ദോഹ: ബ്രിട്ടീഷ് ഭക്ഷ്യവിഭവങ്ങളും ഭക്ഷ്യശീലങ്ങളും പരിചയപ്പെടാനും ആസ്വദിക്കാനുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ബ്രിട്ടീഷ് ഭക്ഷ്യവാരത്തിന് തുടക്കമായി. ഖത്തറിലെ ബ്രിട്ടീഷ് എംബസിയുമായി സഹകരിച്ച് നടത്തുന്ന ഫുഡ് വീക്ക് അബുസിദ്ര ലുലു ഹൈപ്പർമാർക്കറ്റിൽ അംബാസഡർ ജൊനാഥൻ വിൽക്സ് ഉദ്ഘാടനം നിർവഹിച്ചു. ബ്രിട്ടീഷ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, മുതിർന്ന ജീവനക്കാർ, വ്യവസായ-ബിസിനസ് പ്രമുഖർ എന്നിവർ പങ്കെടുത്തു.
സവിശേഷമായ ഭക്ഷ്യമേള ആസ്വദിക്കാനും ഭക്ഷ്യവൈവിധ്യങ്ങൾ അറിയാനുമായി ഉപഭോക്താക്കളെ ബ്രിട്ടീഷ് ഫുഡ്ഫെസ്റ്റിലേക്ക് അംബാസഡർ സ്വാഗതം ചെയ്തു. വൈവിധ്യമാർന്ന ബ്രാൻഡുകൾക്കും ഉൽപന്നങ്ങൾക്കുമപ്പുറം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ വിപുലമായ ശേഖരംകൂടിയാണ് മേളയെന്ന് അദ്ദേഹം പറഞ്ഞു. 'എല്ലാ വർഷങ്ങളിലും മേളയുടെ ഭാഗമാവുന്നതാണെന്നും ഓരോ വർഷവും വിവിധ തുറകളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ വർഷവും കൂടുതൽ വിശേഷപ്പെട്ട പുതിയ ഉൽപന്നങ്ങളെത്തിക്കാൻ ലുലു ശ്രമിക്കുകയും ചെയ്യുന്നു' -അംബാസഡർ വിശദീകരിച്ചു.
കഴിഞ്ഞ 10 വർഷമായി ലുലുവിൽ നടക്കുന്ന ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റ്, ഇത്തവണ വീണ്ടും സംഘടിപ്പിക്കുമ്പോൾ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്‍റെ പ്ലാറ്റിനം ജൂബിലിയാണെന്ന സവിശേഷതകൂടിയുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഉയർന്ന ഗുണനിലവാരവും സുരക്ഷിതവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ എന്ന കാരണത്തിൽ ഇതിനകംതന്നെ ഉപഭോക്താക്കൾക്ക് ബ്രിട്ടീഷ് ഉൽപന്നങ്ങൾ പ്രിയങ്കരമായിരിക്കുന്നു.
ആ നിരയിലേക്ക് ആധുനികവും നൂതനവുമായ കൂടുതൽ ഭക്ഷ്യ ഉൽപന്നങ്ങൾ എത്തിക്കുകയാണ് ലുലു. അതുവഴി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആളുകളെയും പ്രോത്സാഹിപ്പിക്കുന്നു -ഡോ. മുഹമ്മദ് അൽതാഫ് വിശദീകരിച്ചു.
ഖത്തരി പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇടയിൽ ഏറെ സ്വീകാര്യത നേടിയ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റ് ജൂൺ മൂന്നുവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.