ദോഹ: ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങളോടെ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) സംഘടിപ്പിച്ച അധ്യാപകദിന ആഘോഷം ശ്രദ്ധേയമായി. തുമാമയിലെ അമേരിക്കൻ സ്കൂൾ ഓഫ് അക്കാദമിയിലെ അറ്റ്ലൻ സ്പോർട്സ് ഹാളിൽ നടന്ന പരിപാടിയിൽ 200ഓളം അധ്യാപകർ പങ്കെടുത്തു. ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഇ.പി. അബ്ദുൽ റഹ്മാൻ അധ്യാപകദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ 19 ഇന്ത്യൻ സ്കൂളിൽനിന്നുള്ള അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകർക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇന്ത്യൻ സ്പോർട്സിന്റെ ആഘോഷ പരിപാടി ആസൂത്രണം ചെയ്തത്.
അധ്യാപകരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ് മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും നടത്തി. ഫുട്ബാൾ, വടംവലി, ത്രോബാൾ എന്നിവ ടീം മത്സരങ്ങളായും മ്യൂസിക്കൽ ചെയർ, ലെമൺ ആൻഡ് സ്പൂണ് റൈസ്, പെനാൽറ്റി കിക്ക്, ബാസ്കറ്റ്ബാൾ ത്രോ എന്നിവ വ്യക്തിഗത മത്സരങ്ങളായും നടന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മത്സരങ്ങൾ ഈ രീതിയിൽ ക്രമീകരിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ഒരേ സ്കൂളിലെ അധ്യാപകർതന്നെ വ്യത്യസ്ത ഗ്രൂപ്പുകളായി പരസ്പരം മത്സരിച്ചപ്പോൾ അത്യന്തം ആവേശകരമായി. സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോഓഡിനേറ്റിങ് ഓഫിസറുമായ സച്ചിൻ ദിനകർ ശങ്ക്പാൽ എന്നിവർ അതിഥികളായി.
ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.സി.സി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, അപെക്സ് ബോഡി ഭാരവാഹികളായ മോഹൻ കുമാർ, എബ്രഹാം ജോസഫ്, കെ.വി ബോബൻ, മുഹമ്മദ് കുഞ്ഞി, സറീന അഹദ്, കമ്യൂണിറ്റി നേതാക്കൾ, സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള സ്കൂളിനും അംഗീകാരം ലഭിച്ചു.
സ്കൂളുകളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ മത്സരങ്ങൾ നിയന്ത്രിച്ചു. ഐ.എസ്.സി വൈസ് പ്രസിഡൻറ് ജോൺ ദേശാ, ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, എം.സി അംഗങ്ങളായ ശാലിനി തിവാരി, തൃപ്തികാല, പുരുഷ്, ദീപേഷ് ഗോവിന്ദൻകുട്ടി, ദീപക് ചുക്കാല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.