ഹയ്യ കാർഡ് കാലാവധി നീട്ടൽ ടൂറിസം മേഖലക്ക് കരുത്തുപകരും

ദോഹ: ഹയ്യ കാർഡ് വഴി രാജ്യത്ത് പ്രവേശിക്കാനുള്ള കാലയളവ് ഒരു വർഷംകൂടി നീട്ടിയത് ഖത്തറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് ആക്കംകൂട്ടും. ലോകകപ്പ് ഫുട്ബാളിന്റെ അത്യുജ്ജ്വലമായ സംഘാടനത്തിനു പിന്നാലെ മഹാമേളക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് തിരിച്ചുപോയത്. ഇക്കഴിഞ്ഞ ജനുവരി 23ന് ഹയ്യ കാർഡിന്റെ കാലാവധി അവസാനിച്ചതോടെയാണ് ആരാധകർ തിരിച്ചുപോയത്. ഇവരിൽ കുടുംബത്തോടൊപ്പം അതിഥികളായി താമസിച്ചിരുന്നവരും ഉൾപ്പെട്ടിരുന്നു. ഇവർക്കെല്ലാം പ്രത്യേക ഫീസൊന്നും നൽകാതെ ഖത്തറിൽ തിരിച്ചെത്താനുള്ള അവസരംകൂടിയാണ് ഹയ്യ കാർഡിന്റെ കാലാവധി നീട്ടിയതിലൂടെ ലഭ്യമാകുന്നത്.

ഹയ്യ കാർഡിന്റെ സാധുത തിങ്കളാഴ്ച മുതൽ 2024 ജനുവരി 24 വരെ നീട്ടിയതിനൊപ്പം, വർഷത്തിൽ ഒന്നിൽകൂടുതൽ തവണ രാജ്യത്തേക്കു പ്രവേശിക്കാനും പുറത്തുപോകാനും കഴിയുന്ന മൾട്ടിപ്പ്ൾ എൻട്രിയാണ് ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തർ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് പ്രാധാന്യമേറുന്ന ടൂറിസം പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ശക്തി പകരും. ലോകകപ്പ് ആസ്വദിച്ച മണ്ണിൽ ഒരിക്കൽകൂടി തിരിച്ചെത്താൻ കൊതിക്കുന്ന ഒട്ടേറെ ആരാധകർക്ക് ഇത് വീണ്ടും ദോഹയിൽ പറന്നിറങ്ങാനുള്ള അവസരമൊരുക്കുകയാണ്. ഖത്തർ ടൂറിസം 2023ൽ പ്രതിദിനമെന്നോണം പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഖത്തർ ടൂറിസത്തി​ന്റെ ഇവന്റ് കലണ്ടറിൽ ഈ വർഷം മുന്നൂറിലേറെ ദിവസങ്ങളിലാണ് വിവിധങ്ങളായ പരിപാടികൾ അരങ്ങേറുന്നത്. ഇവക്കെല്ലാം സാക്ഷികളാകാനുള്ള അവസരംകൂടിയാണ് ഖത്തർ തുറന്നിടുന്നത്.

ലോകത്തി​ന്റെ സ്​പോർട്സ് സെന്ററായി രാജ്യത്തെ മാറ്റുന്നതടക്കമുള്ള കാര്യങ്ങളും ഖത്തർ മുന്നോട്ടുവെക്കുന്നുണ്ട്. ഈ വർഷത്തെ ഏഷ്യൻ കപ്പ് മത്സരങ്ങൾ അരങ്ങേറുന്നത് ദോഹയിലാണ്. ഹയ്യ കാർഡിന്റെ കാലാവധി നീട്ടിയതോടെ, വർഷാവസാനം നടക്കുന്ന ടൂർണ​മെന്റിന് സാക്ഷികളാകാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ആരാധകർക്ക് ഖത്തറിലെത്താനും വഴിയൊരുങ്ങും. ഹോട്ടൽ റിസർവേഷനോ അല്ലെങ്കിൽ ഓൺലൈൻ ഹയ്യ പോർട്ടലിലൂടെ അംഗീകരിച്ച കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒരുക്കുന്ന താമസത്തിനുള്ള അനുമതിയും ഹയ്യ കാലാവധി നീട്ടിയതിനൊപ്പമുള്ള വ്യവസ്ഥയിൽ ഉൾപ്പെടുത്തിയത് പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്കും അനുഗ്രഹമാകും. ഹയ്യ കാർഡ് ഉടമകൾക്ക് മൂന്നു കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ക്ഷണിക്കാൻ അനുവദിക്കുന്ന ‘ഹയ്യ വിത്ത് മീ’ ഫീച്ചർ ഏറെ ആകർഷകമാണ്. ഖത്തറിൽ താമസിക്കുന്നവർക്ക് കുടുംബങ്ങളെ ഇവിടെയെത്തിക്കാനുള്ള സുവർണാവസരംകൂടിയാണ് ഇതിലൂടെ ലഭ്യമാവുക.

