ദോഹ: കടുത്ത ചൂടുകാലം മാറി തണുപ്പ് കാലത്തെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിലെ കലാ, സാംസ്കാരിക വേദികളും ഉണരുന്നു. വേനലവധിക്കാലവും കഴിഞ്ഞ് പുതു സീസണിനെ വരവേൽക്കാനൊരുങ്ങുന്ന നാട്ടിൽ വിവിധ കലാകായിക വിരുന്നുകളാണ് ഈ മാസം മുതൽ കാത്തിരിക്കുന്നത്.
കലാ പ്രദർശനങ്ങൾ, സംഗീത പ്രകടനങ്ങൾ, കായിക ടൂർണമെന്റുകൾ തുടങ്ങിയവയുൾപ്പെടെ നിരവധി സാംസ്കാരിക, കലാ, വിനോദ പരിപാടികൾ സ്വദേശികളും താമസക്കാരും സന്ദർശകരുമുൾപ്പെടുന്ന പൊതുജനത്തിന് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
വിവിധ മേഖലകളിലുള്ള പങ്കാളികളുടെ സഹകരണത്തിലൂടെ എല്ലാ പ്രായക്കാർക്കും മികച്ചതും വൈവിധ്യവുമായ പരിപാടികളാണ് സെപ്റ്റംബർ മാസത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് ഖത്തർ ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽ ഓർഗനൈസിങ് വിഭാഗം മേധാവി ശൈഖ നൂർ അബ്ദുല്ല ആൽഥാനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഖത്തറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്കൂളും ഒന്നിലധികം തലമുറകളിലെ സ്ത്രീകളിൽ അതിന്റെ സ്വാധീനവും ചൂണ്ടിക്കാട്ടുന്ന ലിവാൻ ഡിസൈൻ സ്റ്റുഡിയോ ലാബിലെ പ്രദർശനമാണ് ഈ മാസത്തെ ശ്രദ്ധേയമായ പരിപാടികളിലൊന്ന്. അംന മഹ്മൂദ് അൽ ജൈദയും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് സ്ഥാപിച്ച ബനാത്ത് അൽ ദോഹ എന്ന സ്കൂളാണ് ഖത്തറിലെ ആദ്യത്തെ പെൺകുട്ടികൾക്കായുള്ള സ്ഥാപനം.
‘ഓണർ ദി പാസ്റ്റ്, ടു സെലിബ്രേറ്റ് ദി ഫ്യൂച്ചർ’ എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്.
മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ മുഹമ്മദ് മെലേഹി: എ ജെയന്റ് ഓഫ് പോസ്റ്റ് കൊളോണിയൽ ആർട്ട് ഇൻ മൊറോക്കോ എന്ന തലക്കെട്ടിൽ പ്രദർശനം തുടരുന്നു. അതേസമയം, ഇസ്തംബൂളിലെ അറ ഗുലർ മ്യൂസിയവും ഖത്തർ മ്യൂസിയവും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായി ഇസ് ലാമിക് ആർട്ട് മ്യൂസിയത്തിൽ ഇൻ ദ ഫൂട്ട്സ്റ്റെപ്സ് ഓഫ് അറ ഗുലർ: എക്സ്പ്ലോറിങ് ദി ഫോട്ടോഗ്രാഫേഴ്സ് ലെഗസി എന്ന പേരിൽ പ്രദർശനം തുടരുന്നുണ്ട്.
‘സ്പേസ് ആർട്ട് എക്സിബിഷൻ: കോസ്മിക് കാൻവാസ്’ എന്ന പേരിൽ ശാസ്ത്ര പ്രദർശനം കതാറയിലെ അൽ തുറായ പ്ലാനറ്റേറിയത്തിൽ സെപ്റ്റംബർ 20 വരെ നടക്കും. അതോടൊപ്പം സുഹൈൽ- ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് പ്രദർശനം സെപ്റ്റംബർ 10 മുതൽ 14 വരെ കതാറയിൽ നടക്കും.
വൈവിധ്യമാർന്ന പരിപാടികളുമായി ഗീക്കെൻഡ് സെപ്റ്റംബർ 12 മുതൽ 14 വരെ ഗീക്ക്ഡോം ലുസൈൽ ബൊളെവാഡിൽ നടക്കും.
സെപ്റ്റംബർ 16 മുതൽ 18 വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ കോൺടെക്യു എക്സ്പോ 2024ഉം ഡി.ഇ.സി.സിയിൽ 26 മുതൽ 28 വരെ ദോഹ ഇന്റർനാഷനൽ കോഫി പ്രദർശനവും നടക്കും.
ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ച് അൽ മർഖിയ ഗാലറി ഫയർ സ്റ്റേഷൻ ഗാലറിയിൽ സെപ്റ്റംബർ 17 മുതൽ നവംബർ ഏഴു വരെ ചിത്ര പ്രദർശനം നടത്തും.
ഖത്തർ, ഫലസ്തീൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള 50ലധികം കലാകാരന്മാരുടെ സൃഷ്ടികൾ ‘ഗസ്സക്ക് മുകളിലെ ആകാശം..’ എന്ന തലക്കെട്ടിൽ പ്രദർശിപ്പിക്കും.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സീലൈൻ ചലഞ്ചും ഈ മാസം നടക്കും. സെപ്റ്റംബർ 28ന് നടക്കുന്ന ചലഞ്ചിൽ വിവിധ ദൂരങ്ങളിലായി 400 മത്സരാർഥികളാണ് പങ്കെടുക്കുക.ക്യുടെർമിനൽസ് ഖത്തർ ക്ലാസിക് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ അഞ്ച് വരെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.