ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രണ്ടു ദിവസത്തെ സ്പെയിൻ സന്ദർശനം ബുധനാഴ്ച പൂർത്തിയായി. ഇരു രാജ്യങ്ങൾക്കുമിടയിൽ നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചും, നയതന്ത്ര ബന്ധം ശക്തമാക്കിയുമായിരുന്നു സന്ദർശനം അവസാനിച്ചത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ അമീറിനെ മഡ്രിഡിലെ അഡോൽഫോ സുവാരസ് വിമാനത്താവളത്തിലെത്തി യാത്രയാക്കി.
ഖത്തറും സ്പെയിനും തമ്മിലെ നയതന്ത്ര ചരിത്രത്തിൽ നിർണായക നാഴികക്കല്ലാക്കി മാറ്റിയാണ് അമീറിന്‍റെ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയത്. ബുധനാഴ്ച അമീറിന്‍റെയും സ്പാനിഷ് പ്രധാനമന്ത്രി ഡോ. പെഡ്രോ സാഞ്ചസിന്‍റെയും സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ, നിയമ സഹകരണം, ആരോഗ്യ-മെഡിക്കൽ സയൻസ്, സാമ്പത്തിക മേഖല, സാങ്കേതിക മേഖല, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണ കരാറിൽ ഒപ്പു വെച്ചു. ഖത്തറിന്‍റെ വിവിധ മന്ത്രിമാരും, ഉദ്യോഗസ്ഥരും അതത് വകുപ്പുകളെ പ്രതിനിധീകരിച്ചു. ബുധനാഴ്ച ഫിലിപ് രാജാവും രാജ്ഞിയും ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയും പങ്കെടുത്തു. റോയൽ പാലസിലായിരുന്നു ഖത്തറിന്‍റെ രാഷ്ട്ര നേതാക്കൾക്കുള്ള ആദരവായി വിരുന്നൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.