ദോഹ: യോഗ്യരായ അധ്യാപകരെ പ്രാദേശികമായിതന്നെ റിക്രൂട്ട് ചെയ്യുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ടീച്ചേഴ്്സ് അഫയേഴ്്സ് വിഭാഗം മേധാവി അഹ്മദ് ജുമാ അൽ ജിസൈമാനി പറഞ്ഞു. ഓരോ അധ്യയന വർഷത്തിലും നിരവധി അധ്യാപകരുടെ ഒഴിവുകളാണ് ഖത്തറിലുള്ളത്. പുതിയ സ്കൂളുകളും അധിക ക്ലാസ് റൂമുകളും അനുവദിക്കുന്നതാണ് ഇതിനു കാരണമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ജിസൈമാനി വ്യക്തമാക്കി.
പ്രാദേശികമായ റിക്രൂട്ട്മെൻറ് പ്രധാനമായും ഖത്തർ യൂനിവേഴ്സിറ്റിയുമായി ചേർന്നാണ് നടത്തുന്നത്. മന്ത്രാലയത്തിലേക്ക് അധ്യാപകരെ നൽകുന്നതിലെ പ്രധാന േസ്രാതസ്സ് യൂനിവേഴ്സിറ്റിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ യൂനിവേഴ്സിറ്റിയിലെ എജുക്കേഷൻ കോളജിൽനിന്നും വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ ലഭിക്കുന്നത്. ഏറ്റവും മികച്ച, യോഗ്യരായ അധ്യാപകരെയാണ് ഓരോ വർഷവും കോളജിൽനിന്നും റിക്രൂട്ട് ചെയ്യുന്നത്. ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയവുമായി ചേർന്നാണ് റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തിയാക്കുന്നത്. തൊഴിൽ മന്ത്രാലയം പുതുതായി സ്ഥാപിച്ച് വെബ് പോർട്ടൽ അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിന് ഉദ്യോഗാർഥികൾക്ക് സഹായമാകുന്നു. അൽ ജിസൈമാനി വിശദീകരിച്ചു. അതേസമയം, യോഗ്യരായ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനായി ടീച്ച് ഫോർ ഖത്തർ പ്ലാറ്റ്ഫോമും മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ടെന്നും ടീച്ചേഴ്സ് അഫയേഴ്സ് വിഭാഗം മേധാവി പറഞ്ഞു.
അതേസമയം, രാജ്യത്ത് വരുംവർഷങ്ങൾ കൂടുതൽ സ്വകാര്യസ്കൂളുകൾ തുറക്കുമെന്ന് അധികൃതർ പറയുന്നു. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസമന്ത്രാലയത്തിെൻറ അഞ്ചുവർഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യസ്കൂളുകളെ എണ്ണം അഞ്ചൂറിലധികമാകും. പദ്ധതി പ്രകാരം ഇരുനൂറിലധികം സ്വകാര്യസ്കൂളുകൾ നിർമിച്ചുകഴിഞ്ഞു. നിലവിൽ സ്വകാര്യമേഖലയിൽ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ആകെ 200,782 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40,650 ഖത്തരി വിദ്യാർഥികളാണ്. സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിച്ച് നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനാണ് അഞ്ചുവർഷ പദ്ധതി നടത്തുന്നത്.
പുതിയ സ്കൂളുകൾ തുടങ്ങാനായി നിക്ഷേപകർക്കും സംരംഭകർക്കും അവസരമൊരുക്കാൻ എല്ലാ വർഷവും നവംബർ ഡിസംബർ മാസങ്ങളിൽ മന്ത്രാലയം രജിസ്ട്രേഷൻ നടപടികൾ തുടങ്ങാറുണ്ട്. വിവിധ സമൂഹങ്ങൾക്കായുള്ള സ്കൂളുകൾക്കുവേണ്ടി സ്ഥലം നൽകുകയും ചെയ്യുന്നുണ്ട്. 2018ൽ പുതിയ സ്കൂളുകൾ നിർമിക്കാൻ 11 ഇടത്താണ് സ്ഥലം നൽകിയിരിക്കുന്നത്. ആവശ്യമായ പാഠ്യപദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. അൽവക്റയിലും അൽഖോറിലുമായി ഇന്ത്യൻ, ഈജിപ്ഷ്യൻ, ബ്രിട്ടീഷ്, ദേശീയ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്കായാണ് നാല് സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നത്.
ഓരോ പ്രദേശത്തിെൻറയും ആവശ്യകത മുൻനിർത്തിയാണ് ഭൂമി അനുവദിക്കുന്നത്. ചില പ്രവാസിസമൂഹങ്ങൾക്കായി കൂടുതൽ സീറ്റുകൾ ആവശ്യമായി വരുന്നുണ്ട്. ഇൗ സാഹചര്യം മൂലമാണ് മന്ത്രാലയം അഞ്ചുവർഷ പദ്ധതി ആരംഭിച്ചതും നിക്ഷേപകരുടെ സഹായത്തിൽ പുതിയ സ്കൂളുകൾ തുടങ്ങുന്നതും. 2022 ഫിഫ ലോകകപ്പ്, 2030 ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ കായികമേളകളുമായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതൽ വിദ്യാഭ്യാസ സീറ്റുകൾ ആവശ്യമായി വരുമെന്നും അധികൃതർ പറയുന്നു.
ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെത്തുന്ന ലോകത്തിലെ പ്രധാനരാജ്യങ്ങളിലുള്ളവർക്ക് അനുയോജ്യമായ 30 പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകൾ ഖത്തറിലുണ്ട്. തുർക്കിഷ്, ജാപ്പനീസ്, ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ് പാഠ്യപദ്ധതി അടക്കമാണിത്. പുതിയ സ്കൂളുകൾ വരുന്നതോടെ അധ്യാപകരുടേതടക്കം പുതിയ തൊഴിൽ അവസരങ്ങൾ കൂടിയാണ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.