ദോഹ: മതവിശ്വാസികൾക്കിടയിൽ, വിശിഷ്യ മുസ്ലിം യുവതയെ ലക്ഷ്യംവെച്ച് നിരന്തരം ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്ന നവനാസ്തിക തന്ത്രമാണ് ഇന്ന് ഇസ്ലാം വിമർശകർ മുസ്ലിംകൾക്കെതിരെ പ്രയോഗിക്കുന്നതെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ പറഞ്ഞു.
ലവ് ജിഹാദ്, ഹലാൽ ഭക്ഷണം, തീവ്രവാദം, ശൈശവ വിവാഹം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി മുസ്ലിം യുവാക്കളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുക എന്നതാണ് ലക്ഷ്യമെങ്കിലും ഓരോ വെല്ലുവിളിയും അതത് സമയങ്ങളിൽ തന്നെ കൃത്യമായി നേരിടാനും അതെല്ലാം ഓരോ അവസരമായി ഉപയോഗിക്കാനും മുസ്ലിം സംഘടിത നേതൃത്വത്തിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഇസ്ലാഹി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹുസൈൻ മടവൂർ. മക്കയിലും മൊറോക്കോയിലും നടന്ന ആഗോള ഇസ്ലാമിക ഉച്ചകോടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചുള്ള മടക്കയാത്രക്കിടെയാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ലക്ത ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സംഗമത്തിൽ പ്രസിഡന്റ് അക്ബർ ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീർ സലഫി സ്വാഗതവും വൈസ് പ്രസിഡന്റ് ഹാഫിസ് അസ്ലം പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചു. സെക്രട്ടറി മഅറൂഫ് മാട്ടൂൽ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.