ്യമേഖല വിജയിച്ചുവെന്നാണ്​ സർവേ ഫലം വ്യക്​തമാക്കുന്നത്​.

കോവിഡ്​ സാഹചര്യത്തിൽ മാനസിക​ പ്രയാസമനുഭവിക്കുന്നവർക്കുവേണ്ടി 16,000 എന്ന ടോൾഫ്രീ നമ്പറിൽ വിവിധ ഭാഷകളിൽ സേവനം നൽകുന്നുണ്ട്​. ആർക്കും ഈ നമ്പറിലേക്ക്​ വിളിച്ചാൽ കോവിഡുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള കൗൺസലിങ്​ അടക്കം ലഭ്യമാണ്​. ഖത്തറിലെ ആരോഗ്യ സുരക്ഷ സമ്പ്രദായങ്ങളില്‍ മാനസികാരോഗ്യത്തിന് വിശാലമായ സേവനങ്ങളാണ് അനുവദിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറയുന്നു. കഴിഞ്ഞ പതിറ്റാണ്ടിനെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ആരോഗ്യ സംരക്ഷണ വിഭാഗം നേടിയിരിക്കുന്നത്​. മാനസികാരോഗ്യ സേവനങ്ങളുടെ വിഭാഗത്തി​െൻറ വ്യാപനം വളര്‍ച്ചയുടേയും വികസനത്തി​െൻറയും പ്രധാന സംഗതിയായി കാണാവുന്നതാണ്. ഖ​ത്ത​ർ ദേ​ശീ​യ ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഏ​ഴ് പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ന​സി​കാ​രോ​ഗ്യ​മെന്നും മന്ത്രി പറയുന്നു.

അൽ വജബ ഹെൽത്ത് സെൻററിൽ പുതിയ സമഗ്ര മാനസികാരോഗ്യ ക്ലിനിക്കിന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ കഴിഞ്ഞ വർഷം​ തുടക്കം കുറിച്ചിരുന്നു​. അൽ തുമാമ, ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെൻററുകൾക്കുശേഷം ഇത് മൂന്നാമത് മാനസികാരോഗ്യ ക്ലിനിക്കാണ് അൽ വജബയിൽ പ്രവർത്തിക്കുന്നത്​. മാനസികാരോഗ്യ മേഖലയിൽ സമഗ്രമായ രോഗ പരിരക്ഷയും ചികിത്സയും പരിശോധനയും മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള എല്ലാ രോഗികൾക്കും സേവനങ്ങൾ ലഭ്യമാണ്​. സൈക്കളോജിക്കൽ ഇൻറർവെൻഷൻ, മെഡിക്കേഷൻ മാനേജ്മെൻറ്, സെൽഫ് മാനേജ്മെൻറ്, കൂടെയുള്ളവർക്കാവശ്യമായ നിർദേശങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് ലഭിക്കും.അമിതമായ ഉത്​കണ്ഠ, മാനസിക സമ്മർദം, സൈക്കോസിസ്​, ഒബ്സെസിവ്- കംപൾസിവ് ഡിസോർഡർ തുടങ്ങിയ ഏത് മാനസിക പ്രശ്​നങ്ങൾക്കും ഇവിടെ ചികിത്സ ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.