ക്യാമ്പിങ് സീസൺ മേയ് രണ്ടിന് അവസാനിക്കും

ദോഹ: മരുഭൂമിയിൽ ടെന്‍റ് കെട്ടിയും ക്യാമ്പ് ചെയ്ത് അവധി ആസ്വദിച്ചും മാസങ്ങളോളം നീണ്ടുനിന്ന 2021-22 ശൈത്യകാല കാമ്പിങ് സീസൺ മേയ് രണ്ടോടെ സമാപനമാവും. തണുപ്പ് മാറി, കാലാവസഥ ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് ക്യാമ്പിങ് സീസണിനും സമാപനമാവുന്നത്. 12 ദിവസത്തിനുള്ളിൽ ക്യാമ്പ് ഒരുക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളുമെല്ലാം നീക്കംചെയ്യണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിർദേശിച്ചു. മേയ് 14നുള്ളിൽ എല്ലാം നീക്കംചെയ്യാനാണ് ആവശ്യപ്പെട്ടത്. പെരുന്നാൾ അവധികൂടി ആഘോഷിച്ച് ക്യാമ്പിങ്ങിന് സമാപനം കുറിക്കാനാണ് നിർദേശം. 1626 ക്യാമ്പുകളാണ് സീസണിൽ രാജ്യത്തി‍െൻറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു കാമ്പിങ്ങ് സീസണിന് തുടക്കം കുറിച്ചത്. സുരക്ഷിതമായി ക്യാമ്പിങ് സീസൺ നടത്തുന്നതിനായി സഹകരിച്ച ആരോഗ്യ, സുരക്ഷ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പരിസ്ഥിതി മന്ത്രാലയം മേധാവികൾ നന്ദി അറിയിച്ചു. പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാനും ജീവജലാങ്ങളെയും ചുറ്റുപാടിനെയും സംരക്ഷിക്കാനുമായി ക്യാമ്പിങ് കാലയളവിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ അറിയിച്ചു.

കാമ്പുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം അറിയുന്നതിനായി ഫീഡ് ബാക്ക് എന്ന നിലയിൽ കാമ്പ് അംഗങ്ങളിൽ നിന്നുള്ള വിവര ശേഖരണത്തിനായി ഖത്തർ യൂനിവേഴ്സിറ്റിയുമായി ധാരണയിലെത്തിയതായും എല്ലാവരിൽ നിന്നും വിവരശേഖരണം നടത്തുമെന്നും അറിയിച്ചു. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ക്യാമ്പിങ് ഏരിയയിൽനിന്നും 395 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തതായും മാലിന്യ ശേഖരണത്തിനായി 305 കണ്ടെയ്നറുകൾ സ്ഥാപിച്ചതായും അറിയിച്ചു. 14ന് ശേഷം, പരിസ്ഥിതി മന്ത്രാലയത്തി‍െൻറ പ്രത്യേകസംഘം പരിശോധനകൾ നടത്തി, ക്യാമ്പിങ് വസ്തുക്കൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കും. 

Tags:    
News Summary - The camping season ends on May 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.