ദോഹ: ഏഷ്യകപ്പ് പൂരത്തിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് കളത്തിലിറങ്ങി കളി തുടങ്ങാം. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിലെ മത്സര ഫലങ്ങൾ നേരത്തേ പ്രവചിച്ച് വിജയികളായാൽ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ.
എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും എ.എഫ്.സി ലൈവ് ആപ്പും വഴി ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്ക് പങ്കെടുക്കാൻ കഴിയുംവിധമാണ് എ.എഫ്.സിയുടെ പ്രവചനമത്സരം ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ് റൗണ്ട് മുതൽ ഫൈനൽ വരെയുളള 51 മത്സരങ്ങളും ആരാധകർക്ക് പ്രവചിക്കാം.
പ്രവചന മത്സരം: ഏഴ് മാച്ച് ഡേ ആയാണ് പ്രവചനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജനുവരി 12 മുതൽ 16 വരെയാണ് മാച്ച് ഡേ ഒന്ന്. ഇതിൽ മത്സരങ്ങളും ഒരു ബൂസ്റ്റർ ഓപ്ഷനും നൽകുന്നു. ഗ്രൂപ് റൗണ്ടിൽ ഇങ്ങനെ മൂന്ന് മാച്ച് ഡേ ലഭ്യമാണ്.
ജനുവരി 17 മുതൽ 21വരെയും 22 മുതൽ 25 വരെയും. ഒാരോ മാച്ച് ഡേയിലും 12 മത്സരങ്ങളും ഓരോ ബൂസ്റ്റർ ഓപ്ഷനും ഉണ്ടാകും. പ്രീക്വാർട്ടർ (ജനുവരി 28-31) എട്ട് മത്സരങ്ങൾ. ക്വാർട്ടർ ഫൈനൽ (ഫെബ്രുവരി 2-3) നാലു മത്സരങ്ങൾ, സെമിഫൈനൽ (ഫെബ്രുവരി 6-7) രണ്ടു മത്സരങ്ങൾ എന്നിവയിലും ഓരോ ബൂസ്റ്റർ ഓപ്ഷൻ ലഭ്യമാണ്. ഫൈനലിന് ബൂസ്റ്റർ ഓപ്ഷനില്ല. മത്സരത്തിന്റെ കിക്കോഫ് വിസിൽവരെ പ്രവചിക്കാനും തിരുത്താനും അവസരമുണ്ട്. കിക്കോഫിന് മുമ്പായി പ്രവചന ബോക്സ് ലോക്കാകും. കളി കഴിഞ്ഞ് 90 മിനിറ്റിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കും.
പോയന്റുകൾ: ഗ്രൂപ് റൗണ്ടിൽ ഓരോ ശരിയായ പ്രവചനത്തിനും 10 പോയന്റു വീതം. ബൂസ്റ്റർ സ്വീകരിച്ച മത്സരത്തിന് ഇരട്ടി പോയന്റും ലഭിക്കും. നോക്കൗട്ടിൽ മാച്ച് റിസൽട്ട് ശരിയായാൽ 10 പോയന്റും ആദ്യം ആരു ഗോൾ നേടും എന്ന ബോണസ് ചോദ്യത്തിന് ഉത്തരം ശരിയായാൽ അഞ്ചു പോയന്റും ലഭിക്കും. ബൂസ്റ്റർ ഓപ്ഷന് ഇരട്ടി പോയൻറും ലഭിക്കും. ഓരോ മാച്ച് ഡേയിലും ഒരു ബൂസ്റ്റർ ഓപ്ഷനേ അനുവദിക്കൂ. വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻചെയ്ത് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
ടൂർണമെന്റിലുടനീളം നീണ്ടുനിൽക്കുന്ന പ്രവചനമത്സരത്തിൽനിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓരോ ഘട്ടത്തിലെയും പോയന്റ് ലീഡ് ചെയ്യുന്നവരെ ലീഡ് ബോഡിൽ സൂചിപ്പിക്കും.
ഓവറോൾ വിഭാഗത്തിൽ മൂന്നുപേരും ഗ്രൂപ് സ്റ്റേജിൽ ഓരോ മാച്ച് ഡേയിൽ നിന്നുമായി മൂന്ന് വിജയികളെയും തിരഞ്ഞെടുക്കും. നോക്കൗട്ടിൽ മൂന്ന് വിജയികളാണുണ്ടാകുക. ഇഷ്ട ടീമിന്റെ ഏഷ്യൻകപ്പ്- ലോകകപ്പ് യോഗ്യത മത്സര ടിക്കറ്റും യാത്രയും ഏഷ്യൻ കപ്പിന്റെ മാച്ച് ബാളുകൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.