ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തിന് വൻതുടക്കം. അയൽരാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധം 300 ദിനങ്ങള്‍ പിന്നിട്ട പാശ്ചാത്തലത്തിലുള്ള അമേരിക്കൻ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് അമീര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാണെന്നും എല്ലാ മേഖലയിലും ഇത് തുടരുമെന്നും പരസ്പര താത്പര്യവിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോടലുമായുള്ള കൂടിക്കാഴ്ചയിലാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. േഫ്ലാറിഡയിലെ മാക്ഡില്‍ വ്യോമ താവളത്തിലെ ആസ്ഥാനത്താണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനിയും ഉന്നതതല പ്രതിനിധി സംഘവും സൈനിക ഉദ്യോഗസ്ഥരും അമേരിക്കയിലെ ഖത്തര്‍ എംബസിയിലെ പ്രതിരോധ അറ്റാഷെമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലഫ്റ്റനൻറ് ജനറല്‍ ചാള്‍സ് ബ്രൗണ്‍, സെൻട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ടെറി ഫെറാള്‍, ഇൻറലിജന്‍സ് ബ്രിഗേഡിയര്‍ ഡയറക്ടര്‍ ജനറല്‍ കാരന് ഗിബ്സണ് തുടങ്ങിയ മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് തിരിച്ചത്.
നാളെ അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം വാഷിങ്്ടണില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉഭയകക്ഷി സൈനിക ബന്ധവും സഹകരണവുമാണ് മാക്ഡില്‍ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. ഫെബ്രുവരില്‍ നടന്ന ആദ്യ ഖത്തര്‍ യു.എസ് തന്ത്രപ്രധാനമായ ഡയലോഗിലെ സുരക്ഷാ സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിെൻറ വെളിച്ചത്തിലായിരുന്നു ചര്‍ച്ചകള്‍. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും അമീറും സംഘവും യു.എസ് സൈനികരുമായി ചര്‍ച്ച ചെയ്തു.
ചര്‍ച്ചക്ക് ശേഷം അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്ഡിെൻറ സ്പെഷല്‍ ഓപറേഷന് കാമാന്‍ഡ് കേന്ദ്രം സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞു. ഭീകര വാദം നേരിടുന്നതിനും മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ഖത്തര്‍ നല്കുന്ന പിന്തുണക്ക് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അമീറിനെ നന്ദി അറയിച്ചു. അല്‍ ഉദൈദ് സൈനിക താവളവും ഖത്തര്‍ യു.എസ് സൈനിക സഹകരണവും ഭീകരവാദത്തെ നേരിടുന്നതില്‍ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. േഫ്ലാറിഡയിലെ താംപ സിറ്റിയില്‍ നിന്നാണ് അമീറിെൻറ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മിയാമിയിലേക്ക് തിരിച്ചു.
മിയാമിയില്‍ ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായും വ്യാപാര പ്രമുഖരുമായും അമീര്‍ ചര്‍ച്ച നടത്തി. ഖത്തർ–യു.എസ് സാമ്പത്തിക സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. ഖത്തർ ഉപരോധ വിഷയം സന്ദർശനത്തിൽ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേഖലയിലുമുള്ള എല്ലാ വിഷയങ്ങളും അമേരിക്കന്‍ നേതാക്കളുമായി അമീര്‍ ചര്‍ച്ച ചെയ്യും. ഫലസ്തീന് വിഷയം, സിറിയ, യമന്‍ പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളില്‍ ഖത്തറിെൻറ നിലപാട് അമീര്‍ അമേരിക്കയെ അറിയിക്കും. മിയാമിയില്‍ നിന്ന് വാഷിങ്ടണിലെത്തുന്ന അമീര്‍ അവിടെയും നിരവധി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.