നവംബർ ഒന്നുമുതൽ രാജ്യത്തേക്കുള്ള പ്രവേശനം ഹയ്യ കാർഡ് വഴി മാത്രമായി അധികൃതർ പരിമിതപ്പെടുത്തിയിരുന്നു. ഹയ്യ കാർഡ് അപ്രൂവലിനുശേഷം ലഭിക്കുന്ന എൻട്രി പെർമിറ്റാണ് ഖത്തറിലേക്കുള്ള യാത്രയിൽ ഹാജരാക്കേണ്ടിയിരുന്നത്. ഖത്തറിലേക്കുള്ള യാത്രക്കുമുമ്പായി ഹയ്യ ആപ്പിലെ എൻട്രി പെർമിറ്റ് വിശദമായി പരിശോധിക്കാനും യാത്രാതടസ്സങ്ങൾ ഒഴിവാക്കുന്നതിന് എൻട്രി പെർമിറ്റിലെ വിവരങ്ങളും പാസ്പോർട്ടിലെ വിവരങ്ങളും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ലോകകപ്പിലെ ഗ്രൂപ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ഡിസംബർ രണ്ടുമുതൽ ടിക്കറ്റില്ലാതെയും ആരാധകർക്ക് ഹയ്യ കാർഡിനായി അപേക്ഷിക്കാമായിരുന്നു. ഫാൻ ഹയ്യ ഐഡി കാർഡ് സ്വന്തമാക്കാനായി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരുന്നു. ആൻഡ്രോയ്ഡ്, ആപ്പിൾ സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഹയ്യ കാർഡ് ഉപയോഗിച്ചിരുന്നത്.

ഹ​യ്യ കാ​ർ​ഡ്: പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ൾ

• ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ഹ​യ്യ പോ​ർ​ട്ട​ലി​ലൂ​ടെ അം​ഗീ​ക​രി​ച്ച, കു​ടും​ബ​വു​മാ​യോ സു​ഹൃ​ത്തു​ക്ക​ളു​മാ​യോ ഉ​ള്ള താ​മ​സ​ത്തി​ന്റെ തെ​ളി​വ്

• ഖ​ത്ത​റി​ൽ എ​ത്തു​മ്പോ​ൾ മൂ​ന്ന് മാ​സ​ത്തി​ൽ കു​റ​യാ​ത്ത സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട്

• രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നേ​ടി​യി​രി​ക്ക​ണം

• മ​ട​ക്ക​യാ​ത്രാ ടി​ക്ക​റ്റ്

ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ

• ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മൂ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളെ​യോ സു​ഹൃ​ത്തു​ക്ക​ളെ​യോ വ​രെ ക്ഷ​ണി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ‘ഹ​യ്യ വി​ത്ത് മി’ ​ഫീ​ച്ച​ർ

• ഖ​ത്ത​റി​ലേ​ക്കു​ള്ള മ​ൾ​ട്ടി​പ്പ്ൾ എ​ൻ​ട്രി പെ​ർ​മി​റ്റ്

• രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നും ഇ-​ഗേ​റ്റ് സം​വി​ധാ​ന​ത്തി​ന്റെ ഉ​പ​യോ​ഗം

• പ്ര​ത്യേ​ക ഫീ​സ് ആ​വ​ശ്യ​മി​ല്ല

• 2022 ഫി​ഫ ലോ​ക​ക​പ്പ് സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച എ​ല്ലാ​ത​രം ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും മു​ക​ളി​ൽ പ​റ​ഞ്ഞ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​ണ്

Tags:    
News Summary - The extension of Hayya card validity will strengthen the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.