ദോഹ: കൊതിയൂറുന്ന ചോക്ലറ്റുകൾ നിർമിക്കാൻ മിടുക്കരാണോ നിങ്ങൾ. എങ്കിൽ, ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രനിമിഷത്തിൽ പങ്കാളിയാവാൻ അവസരമുണ്ട്. ലോകകപ്പ് വേദികളിലും സ്റ്റേഡിയങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന ചോക്ലറ്റുകളിൽ നിങ്ങളുടെ രുചിപ്പെരുമയും ഇടംപിടിക്കാമെന്നാണ് വാഗ്ദാനം. ആസ്പയർ കതാറ ഹോസ്പിറ്റാലിറ്റിയാണ് പ്രാദേശിക ചോക്ലറ്റ് നിർമാതാക്കളിൽനിന്ന് ലോകകപ്പിന്റെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചത്.
മിഡ്ൽ ഈസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പിന്റെ ഭാഗമാവുക മാത്രമല്ല, അതുവഴി ഭാവി ബിസിനസ് അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരവുമുണ്ടാവും. വീട്ടുകളിൽനിന്ന് ചോക്ലറ്റുകൾ നിർമിക്കുന്നവർക്കുള്ള അസുലഭ അവസരമാണിതെന്ന് ആസ്പയർ കതാറ ഹോസ്പിറ്റാലിറ്റി വക്താവ് അറിയിച്ചു.
ചോക്ലറ്റ് നിർമാതാക്കൾ അവരുടെ ഉൽപന്നത്തിന്റെ സാമ്പ്ൾ വിശദമായ വിവരണത്തോടെ പരിശോധനക്കായി നൽകണം. കമ്പനിയുടെ വിവരങ്ങൾകൂടി ആവശ്യമാണ്. രജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള സാധുവായ സർക്കാർ അനുമതികൾ വിതരണക്കാരന്റെ കൈവശമുണ്ടെന്ന് ഉറപ്പാക്കി ഉൽപന്നത്തിന്റെ വിപണനശേഷിയും വിലയും അധികൃതർ വിലയിരുത്തും. മികവ് തെളിയിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ചോക്ലറ്റ് ഉൽപാദകർക്ക് ലോകകപ്പിന്റെ ചരിത്രമുഹൂർത്തത്തിൽ തങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയും.
താൽപര്യമുള്ള ചോക്ലറ്റ് നിർമാണ കമ്പനികൾക്ക് 4449 4658 , 5025 5052 നമ്പറുകളിലോ sghardadou@akh.com.qa എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം. ലോകകപ്പ് സംഘാടകരുടെയും ആസ്പയർ കതാറയുടെയും സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.