ദോഹ: ഖത്തർ ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ (ജി.എ.സി) കസ്റ്റംസ് ട്രെയിനിങ് സെൻറർ, റീജനൽ ട്രെയിനിങ് കേന്ദ്രമായി വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ (ഡബ്ല്യൂ.സി.ഒ). ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർ, റീജനൽ കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ജി.എ.സിയും ഡബ്ല്യൂ.സി.ഒയും തമ്മിൽ ഒപ്പുവെച്ചു. കസ്റ്റംസ് മേഖലയിൽ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം നൽകുന്നതിൽ റീജനൽ കേന്ദ്രം പ്രധാന പങ്കുവഹിക്കുമെന്നും വളരെ സുപ്രധാനമായ ചടങ്ങിനാണ് നാം സാക്ഷ്യംവഹിച്ചതെന്നും ജി.എ.സി ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു. മേഖലയിലെ കസ്റ്റംസ് സംബന്ധമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും മാനവിക വിഭവശേഷി കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രാധാന്യത്തെയാണ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും ആഗോള വാണിജ്യമേഖല കൂടുതൽ വികസിച്ചുവെന്നും അതിനാൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും അഹമ്മദ് അൽ ജമാൽ കൂട്ടിച്ചേർത്തു. ഖത്തർ കസ്റ്റംസ് ട്രെയ്നിങ് സെൻറർ 2007ൽ സ്ഥാപിച്ചത് മുതലുള്ള നിരന്തര പരിശ്രമങ്ങളുടെയും തുടർനേട്ടങ്ങളുടെയും ഫലമാണ് റീജനൽ കേന്ദ്രമായി ഉയർത്തിയ അംഗീകാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതതല റീജനൽ ശിൽപശാലകളും പരിശീലന കോഴ്സുകളും സംഘടിപ്പിക്കുന്നതിൽ കേന്ദ്രത്തിന് വലിയ പരിചയസമ്പത്തുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ കസ്റ്റംസ്ട്രെയിനിങ് സെൻററിെൻറ നേട്ടത്തിൽ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. കുനിയോ മികുരിയ പ്രശംസ അറിയിച്ചു. ലോകത്തിൽ തന്നെ കസ്റ്റംസ് സംബന്ധമായ പ്രവർത്തനങ്ങളിൽ ഖത്തറിലെ റീജനൽ കേന്ദ്രം മാതൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.