ദോഹ: നിര്‍മാണ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോണ്‍ടെക് എക്സ്പോക്ക് ഖത്തർ വേദിയൊരുക്കുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 16, 17, 18 തീയതികളിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘കോൺടെക് എക്സ്പോയിൽ’ ലോകത്തിലെ ടെക്നോളജി ഭീമന്മാർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയം, കമ്യൂണിക്കേഷന്‍ ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വാവെ, ഐ.ബി.എം തുടങ്ങി ടെക് ലോകത്തെ വമ്പന്മാരെല്ലാം ഭാഗമാകും.
ആഗോള ഭീമന്മാർ മുതൽ ചെറു സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 250 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്. 60ലേറെ വിദഗ്ധര്‍ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഒമ്പത് പാനൽ ചർച്ചകളും നടക്കും. 24 രാജ്യങ്ങളിൽനിന്നാണ് വിവിധ കമ്പനികളുടെ പവലിയനുകൾ പ്രദർശനത്തിൽ ഒരുക്കുന്നത്.
മൂന്ന് ദിവസത്തെ എക്സ്പോയിലേക്ക് 15,000ത്തിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രീ ഡി പ്രിന്റിങ്, റോബോട്ടിക്സ്, ഡ്രോണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ നിര്‍മാണ മേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാകും കോണ്‍ടെക്. ഇത്തരത്തിലൊരു ആദ്യ പ്രദർശനത്തിനാണ് ഖത്തർ വേദിയൊരുക്കുന്നത്.
വമ്പൻ കമ്പനികൾക്കു പുറമെ, നിർമാണ മേഖലയിലെയും ചെറുകിട മേഖലയിലെയും പ്രഗല്ഭർ, വിതരണക്കാർ, വ്യവസായിക പ്രമുഖർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും.
സാങ്കേതിക-നിർമാണ മേഖലകളിലെ വമ്പൻ കമ്പനികളെ ഒരു വേദിയിലേക്ക് ആകർഷിക്കാനുള്ള അവസരമാണ് ‘കോൺടെക്യൂ’ എന്ന് സംഘാടകസമിതി മേധാവിയും അഷ്ഗാൽ ടെക്നിക്കൽ ഓഫിസ് മാനേജറുമായ എൻജി. സലീം അൽ ഷാവി പറഞ്ഞു.
നിർമാണമേഖല കൂടുതൽ സാങ്കേതിക മികവോടെ മെച്ചപ്പെടുത്താനും, വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കാനുമുള്ള വേദിയായി പ്രദർശനം മാറും. വാർത്താസമ്മേളനത്തിൽ ‘കോൺടെക്’ ഭാഗ്യചിഹ്നവും പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയം നേതൃത്വത്തിൽ സ്കൂളുകൾക്കിടയിൽ നടത്തിയ മത്സരത്തിലൂടെയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.